Sorry, you need to enable JavaScript to visit this website.
Friday , August   12, 2022
Friday , August   12, 2022

ചാനലുകൾക്ക് വിലക്ക്; പ്രവാസ ലോകത്തും പ്രതിഷേധം


പേടിപ്പിച്ച് വരുതിയിലാക്കാൻ ശ്രമം -ഒ.ഐ.സി.സി

റിയാദ് - മീഡിയവൺ, ഏഷ്യനെറ്റ് ന്യൂസ് ചാനലുകൾക്ക് രണ്ടു ദിവസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും എത്രയും വേഗം വിലക്ക് പിൻവലിക്കണമെന്നും ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി. ദൽഹിയിൽ സംഭവിച്ച യഥാർത്ഥ കാര്യങ്ങൾ രണ്ടു ചാനലുകളും യാതൊരു ഭയവും കൂടാതെ പ്രേക്ഷകരിൽ എത്തിച്ചിരുന്നു. 
ഇതിനുപിന്നാലെ പേടിപ്പിച്ചു വാർത്ത ചാനലുകളെ സർക്കാരിന്റെ വരുതിയിലാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഒ.ഐ.സി.സി പ്രസ്താവനയിൽ പറഞ്ഞു.


നമ്മുടെ രാജ്യം എങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നതിന് തെളിവാണിത്. ഗവൺമെന്റിന്റെ വീഴ്ചകൾ തുറന്നു കാണിക്കുക എന്നത് ജനാധിപത്യ ബോധമുള്ള ഏതൊരു മാധ്യമ സ്ഥാപനത്തിന്റെയും ഉത്തരവാദിത്വമാണ്, അത് മാത്രമേ ഈ ചാനലുകൾ ചെയ്തിട്ടുള്ളൂ. ഇത് മറ്റുള്ളവർക്കും ഒരു താക്കീതായി നൽകാനാണ് ഫാസിസ്റ്റ് സർക്കാർ ശ്രമിക്കുന്നത്, എന്നാൽ ഇത് സർക്കാരിന് തിരിച്ചടിയാവുമെന്ന കാര്യത്തിൽ സംശയമില്ല. എതിർക്കുന്നവരെ ജയിലിലടക്കാനും അവരുടെ സ്ഥാപനങ്ങൾ അടച്ചുപൂട്ടി ഇല്ലാതാക്കാനും ശ്രമിക്കുന്ന സർക്കാർ നടപടിക്കെതിരെ ജനാധിപത്യ ബോധമുള്ള ജനത മുന്നോട്ടു വരണമെന്ന് സെൻട്രൽ കമ്മിറ്റി അഭ്യർഥിച്ചു.  


അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ ആകെ നാണംകെട്ടാണ് ഇന്ത്യൻ ജനത നിൽക്കുന്നത്.  ദൽഹിയിൽ നടന്നത് ആസൂത്രിതമായ കലാപമായിരുന്നുവെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. കലാപം ആസൂത്രണം ചെയ്തവർ സ്വതന്ത്രരായി ഇറങ്ങി നടക്കുകയും കലാപം സത്യ സന്ധമായി റിപ്പോർട്ട് ചെയ്ത ചാനലുകൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തത് അങ്ങേയറ്റത്തെ നെറികേടാണെന്നും ഒ.ഐ.സി.സി കുറ്റപ്പെടുത്തി. ആർ.എസ്.എസിനെതിരെ മിണ്ടിയാൽ ഇതായിരിക്കും സ്ഥിതി എന്ന് സന്ദേശം നൽകാനാണ് ഈ നടപടി. ഇതിനെതിരെ രാജ്യത്തെ ജനാധിപത്യ ശക്തികൾ രംഗത്തു വരണമെന്ന് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. 

