തിരുവനന്തപുരം- ഏകപക്ഷീയമായ ഭാരവാഹി പ്രഖ്യാപനത്തോടെ ബി.ജെ.പിയിൽ പ്രതിസന്ധി രൂക്ഷമായി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സ്വന്തം ഇഷ്ടപ്രകാരം സഹ ഭാരവാഹികളെ നിശ്ചയിച്ചുവെന്നാണ് ആരോപണം. ഇതോടെ ബി.ജെ.പിയിലെ തമ്മിലടി രൂക്ഷമായി. കൃഷ്ണദാസ് പക്ഷത്തെ പാടെ ഒഴിവാക്കി വി. മുരളീധരനും കെ. സുരേന്ദ്രനും പാർട്ടിയെ പൂർണമായും പിടിച്ചടക്കിയതിൽ പാർട്ടിയിൽ കലാപം പുകയുന്നതിനിടെയാണ് മുതിർന്ന നേതാക്കൾ സ്ഥാനമേറ്റെടുക്കില്ലെന്ന് പറയുന്നത്. ചുമതലകൾ ഏറ്റെടുക്കില്ലെന്ന് മുതിർന്ന നേതാക്കളായ എം.ടി രമേശും, ശോഭാ സുരേന്ദ്രനും എ.എൻ രാധാകൃഷ്ണനും നേതൃത്വത്തെ അറിയിച്ചു. സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷി നെയാണ് ഇക്കാര്യം അറിയിച്ചത്. ഭാരവാഹി പട്ടികയിൽ കൂടിയാലോചന നടന്നില്ലെന്നും നേതാക്കൾ അറിയിച്ചു. സംസ്ഥാന വക്താവ് സ്ഥാനം ഏറ്റെടുക്കാനാവില്ലെന്ന് എം.എസ് കുമാർ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു. തന്റെ സീനിയോറിറ്റി പോലും പരിഗണിക്കാതെയാണ് തന്നെ വക്താവ് സ്ഥാനത്ത് നിയമിച്ചതെന്നായിരുന്നു കുമാറിന്റെ പരാതി. ഇതിന് പിന്നാലെയാണ് കൂടുതൽ നേതാക്കൾ വിസമ്മതമറിയിച്ചിരിക്കുന്നത്.
കൃഷ്ണദാസ് പക്ഷത്തെ പ്രമുഖരും നേരത്തെ ജനറൽ സെക്രട്ടറിമാരുമായിരുന്ന എ. എൻ രാധാകൃഷ്ണനെയും, ശോഭ സുരേന്ദ്രനെയും വൈസ് പ്രസിഡന്റുമാരായി ഒതുക്കി യാണ് കെ. സുരേന്ദ്രൻ പുതിയ പട്ടിക തയ്യാറാക്കിയത്. ആർ.എസ്.എസ് നിർബന്ധിച്ചതിനാൽ മാത്രമാണ് എം.ടി രമേശിനെ മാത്രം ജനറൽ സെക്രട്ടറിയായി നിലനിർത്തിയത്. മുതിർന്ന നേതാക്കളായ എൻ. ശിവരാജൻ, പി.എം വേലായുധൻ, കെ.പി ശ്രീശൻ എന്നിവരെ ഒഴിവാക്കിയുള്ള ഭാരവാഹി പ്രഖ്യാപനത്തോടെ ബി.ജെ.പിയിൽ മുരളീധരൻ പക്ഷത്തിന് സമ്പൂർണ ആധിപത്യമായി. കൂടാതെ പോഷക സംഘടനാ നേതാക്കൾ, ട്രഷറർ, വക്താക്കൾ എന്നിവരിലും പൂർണ്ണ ആധിപത്യമാണ് സുരേന്ദ്രൻ പുലർത്തിയിരിക്കുന്നത്. അതേസമയം എതിർപ്പ് അറിയിച്ചവർക്ക് എത്രനാൾ ഇത്തരത്തിൽ തുടരുമെന്നു നോക്കാമെന്നാണ് സുരേന്ദ്രന്റെ നിലപാട്. കേന്ദ്ര നേതൃത്വത്തിന്റെ പരിപൂർണ്ണ പിൻതുണ ഉള്ളതിനാൽ കുറച്ച് പേരുടെ എതിർപ്പ് കാര്യമാക്കാതെ മുന്നോട്ട് പോകാനാണ് കെ. സുരേന്ദ്രന്റെ തീരുമാനം.






