ഇന്ത്യക്കാരുടെ 'ചോരയുമായി' ഇറാന്റെ വിമാനം വരുന്നു  

ടെഹ്‌റാന്‍- കൊറോണാവൈറസ് പകര്‍ച്ചവ്യാധിക്കിടെ ഇറാനില്‍ കുടുങ്ങിയ മുന്നൂറോളം ഇന്ത്യക്കാരുടെ രക്തസാമ്പിളുകളുമായി ഇറാനില്‍ നിന്നുള്ള വിമാനം ഇന്ത്യയില്‍ ഇന്ന് രാത്രി ലാന്‍ഡ് ചെയ്യും. വൈറസ് പടര്‍ന്നുപിടിച്ച രാജ്യത്ത് കുടുങ്ങിയ ആയിരക്കണക്കിന് പേരില്‍ നിന്നുമുള്ളവരുടെ സാമ്പിളുകളാണ് വിമാനം എത്തിക്കുന്നത്. ഇന്ത്യയില്‍ വന്നിറങ്ങുന്ന വിമാനം ഇറാന്‍ പൗരന്‍മാരെ തിരികെ കൊണ്ടുപോകുകയും ചെയ്യും. വിമാനത്തിന് ഇന്ത്യയുടെ ഏവിയേഷന്‍ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കി. ഇതോടെ അടുത്ത 24 മണിക്കൂറില്‍ വിമാനം ഡല്‍ഹിയില്‍ ഇറങ്ങും. ഇന്ത്യക്കാരുടെ രക്തസാമ്പിളുകള്‍ കൊറോണാ വൈറസ് പരിശോധനയ്ക്കായി ഉപയോഗിക്കും. നെഗറ്റീവായി കണ്ടെത്തുന്നവരെ തിരികെ എത്തിക്കും. ഏകദേശം 2000 ഇന്ത്യക്കാരാണ് ഇറാനിലുള്ളത്. ഇവരില്‍ ഭൂരിഭാഗവും കശ്മീരിലെ കാര്‍ഗില്‍ മേഖലയില്‍ നിന്നുള്ളവരാണ്. ഇറാനിലെ മതകേന്ദ്രം സന്ദര്‍ശിക്കാന്‍ എത്തിയതാണ് ഇവര്‍. മാരകമായ കൊറോണാവൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ ഇരുരാജ്യങ്ങളുടെയും യാത്രാവിമാനങ്ങള്‍ റദ്ദാക്കിയത് മൂലം ഇന്ത്യക്കാര്‍ കുടുങ്ങി. മിഡില്‍ ഈസ്റ്റിലെ കൊറോണാ പ്രഭവകേന്ദ്രമായി ഇറാന്‍ മാറിയിട്ടുണ്ട്.

Latest News