ഭരണകൂട ഭീകരത -സൗദി കെ.എം.സി.സി 
റിയാദ് - മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമം വൻ ഗൂഢാലോചനയാണെന്നും നടപ്പാക്കാനിരിക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള മുന്നറിയിപ്പാണെന്നും സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി. ദൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളുടെ യാഥാർഥ്യം ലോകത്തെ അറിയിച്ച ഏഷ്യാനെറ്റും മീഡിയ വണും 48 മണിക്കൂറാണെങ്കിലും പ്രക്ഷേപണം തടഞ്ഞത് ഭരണകൂടത്തിന്റെ ഭീകരതയാണ് വെളിപ്പെടുത്തുന്നത്. ആർ.എസ്.എസ്സിന്റെയും സംഘപരിവാറിന്റെയും ഹിഡൻ അജണ്ടകൾക്ക് ഇന്ത്യയുടെ തലസ്ഥാന നഗരിയെ തന്നെ ബലി നൽകാൻ എല്ലാവിധ ഒത്താശയും ചെയ്തുകൊടുത്ത മോഡിയും അമിത്ഷായും രാജ്യത്തെ ജനങ്ങളെയും മാധ്യമങ്ങളെയും ഭയപ്പെടുത്തി ചൊൽപ്പടിക്കുള്ളിൽ നിർത്താനാണ് ശ്രമിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയിലൂടെ ലോക രാജ്യങ്ങൾക്ക് മുന്നിൽ നാണം കെട്ട മോഡി ഭരണകൂടം തങ്ങളുടെ ഇംഗിതങ്ങൾ നടപ്പിലാക്കാൻ മാധ്യമങ്ങളുടെ വായ മൂടികെട്ടിയും പ്രക്ഷേപണം തടഞ്ഞും ഇന്റർനെറ്റ് ബന്ധം വിഛേദിച്ചും സോഷ്യൽ മീഡിയയെ ഉമ്മാക്കി കാട്ടി പേടിപ്പെടുത്തിയും നടത്തുന്ന ഹീനമായ നീക്കങ്ങൾ അപമാനകരമാണ്. ആസൂത്രിത കലാപത്തിന്റെ നേർചിത്രങ്ങൾ ജീവൻ പോലും പണയം വെച്ച് ലോകത്തിനു മുന്നിലെത്തിച്ച മാധ്യമങ്ങൾക്ക് സുരക്ഷിതത്വം നൽകാൻ ഭരണകൂടം തയ്യാറാകാത്ത സാഹചര്യത്തിൽ ഈ ധാർഷ്ട്യത്തിനും അനീതിക്കുമെതിരെ പോരാടാൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ മുന്നോട്ടു വരണമെന്ന് കെ.എം.സി.സി വാർത്താകുറിപ്പിൽ പറഞ്ഞു. 


മാധ്യമങ്ങളെ കേന്ദ്രസർക്കാർ ഭയപ്പെടുന്നു -റിയാദ് മീഡിയ ഫോറം

റിയാദ് - ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാവൺ ചാനലുകൾ 48 മണിക്കൂർ നിരോധിച്ച കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് റിയാദ് ഇന്ത്യൻ മീഡിയാ ഫോറം. ആർജ്ജവമുളള ഭരണകൂടത്തിന് ചേർന്ന നടപടിയല്ല ഈ നിരോധനം. രാജ്യത്തു അഴിഞ്ഞാടുന്ന ഭരണകൂട ഭീകരതയും ഫാസിസവും പൊതുജനം അറിയുന്നതിനെ സർക്കാർ ഭയപ്പെടുന്നു. ഇതാണ് മാധ്യമങ്ങളെ വിലക്കിയതിലൂടെ വ്യക്തമാകുന്നത്. നിരോധനം മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും കൂടുതൽ കരുത്തു പകരും. ഭീഷണിപ്പെടുത്തി മാധ്യമ സ്വാതന്ത്ര്യം തല്ലിക്കെടുത്താനുളള ശ്രമം അപലപനീയമാണെന്നും മീഡിയാ ഫോറം പ്രസ്താവനയിൽ പറഞ്ഞു.


അപലപനീയം -ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം
ജിദ്ദ - ദൽഹി കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ്, മീഡിയ വൺ ചാനലുകളുടെ സംപ്രേഷണം നിർത്തിവെപ്പിച്ച കേന്ദ്ര സർക്കാർ നടപടി അങ്ങേയറ്റം അപലപനീയമാണെന്നു ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം അഭിപ്രായപ്പെട്ടു. ഇതിലൂടെ അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമം. വാർത്ത റിപ്പോർട്ടു ചെയ്യുക എന്നത് മാധ്യമ ധർമമാണ്. അതിന്റെ പേരിൽ ഏതെങ്കിലും മാധ്യമ സ്ഥാപനത്തിനെതിരെ നടപടിയെടുക്കുക എന്നത് ഫാസിസ്റ്റ് രീതിയും മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റവുമാണ്. ഇത് ഒരിക്കലും  അംഗീകരിക്കാനാകില്ല. നടപടി ഉടൻ പിൻവലിക്കണമെന്ന് പ്രസിഡന്റ് ജലീൽ കണ്ണമംഗലം, ജനറൽ സെക്രട്ടറി സാദിഖലി തുവ്വൂർ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
 

ജുബൈൽ മീഡിയ ഫോറം പ്രതിഷേധിച്ചു
ജുബൈൽ - ഏഷ്യാനെറ്റ് ന്യൂസ്, മീഡിയവൺ ചാനലുകളുടെ  സംപ്രേഷണത്തിന് താൽക്കാലിക നിരോധനമേർപ്പെടുത്തിയ  കേന്ദ്രസർക്കാർ നടപടിയിൽ ജുബൈൽ മീഡിയ ഫോറം പ്രതിഷേധിച്ചു. മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുളള കടന്നുകയറ്റം ക്രൂരമായ ഭരണകൂട ഭീകരതയാണ്. ഇത് ജനാധിപത്യത്തിന് അപമാനമാണെന്നും യോഗം അഭിപ്രായപ്പെട്ടു. നിരോധം എത്രയും വേഗം പിൻവലിക്കാൻ സർക്കാർ സന്നദ്ധമാകണമെന്നു യോഗം ആവശ്യപ്പെട്ടു.

