Sorry, you need to enable JavaScript to visit this website.

'മന്ത്രി ഇടപെട്ട  അദാലത്തുകളെല്ലാം  ക്രമവിരുദ്ധം' മന്ത്രി ജലീലിന് വീണ്ടും കുരുക്ക് 

തിരുവനന്തപുരം- എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ മന്ത്രി കെ.ടി.ജലീലും പ്രൈവറ്റ് സെക്രട്ടറിമാരും സംഘടിപ്പിച്ച ഫയൽ അദാലത്ത് ക്രമവിരുദ്ധമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലയുടെ ആഭ്യന്തര കാര്യങ്ങളിൽ മന്ത്രിമാരും സർക്കാരും ഇടപെടരുതെന്നും ഗവർണറുടെ നിർദേശം. ഇതോടെ കെ.ടി.ജലീൽ വീണ്ടും കുരുക്കിലായി. ഫയൽ അദാലത്ത് ക്രമവിരുദ്ധമെന്ന് ആരോപണം ഉയർന്നപ്പോൾ നിയമപ്രകാരമല്ലാത്ത രീതിയിൽ ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ജലീലിന്റെയും സർക്കാരിന്റെയും വാദം. 
ചട്ടപ്രകാരം സർവകലാശാലാ അധികൃതർക്ക് നിർദേശങ്ങളും ശുപാർശകളും നൽകാനായി അദാലത്തുകൾ സംഘടിപ്പിക്കാനാകില്ല. മന്ത്രിയെയും പ്രൈവറ്റ് സെക്രട്ടറിമാരെയും 
ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ഫയൽ അദാലത്തത് കമ്മിറ്റി രൂപീകരിച്ചതും തീരുമാനങ്ങൾ കൈക്കൊണ്ടതും യൂനിവേഴ്‌സിറ്റി ആക്ടിലെ വ്യവസ്ഥകൾ അനുശാസിക്കുന്നില്ല. ഇക്കാര്യം വ്യക്തമാക്കാൻ  തനിക്ക് ഒരു മടിയുമില്ലെന്ന് ഗവർണർ നടപടിക്രമത്തിൽ പറയുന്നു.
സർവകലാശാല സ്വയംഭരണ സ്ഥാപനമാണെന്നും ആഭ്യന്തര കാര്യങ്ങളിൽ സംസ്ഥാന സർക്കാർ ഇടപെടാൻ പാടില്ലെന്നുമുള്ള 2003 ലെ സുപ്രീം കോടതി ഉത്തരവും ഗവർണർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നടന്നതൊക്കെ കഴിഞ്ഞ സ്ഥിതിക്ക് അദാലത്തിൽ കൈക്കൊണ്ട തീരുമാനങ്ങളുടെ ന്യായ അന്യായങ്ങളിലേക്ക് താൻ കടക്കുന്നില്ലെന്നും മേലിൽ ചട്ടങ്ങളും നടപടിക്രമങ്ങളും യൂനിവേഴ്‌സിറ്റി അധികൃതർ കൃത്യമായി പാലിക്കണമെന്നും ഗവർണർ നിർദേശിച്ചു.
തോറ്റ ബി.ടെക് വിദ്യാർഥിയുടെ ഉത്തരക്കടലാസ് മൂന്നാമത് മൂല്യനിർണയം നടത്തിയ അദാലത്ത് തീരുമാനം റദ്ദാക്കണമെന്ന പരാതിയിൽ വിദ്യാർഥിയുടെ ഭാവിയെ കരുതി ഇടപെടുന്നില്ല. എങ്കിലും ഇത് ഒരു കീഴ്‌വഴക്കമായി കാണരുതെന്ന കർശന നിർദേശവും ഗവർണർ നൽകി. 
പരീക്ഷാ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും ഉണ്ടാകുന്ന ഇത്തരം ക്രമക്കേടുകൾ സർവകലാശാലയുടെ സൽപേരിനെ ബാധിക്കുമെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
2019 ഫെബ്രുവരി 27 നാണ് കെ.ടി.ജലീലിന്റെ നിർദേശ പ്രകാരം സാങ്കേതിക സർവകലാശാല അദാലത്ത് സംഘടിപ്പിച്ചത്. അദാലത്തിൽ തോറ്റ ബി.ടെക് വിദ്യാർഥിയെ വീണ്ടും മൂല്യനിർണയം നടത്തി വിജയിപ്പിക്കാൻ തീരുമാനിച്ചു. ഇതിനെതിരെ സേവ് യൂനിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിലാണ് ഗവർണറുടെ നടപടി. പരാതി നൽകിയ സേവ് യൂനിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാർ, സെക്രട്ടറി എം. ഷാജർ ഖാൻ എന്നിവർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടവും സാങ്കേതിക സർവകലാശാല വി.സി. ഡോ. എം.സി.രാജശ്രീക്ക് വേണ്ടി യൂനിവേഴ്‌സിറ്റി സ്റ്റാന്റിംഗ് കൗൺസൽ എഡ്വിൻ പീറ്ററും ഹിയറിങ്ങിനു ഹാജരായിരുന്നു. പരാതിക്കാരുടെയും സർവകലാശാല അധികൃതരുടെയും വിശദീകരണങ്ങൾ നേരിട്ട് കേട്ട ശേഷമാണ് ഗവർണറുടെ നടപടി. 
നേരത്തെ ബന്ധു നിയമന വിവാദത്തെ തുടർന്നാണ് കെ.ടി.ജലീലിനെ തദ്ദേശ സ്വയംഭരണ വകുപ്പിൽനിന്ന് മാറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രിയാക്കിയത്. സംസ്ഥാന ഭരണത്തലവൻ കൂടിയായ ഗവർണർ മന്ത്രിയുടെ നടപടി ക്രമവിരുദ്ധമാണെന്ന് സ്ഥിരീകരിച്ചതോടെ നിയമസഭയിലടക്കം വരും ദിവസങ്ങളിൽ ജലീലും സർക്കാരും പ്രതിരോധത്തിലാകും. സർവകലാശാലകളിലെ മാർക്ക് ദാനവും ക്രമവിരുദ്ധ നടപടികളും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിയാകും പ്രതിപക്ഷം ജലീലിന്റെ രാജി ആവശ്യപ്പെടുക.

