നമ്മുടെ പരിസ്ഥിതി സംരക്ഷണ യജ്ഞങ്ങൾ പലതും അകാലത്തിൽ ചരമമടയാൻ വിധിക്കപ്പെട്ടവയാണ്. സമ്പൂർണ പ്ലാസ്റ്റിക് നിരോധം അതിലൊന്നായി മാറാനാണ് സാധ്യത കൂടുതൽ. കാലാവസ്ഥാ മാറ്റത്തിന്റെ നടുക്കുന്ന കാലത്തിലൂടെ കടന്നുപോകുമ്പോൾ, ഭൂമി നമ്മെ ഭീഷണിപ്പെടുത്തുകയാണ്. ഭൂമി ഉന്മൂലനം ചെയ്തുകളഞ്ഞ നൂറായിരം സ്പീഷീസുകളിൽ ഒന്നായി അതിവേഗം മനുഷ്യൻ മാറുകയാണോ?
സമ്പൂർണ പ്ലാസ്റ്റിക് നിരോധം നിലവിൽ വന്നു മാസങ്ങളായിട്ടും ഇപ്പോഴും പ്ലാസ്റ്റിക് ഉപയോഗം നിർബാധം തുടരുന്നതായും നിരോധം ഫലപ്രദമല്ലെന്നുമുള്ള വിമർശം പരിസ്ഥിതി പ്രവർത്തകർ ഉയർത്തിത്തുടങ്ങി. ചില മാധ്യമങ്ങളും ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നമ്മുടെ പരിസ്ഥിതി പ്രവർത്തനങ്ങൾ പലപ്പോഴും ഉപരിപ്ലവമായ ആവേശത്തിൽ കലാശിച്ചൊടുങ്ങുന്നതിന്റെ മറ്റൊരു ഉദാഹരണമായി മാത്രം ഇതിനെ കണ്ടാൽ മതിയാകും. പ്ലാസ്റ്റിക് നിരോധത്തിന് വേണ്ടി ഭാവനാത്മകമായ പല പരിപാടികളും സർക്കാറും ബന്ധപ്പെട്ട വകുപ്പുകളൊമൊക്കെ ആവിഷ്‌കരിച്ചതാണ്. വ്യാപാരികൾക്കിടയിൽ വ്യാപകമായ ബോധവൽക്കരണം നടത്തുകയും ചെയ്തു. എന്നിട്ടും അത് പൂർണമായും ഉൾക്കൊള്ളാൻ സമൂഹത്തിനായില്ല.
വളരെയേറെ അപകടം വിതക്കുന്ന വസ്തുവാണെങ്കിലും പ്ലാസ്റ്റിക് നമ്മുടെ നിത്യജീവിതവുമായി വളരെ അടുത്തു നിൽക്കുന്ന ഒരു വസ്തുവാണ്. അതിനാൽ തന്നെ ശരിയും ഫലപ്രദവുമായ ഒരു ബദൽ മുന്നോട്ടു വെക്കാതെ പ്ലാസ്റ്റിക് ഉപേക്ഷിക്കാൻ മനുഷ്യർക്കാവില്ല. ഒരുപക്ഷേ ഇത്തരമൊരു ബദൽ നടപ്പാക്കാനും അത് ഫലപ്രദമാണെന്ന് ഉറപ്പു വരുത്താനും കഴിയാത്തതാവാം നമ്മുടെ പരാജയം. വളരെയേറെ ചെലവു കുറഞ്ഞ പ്ലാസ്റ്റിക്കിനെ മാറ്റിനിർത്തുമ്പോൾ പകരം ആ സ്ഥാനത്തേക്ക് വരുന്നതും ചെലവു കുറഞ്ഞ വസ്തുവാകണം. അങ്ങനെയല്ല എന്നതാണ് പ്ലാസ്റ്റിക് നിരോധം വേഗത്തിൽ വേരു പിടിക്കാത്തതിന് കാരണമെന്ന് തോന്നുന്നു.