 

കേന്ദ്ര സർക്കാറിന്റെ മാധ്യമവേട്ട ചെറുത്തുതോൽപിക്കുക -പ്രവാസി
റിയാദ് - ദൽഹി കലാപം സത്യസന്ധമായി റിപ്പോർട്ട് ചെയ്ത മീഡിയവൺ, ഏഷ്യനെറ്റ് ന്യൂസ് ചാനലുകളുടെ പ്രവർത്തനം 48 മണിക്കൂർ നിർത്തിവയ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രവാസി സാംസ്‌കാരിക വേദി സെൻട്രൽ കമ്മിറ്റി പ്രതിഷേധിച്ചു. സ്വതന്ത്ര മാധ്യമ പ്രവർത്തനം രാജ്യത്ത് അനുവദിക്കില്ലെന്ന നിലപാട് ജനാധിപത്യാവകാശങ്ങളുടെ ശവക്കുഴി തോണ്ടലാണ്. അടിയന്തരാവസ്ഥാ കാലത്തുപോലും ഇല്ലാതിരുന്ന തികച്ചും ജനാധിപത്യ വിരുദ്ധമായ ഈ നടപടി പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനും തങ്ങൾ പറയുന്നതും തങ്ങൾക്ക് ഇഷ്ടമുള്ളതും മാത്രമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതുമെന്ന ധാർഷ്ട്യം ചെറുത്ത് തോൽപിക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും പ്രവാസി പ്രസിഡന്റ് സാജു ജോർജ്, ജനറൽ സെക്രട്ടറി ഖലീൽ പാലോട് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

 

മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റത്തിൽ പ്രതിഷേധിക്കുക - പ്രവാസി വെസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി
ജിദ്ദ - അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിച്ചുകൊണ്ട് വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ചാനലുകൾക്കെതിരെ നടപടിയെടുക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിനും പൗര സ്വാതന്ത്ര്യത്തിനും നേരെയുള്ള കയ്യേറ്റമാണെന്ന് പ്രവാസി വെസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി അഭിപ്രായപ്പെട്ടു. മാധ്യമങ്ങൾ ഭരണകൂടത്തിന്റെ ഇംഗിതങ്ങൾക്കനുസരിച്ച് റിപ്പോർട്ടുചെയ്താൽ മതിയെന്ന നിലപാട് ജനാധിപത്യത്തിന് ഭൂഷണമല്ല. കേന്ദ്ര സർക്കാർ നടപടി അടിയന്തരമായി പിൻവലിക്കണം. സംപ്രേഷണം നിർത്തിവയ്പിച്ച നടപടിക്കെതിരെ ശക്തമായ ജനാധിപത്യ സ്വരങ്ങളും പ്രതിഷേധങ്ങളും ഉയരേണ്ടതുണ്ടെന്നും പ്രസിഡന്റ് റഹീം ഒതുക്കുങ്ങലും ജനറൽ സെക്രട്ടറി എം.പി. അഷ്‌റഫും പ്രസ്താവനയിൽ പറഞ്ഞു.

 

പ്രവാസി ജുബൈൽ പ്രതിഷേധിച്ചു
ജുബൈൽ - ഏഷ്യാനെറ്റ് ന്യൂസ്, മീഡിയവൺ ചാനലുകളുടെ സംപ്രേഷണത്തിന് താൽക്കാലിക നിരോധനമേർപ്പെടുത്തിയ  കേന്ദ്ര സർക്കാർ നടപടിയിൽ പ്രവാസി സാംസ്‌കാരിക വേദി ജുബൈൽ റീജിയണൽ കമ്മിറ്റി പ്രതിഷേധിച്ചു. സത്യം പറയുന്ന വാർത്താ മാധ്യമങ്ങളെ കേന്ദ്ര സർക്കാരിന് ഭയമാണ്. ഇത് തികച്ചും ജനാധിപത്യവിരുദ്ധവും സത്യം അറിയാനുള്ള ജനങ്ങളുടെ അവകാശത്തിനു മേലുള്ള കടന്നുകയറ്റവുമാണെന്ന് യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് ഡോ. ജൗഷീദ്, നസീർ ഹനീഫ സലിം ആലപ്പുഴ, ഫൈസൽ കോട്ടയം സംസാരിച്ചു.   
 

Latest News