ഡ്രോണ്‍ പറത്തിയ കോണ്‍ഗ്രസ് എം.പി അറസ്റ്റില്‍

ഹൈദരാബാദ്- തെലങ്കാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി രേവന്ത് റെഡ്ഡി അറസ്റ്റില്‍. സൈബരാബാദ് പോലീസ് ആണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഡ്രോണ്‍ പറത്തിയതാണ് കുറ്റം. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകന്‍ കെ.ടി രാമറാവുവിന്റെതെന്ന് കരുതപ്പെടുന്ന മിയക്കന്‍ഗഡയിലെ ഫാം ഹൗസിന്റെ ചിത്രങ്ങള്‍ നിയമവിരുദ്ധമായി ഡ്രോണ്‍ പറത്തി എടുത്തതിനാണ് രേവന്ത് റെഡ്ഡിയെ അറസ്റ്റ് ചെയ്തത്.
അതേസമയം, നരസിംഗി പോലീസ് സ്‌റ്റേഷനില്‍ എത്തി രേവന്ത് റെഡ്ഡി തനിക്കെതിരെയുള്ള കേസിനെ ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ രേവന്ത് റെഡ്ഡിക്കെതിരെ തെളിവുണ്ടെന്നും പങ്ക് ബോധ്യപ്പെട്ടെന്നും പോലീസ് പറഞ്ഞു. ഇത് രേവന്ത് റെഡ്ഡി എതിര്‍ത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം, കെ.ടി രാമറാവു ഉടമസ്ഥരെ ഭീഷണിപ്പെടുത്തി 25 ഏക്കര്‍ വരുന്ന ഫാം ഹൗസ് സ്വന്തമാക്കുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതിനെ തുടര്‍ന്ന് മാര്‍ച്ച് രണ്ടിനാണ് രേവന്ത് റെഡ്ഡിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഫാം ഹൗസിലേക്ക് എത്തിയത്. എന്നാല്‍, പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് രേവന്ത് റെഡ്ഡിക്കും സംഘത്തിനും ഫാം ഹൗസിലേക്ക് കടക്കാനായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് രേവന്ത് റെഡ്ഡി ഡ്രോണ്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ എടുത്തതെന്നാണ് പോലീസ് ഭാഷ്യം.

Latest News