പ്ലാസ്റ്റിക് ഉദ്ദേശം 400 വർഷം അഴുകാതെ കിടക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. ഭൂമിയിൽ ജലം താഴ്ന്നിറങ്ങുന്നതു തടയും. പ്ലാസ്റ്റിക്, ചൂടിന്റെ തീവ്രത ഭൂമിയിൽ കൂട്ടും. ഭൂമിക്ക് ജലം ആഗിരണം ചെയ്യുവാനുള്ള കഴിവ് കുറയ്ക്കും. കേരളത്തിൽ ഒരു നൂറ്റാണ്ടിൽ ഏറ്റവും കുറച്ചു മഴ പെയ്ത വർഷമാണ് 2016. തുടർച്ചയായി നാട്ടിൽ മഴ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രളയ വർഷത്തിന് ശേഷവും കടുത്ത വരൾച്ചയിലൂടെയാണ് നാട് കടന്നുപോയത്. തുലാവർഷത്തിലും കാര്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. കാലാവസ്ഥാ മാറ്റം കേരളത്തെ സംബന്ധിച്ച് വലിയ വെല്ലുവിളികളാണ് ഉയർത്തുന്നത് എന്ന പഠനങ്ങൾ വന്നുകഴിഞ്ഞു. ഹരിതാഭമായ കേരളം ഓർമകളിൽ മാത്രമുള്ള ഒരു കാലത്തേക്കുള്ള ചുവടുവെപ്പ് നാം ആരംഭിച്ചു കഴിഞ്ഞു.
ഇനി വരുന്ന തലമുറക്ക് ഇവിടെ വാസം സാധ്യമോ എന്നതു വെറും കവി ഭാവനയായി മാത്രം കാണാതെ ഓരോ മനുഷ്യന്റെയും പ്രായോഗിക ജീവിതവുമായി ഏറെ ബന്ധപ്പെട്ടുനിൽക്കുന്ന ചോദ്യമായി കാണേണ്ടിയിരിക്കുന്നു. പ്രകൃതിയെ സ്‌നേഹിക്കുന്ന ഒരു മനസ്സും മനുഷ്യനു കൂടിയേ തീരൂ. നിരുത്തരവാദപരമായി ചൂഷണം ചെയ്യാനുള്ള ഒന്നല്ല ഭൂമി. മറിച്ച് ഉത്തരവാദിത്തോടും ആദരവോടും കൂടി നോക്കിക്കാണുകയും ആരാധനാ മനോഭാവത്തോടെ ആസ്വദിക്കുകയും ചെയ്യേണ്ട ഒന്നാണ് ഈ ഭൂമിയും ഈ സൃഷ്ടി പ്രപഞ്ചവും. പരിസ്ഥിതി ബോധത്തിന്റെ അടിത്തറയായി വർത്തിക്കേണ്ടത് ഈ ചിന്തയാണ്.
മനുഷ്യന്റെ ജീവിത സൗകര്യങ്ങൾ വർധിക്കുമ്പോഴാണ് പരിസ്ഥിതി ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ജീവിതം കൂടുതൽ സുഖകരമാക്കാനുള്ള മനുഷ്യന്റെ പരിശ്രമമാണ് പരിസ്ഥിതി വെല്ലുവിളികളുടെ അടിസ്ഥാന കാരണം. കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ മനുഷ്യനെ ഏറ്റവുമധികം സ്വാധീനിച്ച ഉൽപന്നങ്ങളിലൊന്നാണ് പ്ലാസ്റ്റിക്. സൗകര്യപ്രദവും ഭാരം കുറഞ്ഞതുമായ ഈ ഉൽപന്നം മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയത് വളരെ വേഗമാണ്. അതുണ്ടാക്കുന്ന അപകടത്തെക്കുറിച്ച ബോധം വന്നു തുടങ്ങുമ്പോഴേക്കും പ്ലാസ്റ്റിക് മനുഷ്യ ജീവിതത്തിൽ പിടിമുറുക്കിക്കഴിഞ്ഞിരുന്നു. പരിപൂർണമായും ഒഴിവാക്കാൻ അസാധ്യമായ ഈ ഉൽപന്നത്തിന്റെ ഉപയോഗം പരമാവധി കുറക്കുക എന്നതാണ് ലോക രാഷ്ട്രങ്ങൾ പൊതുവെ സ്വീകരിച്ചിരിക്കുന്ന നയം. എന്നാൽ പ്ലാസ്റ്റിക്കിന് അതേ സ്വീകാര്യത ലഭിക്കുന്ന മറ്റൊരു ബദലിന്റെ അഭാവം നിരോധനത്തിന് തുരങ്കം വെക്കുന്നു.
