കേന്ദ്രത്തിനും ബി.ജെ.പിക്കും എതിരായ പ്രതിഷേധത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പമെന്ന് രാഹുൽ

ന്യൂദൽഹി- ബി.ജെ.പിക്കും കേന്ദ്ര സർക്കാറിനും എതിരേ എങ്ങനെ പ്രതിഷേധിക്കണം എന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ കടുത്ത ആശയക്കുഴപ്പം ഉണ്ടെന്ന കുറ്റപ്പെടുത്തലുമായി രാഹുൽ ഗാന്ധി. ബി.ജെ.പിക്കെതിരെ ഏത് രീതിയിൽ പ്രതിഷേധിക്കണം എന്നതിൽ തനിക്കു വ്യക്തമായ ധാരണ ഉണ്ട്. എന്നാൽ കോൺഗ്രസിനുള്ളിൽ ഇക്കാര്യത്തിൽ ഇപ്പോഴും കടുത്ത ആശയക്കുഴപ്പം ഉണ്ടെന്നാണ് രാഹുൽ ഗാന്ധി ഇന്നലെ ലോക്‌സഭക്കുള്ളിൽ പാർട്ടി എം.പിമാരോടു തന്നെ തുറന്നു പറഞ്ഞത്. പാർട്ടി ഇപ്പോൾ പോകുന്ന വഴിക്കാണെങ്കിൽ നേതൃസ്ഥാനം ഏറ്റെടുക്കാൻ താൻ ഒരു കാരണവശാലും തയാറാകില്ലെന്നും രാഹുൽ ആവർത്തിച്ചു വ്യക്തമാക്കി. 
ദൽഹി വംശഹത്യയും എം.പിമാരുടെ സസ്‌പെൻഷനും അടക്കമുള്ള വിഷയത്തിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്‌സഭ വെള്ളിയാഴ്ച പിരിഞ്ഞതിന് ശേഷം 12.45 ന് മൂന്നാമത്തെ തവണയും ചേർന്നപ്പോഴാണ് ശശി തരൂർ, ജസ്ബീർ സിംഗ് ഗിൽ, ജോതിമണി, മനീഷ് തിവാരി, ഹൈബി ഈഡൻ തുടങ്ങിയ എം.പിമാർ രാഹുലിന്റെ സീറ്റിന് അരികിലെത്തി നേതൃസ്ഥാനം ഏറ്റെടുക്കണം എന്നാവശ്യപ്പെട്ടു സംസാരിച്ചത്. 
എന്നാൽ കോൺഗ്രസിൽ ചില നേതാക്കളുടെ പ്രവർത്തന രീതിയെയും ശൈലികളെയും കുറ്റപ്പെടുത്തിയാണ് അവരുടെ പേരെടുത്തു പരാമർശിക്കാതെ രാഹുൽ പ്രതികരിച്ചത്. ചില നേതാക്കളുടെ രീതികൾ ശരിയല്ല. അവരുടെ പ്രവർത്തന ശൈലി കോൺഗ്രസിന്റെ തന്നെ ആശയങ്ങളുമായി യോജിക്കുന്നത് പോലുമല്ല. ഈ നേതാക്കളോടൊപ്പം പ്രവർത്തിച്ചുകൊണ്ട് പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കാൻ തയാറല്ലെന്നാണ് രാഹുൽ തുറന്നു പറഞ്ഞത്. 
ബി.ജെ.പിക്കെതിരെ പോരാടേണ്ടത് കോൺഗ്രസ് ഇപ്പോൾ നടത്തുന്ന പ്രതിഷേധങ്ങളുടെ രീതിയിലല്ല. ബി.ജെ.പിയെയും കേന്ദ്ര സർക്കാറിനെയും ഉത്തരം മുട്ടിക്കുന്ന രീതിയിൽ വലിയ ജനകീയ പ്രക്ഷോഭങ്ങൾ കോൺഗ്രസ് ഏറ്റെടുത്തു നടത്തണം. ഇപ്പോൾ കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങൾ ചില കോണുകളിൽ മാത്രമായി ഒതുങ്ങിപ്പോകുകയാണെന്നുമാണ് രാഹുൽ പറഞ്ഞു. 
ലോക്‌സഭയിൽ ഉൾപ്പെടെ കോൺഗ്രസിന്റെ പ്രതിഷേധ ശൈലിയിൽ രാഹുലിന് കടുത്ത വിയോജിപ്പുണ്ടെന്നാണ് എം.പിമാരോട് തുറന്നു പറഞ്ഞത്. ചില മുതിർന്ന നേതാക്കളോടാണ് രാഹുലിന് കടുത്ത അതൃപ്തിയുള്ളതെന്നാണ് സൂചന. എന്നാൽ ഇവരെ പാടെ ഒഴിവാക്കി ഒരു പുതിയ പ്രവർത്തന ശൈലി രൂപീകരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും നേതാക്കളുടെ ഇടയിൽ വിലയിരുത്തലുണ്ട്. വർഷങ്ങളായി പാർട്ടിയിൽ പ്രവർത്തിക്കുകയും ജനങ്ങളുടെ ഇടയിൽ പ്രാദേശിക തലത്തിൽ ആഴത്തിൽ വേരുകളുള്ള മുതിർന്ന നേതാക്കളെ പെട്ടെന്ന് ഒഴിവാക്കി നിർത്തുന്നത് പാർട്ടിക്കു തന്നെ തിരിച്ചടിയാകുമെന്നാണ് മറ്റു ചില നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
ദൽഹി കലാപം, ജാമിഅ മില്ലിയ, ജെ.എൻ.യു സർവകലാശാലകളിലെ ആക്രമണം തുടങ്ങി പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടു നടന്ന അതിക്രമങ്ങൾ നടന്ന സമയങ്ങളിലെല്ലാം തന്നെ രാഹുൽ ഗാന്ധിയുടെ അസാന്നിധ്യം പ്രകടമായിരുന്നു. ഈ സംഭവങ്ങളിലെല്ലാം കോൺഗ്രസ് തന്നെ രംഗത്തു വരാതിരുന്ന സമയത്ത് പ്രിയങ്ക ഗാന്ധിയാണ് പ്രതിഷേധവുമായി ഇന്ത്യാ ഗേറ്റിൽ ഉൾപ്പെടെ രംഗത്തിറങ്ങിയത്. സുപ്രധാന സംഭവങ്ങൾ രാജ്യത്ത് നടക്കുമ്പോഴെല്ലാം ഈ അടുത്ത സമയത്ത് രാഹുൽ വിദേശ യാത്രകളിലുമായിരുന്നു. ട്വിറ്ററിൽ നരേന്ദ്ര മോഡി സർക്കാറിനെയും ബി.ജെ.പിയെയും രൂക്ഷമായി വിമർശിക്കുന്നുണ്ട് എങ്കിലും പ്രത്യക്ഷത്തിൽ പ്രതിഷേധ നിരയിൽ സജീവമാകാതെ രാഹുൽ വിട്ടുനിൽക്കുന്നതും ചർച്ചയായി. എന്നാൽ നേതൃത്വവുമായുള്ള ആശയ ഭിന്നതയുടെ പേരിൽ താൻ ബോധപൂർവം വിട്ടുനിൽക്കുന്നത് തന്നെയാണെന്നാണ് ലോക്‌സഭയിൽ ഇന്നലെ പാർട്ടി എം.പിമാരോട് രാഹുൽ പരോക്ഷമായി വ്യക്തമാക്കിയത്.


 

Latest News