മോഡിയുടെ ഐഡിയ സമ്പദ്ഘടന തകര്‍ത്തു; യെസ് ബാങ്കില്‍ സര്‍ക്കാരിനെതിരെ രാഹുല്‍

ന്യൂദല്‍ഹി- 'നോ യെസ് ബാങ്ക്', കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഈ ട്വീറ്റ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനുള്ള രൂക്ഷമായ വിമര്‍ശനമാണ്. യെസ് ബാങ്കിന് മോറട്ടോറിയം പ്രഖ്യാപിച്ച നടപടിയില്‍ സര്‍ക്കാരിനെ ലക്ഷ്യമിടുകയായിരുന്നു മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും, അദ്ദേഹത്തിന്റെ ആശയങ്ങളും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്നും രാഹുല്‍ ആരോപിച്ചു.
'നോ യെസ് ബാങ്ക്. മോഡിയും അദ്ദേഹത്തിന്റെ ഐഡിയകളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു', രാഹുല്‍ ഗാന്ധി ട്വീറ്റില്‍ കുറ്റപ്പെടുത്തി. വ്യാഴാഴ്ചയാണ് യെസ് ബാങ്കിന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ മോറട്ടോറിയം പ്രഖ്യാപിച്ചത്. പ്രതിമാസം പിന്‍വലിക്കുന്ന തുക 50,000 രൂപയായി ചുരുക്കിയിരുന്നു. മുന്‍ എസ്ബിഐ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പ്രശാന്ത് കുമാറിനെയാണ് യെസ് ബാങ്ക് അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ചിരിക്കുന്നത്.
മുന്‍ ധനമന്ത്രിയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരവും സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്ത് വന്നു. ധനകാര്യ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സര്‍ക്കാരിന്റെ കഴിവാണ് ഇതോടെ പുറത്തുവന്നതെന്ന് ചിദംബരം കുറ്റപ്പെടുത്തി. 'ബിജെപി ആറ് വര്‍ഷമായി ഭരണത്തിലുണ്ട്. ധനകാര്യ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്ന അവരുടെ യോഗ്യതയാണ് വെളിവായത്. ആദ്യം പിഎംസി ബാങ്ക്, ഇപ്പോള്‍ യെസ് ബാങ്ക്. സര്‍ക്കാരിന് ഉതില്‍ വല്ല ആശങ്കയുണ്ടോ? ഇവരുടെ ഉത്തരവാദിത്വം കുറയുമോ? മൂന്നാമത്തെ ബാങ്ക് ഏതാകും?', മുന്‍ ധനകാര്യ മന്ത്രി ചോദിച്ചു.

Latest News