പ്ലാസ്റ്റിക് ഒരു മാലിന്യമായി മാറിയത് അതിന്റെ അമിതോപയോഗത്തോടെയാണ്. പണ്ടൊക്കെ നാം ഒരു പേന ഉപയോഗിക്കാൻ തുടങ്ങിയാൽ വർഷങ്ങളോളം അത് നമ്മുടെ സന്തത സഹചാരി ആയിരിക്കും. മഷിപ്പേനയിൽനിന്ന് ബോൾ പേനയിലേക്കും പിന്നെ പ്ലാസ്റ്റിക് പേനകളിലേക്കുമുള്ള യാത്രക്കിടെ, നമ്മുടെ മനസ്സുകളോട് എപ്പോഴും ചേർന്നും നിന്ന പേന ഒരു ഗൃഹാതുര സ്മരണയായി മാറുകയും ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകൾ നമ്മെ കീഴടക്കുകയും ചെയ്യുന്നു. ഓരോ വിദ്യാലയവും ഒരു വർഷം പുറംതള്ളുന്ന പേനകളുടെ എണ്ണം വെറുതെ ഒന്നോർത്തു നോക്കൂ. എന്തു മാത്രം പ്ലാസ്റ്റിക് ആണ് ഒരു ചെറിയ വിദ്യാലയത്തിൽനിന്ന് മാത്രം ഭൂമി ഏറ്റുവാങ്ങുന്നതെന്ന് ചിന്തിക്കുമ്പോഴാണ് ഈ വലിയ വിപത്തിനെക്കുറിച്ച് മനസ്സിലാവുക.
പ്രകൃതിസംരക്ഷണം സാമൂഹിക, സാമ്പത്തിക വിഷയമായി മാത്രം കാണുന്നതാണ് പരിസ്ഥിതിയുടെ കാര്യത്തിൽ പലപ്പോഴും നാം പരാജയപ്പെടാൻ കാരണം. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങൾ ഉയർന്നപ്പോൾ നാം വരുമാനത്തെയും കൃഷിയെയും ക്വാറികളെയും പറ്റി മാത്രം ചിന്തിച്ചു. അതിനെ ഒരു ധാർമിക വിഷയം കൂടിയായി കാണാൻ നമുക്കു മടിയാണ്. ഇന്നത്തെ തലമുറക്ക് വരാനിരിക്കുന്ന തലമുറയോടുള്ള ഉത്തരവാദിത്തം ധാർമികതയുമായി ബന്ധപ്പെട്ടതാണ്. ഈ അർഥത്തിലാണ് വർത്തമാനകാലത്തിനു ഭാവിയോടുള്ള ഉത്തരവാദിത്തവും ബാധ്യതയുമാണ് ധാർമികതയെന്ന് പറയുന്നത്. പ്രകൃതി സംരക്ഷണം ഒരു ആധ്യാത്മിക വിഷയം കൂടിയാണ്. സമഗ്രമായ ഒരു ആധ്യാത്മിക ദർശനത്തിൽ ദൈവം, മനുഷ്യൻ, പ്രകൃതി എന്നിവക്കെല്ലാം അർഹമായ പരിഗണന ലഭിച്ചേ മതിയാവൂ. പാരസ്പര്യത്തിന്റെയും പങ്കാളിത്തത്തിന്റെയും ഭാവത്തോടെയാണ് മനുഷ്യൻ പ്രകൃതിയെ നോക്കിക്കാണേണ്ടത്. സൃഷ്ടിബന്ധിതമായ ഒരു ആധ്യാത്മിക ദർശനം പരിസ്ഥിതി സംരക്ഷണത്തിനു വേണമെന്ന് പറയുന്നത് അതുകൊണ്ടാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാഥമിക പാഠങ്ങൾ അറിവിനേക്കാൾ ബോധ്യങ്ങളായി വിദ്യാഭ്യാസ പ്രക്രിയയിലൂടെ പുതിയ തലമുറക്ക് പകർന്നു നൽകേണ്ടത് അനിവാര്യമാണ്. ഭൂമിയെ നമ്മൾ സംരക്ഷിക്കേണ്ടതില്ലെന്നും അതു സ്വയം സംരക്ഷിച്ചുകൊള്ളുമെന്നുമൊരു വാദമുണ്ട്. ഭൂമിയിലെ നിസ്സാര കീടജന്മമായ മനുഷ്യൻ ഭൂമിയെ സംരക്ഷിക്കാനിറങ്ങുന്നതിന്റെ വൈരുധ്യമാണ് ഈ ചിന്ത പങ്കുവെക്കുന്നത്. ജഗദീഷ് എന്ന എഴുത്തുകാരൻ പങ്കുവെക്കുന്ന ഈ സാങ്കൽപിക സംഭാഷണം ശ്രദ്ധിക്കൂ..