മന്ത്രി ഇടപെട്ട അദാലത്തുകളെല്ലാം ക്രമവിരുദ്ധം
തിരുവനന്തപുരം- ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ നടത്തിയ അദാലത്ത് ക്രമവിരുദ്ധമെന്ന് ഗവർണർ കണ്ടെത്തിയ സാഹചര്യത്തിൽ മഹാത്മാ ഗാന്ധി സർവകലാശാലയിലെ മാർക്ക് ദാനം ഉൾപ്പെടെയുള്ള അദാലത്തുകളെല്ലാം ക്രമവിരുദ്ധം. 
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.ഷറഫുദ്ദീൻ അദാലത്തിൽ പങ്കെടുത്ത് അയൽവാസിക്കായി ബി.ടെക് കോഴ്സിന് ഒന്നാകെ സ്‌പെഷ്യൽ മോഡറേഷൻ നൽകാൻ തീരുമാനിക്കുകയായിരുന്നു.
അന്നത്തെ അദാലത്ത് വഴി 118 ബി.ടെക് വിദ്യാർഥികളാണ് മോഡറേഷനിലൂടെ വിജിയച്ചത്. സംഭവം വിവാദമായതോടെ ജയിച്ച 118 വിദ്യാർഥികളുടെ ഫലവും സർവകലാശാല റദ്ദാക്കിയിരുന്നു. 118 പേരുടെയും കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡുകൾ, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ, ഡിഗ്രി സർട്ടിഫിക്കറ്റുകൾ എന്നിവ തിരികെ വാങ്ങി ഇവർക്ക് വീണ്ടും പരീക്ഷ നടത്താനും സർവകലാശാല തീരുമാനിച്ചു. തുടർന്നാണ് അന്ന് വിവാദം കെട്ടടങ്ങിയത്.
 

Latest News