മനുഷ്യൻ: ഹേ ഭൂമീ, ഞങ്ങൾ മനുഷ്യർ നിന്നെ സംരക്ഷിക്കാൻ വന്നതാണ്.
ഭൂമി: ഫ കീടമേ, എങ്ങനെ ധൈര്യം വന്നു നിനക്ക് എന്റെ മുന്നിൽ വന്ന് ഇങ്ങനെ പറയാൻ? എനിക്ക് പ്രായം 454 കോടി വർഷമായി. അതിൽ വളരെ കാലം ഞാൻ ചുട്ടു പഴുത്ത ഒരു ഗോളമായിരുന്നു. നൂറു കോടി വർഷങ്ങൾക്കു മുമ്പ് ആദ്യ ജീവൻ നൽകി. പിന്നീട് ധാരാളം ജീവജാലങ്ങൾ എന്നിൽ വളർന്നു. അവസാന നിമിഷത്തിൽ മനുഷ്യൻ എന്ന നീയും പിറന്നു.
ഈ കാലം മുഴുവൻ എന്നിൽ ജീവിച്ച ജീവികളിൽ 99.9 ശതമാനം സ്പീഷീസുക#െളയും ഞാൻ ഉന്മൂലനം ചെയ്തിട്ടുണ്ട്. അഞ്ച് പ്രാവശ്യമാണ് ഞാൻ ഭീമൻ ഉൻമൂലനം നടത്തിയിട്ടുള്ളത്. വൻതോതിൽ സ്പീഷീസുകളുടെ വംശനാശം സംഭവിക്കുന്നതിനെയാണ് ഭീമൻ ഉൻമൂലനം എന്ന് വിളിക്കുന്നത്. എന്റെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളും കാലാവസ്ഥയുമൊക്കെയാണിതിന് കാരണം. എന്നാൽ ആറാമത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഭീമൻ ഉൻമൂലനത്തിൽ എനിക്ക് പങ്കില്ല. അതിന് കാരണക്കാരൻ വിഡ്ഢിയായ നീയാണ്. മകന്റെ യൗവനം യാചിച്ചു വാങ്ങിയ യയാതിയെ പോലെ നീ നിന്റെ ഭാവി തലമുറകൾക്കും മറ്റു ജീവജാലങ്ങൾക്കും അവകാശപ്പെട്ട വിഭവങ്ങൾ ചൂഷണം ചെയ്യുന്നു. എന്നിട്ട്, മൂഢനായ നീ എന്നോട് പറയുന്നു എന്നെ സംരക്ഷിക്കാമെന്ന്. നിന്റെയൊന്നും സംരക്ഷണമില്ലാതെയാണ് ഞാൻ ഈ കഴിഞ്ഞ 454 കോടി വർഷമായി ജീവിക്കുന്നത്. ശരിക്കും സംരക്ഷണം വേണ്ടത് നിന്റെ ഭാവി തലമുറകൾക്കാണ്. അല്ലെങ്കിൽ നീ കാരണം ഞാൻ തുടങ്ങാൻ പോകുന്ന ഉൻമൂലനം നേരിടാൻ തയാറായിക്കോ. നീ ഇല്ലായാതാലും മൊത്തം ജീവജാലങ്ങളില്ലാതായാലും എനിക്കൊന്നും സംഭവിക്കില്ല. വീണ്ടും എന്നിൽ ജീവൻ അങ്കുരിക്കും. കാടുകളും മരങ്ങളും അരുവികളുമൊക്കെ വീണ്ടും ജനിക്കും. പുതിയ കാലാവസ്ഥക്കനുയോജ്യരായ പുതിയ ജീവജാലങ്ങൾ.
ഭൂമിക്ക് ചരമ ഗീതമെഴുതി കാത്തിരിക്കുന്ന നമ്മുടെ കർണങ്ങളിലേക്ക് പതിക്കുന്നത് ഈ ഉണർത്തു ഗീതമല്ലേ.. നാം ചെവിയോർക്കുമോ?