റിയാദ് - സൗദിയിലും മറ്റു രാജ്യങ്ങളിലും കൊറോണ വൈറസ് വ്യാപനത്തില്‍ ഇറാന് നേരിട്ട് പങ്കുള്ളതായി സൗദി അറേബ്യ കുറ്റപ്പെടുത്തി. സൗദിയില്‍ ഇതിനകം കൊറോണ സ്ഥിരീകരിച്ച അഞ്ചു പേര്‍ക്കും ഇറാനില്‍ നിന്നാണ് കൊറോണ ബാധിച്ചത്. ഇവര്‍ ഇറാന്‍ സന്ദര്‍ശിച്ച് ബഹ്‌റൈനും കുവൈത്തും വഴി രാജ്യത്ത് തിരികെ പ്രവേശിക്കുകയായിരുന്നു. രാജ്യത്തേക്കുള്ള മടക്കയാത്രയില്‍ തങ്ങള്‍ ഇറാന്‍ സന്ദര്‍ശിച്ച കാര്യം അതിര്‍ത്തി പ്രവേശന കവാടങ്ങളില്‍ ഇവര്‍ അധികൃതര്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയിരുന്നില്ല.
സൗദി പൗരന്മാര്‍ ഇറാന്‍ സന്ദര്‍ശിക്കുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള അനുമതി പ്രയോജനപ്പെടുത്തി സൗദി പൗരന്മാര്‍ അയല്‍ രാജ്യങ്ങളില്‍ പോകുകയും അവിടങ്ങളില്‍നിന്ന് ഇറാനിലേക്ക് പോകുകയുമാാണ് ചെയ്യുന്നത്. ഇങ്ങിനെ ഇറാനില്‍ പ്രവേശിക്കുന്ന സൗദി പൗരന്മാരുടെ പാസ്‌പോര്‍ട്ടുകളില്‍ ഇറാന്‍ അധികൃതര്‍ സീല്‍ പതിക്കുന്നില്ല.
രാജ്യത്ത് പ്രവേശിക്കുന്നവരുടെ പാസ്‌പോര്‍ട്ടുകളില്‍ ഇറാന്‍ അധികൃതര്‍ സീല്‍ പതിക്കാത്തതിനാല്‍ ലോകത്ത് കൊറോണ വ്യാപനത്തില്‍ ഇറാന് നേരിട്ട് ഉത്തരവാദിത്തമുണ്ട്. ഇറാന്റെ നിരുത്തവാദപരമായ പ്രവൃത്തി ആഗോള തലത്തില്‍ ജനങ്ങളുടെ ആരോഗ്യ സുരക്ഷക്ക് ഭീഷണിയാണ്. കൊറോണ വൈറസ് നിര്‍മാര്‍ജനത്തിന് ആഗോള സമൂഹം നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇറാന്റെ ചെയ്തി തുരങ്കം വെക്കുകയാണ്.
കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഇറാന്‍ സന്ദര്‍ശിച്ച സൗദി പൗരന്മാര്‍ ഉടന്‍ ഇക്കാര്യം സ്വമേധയാ വെളിപ്പെടുത്തുകയും രോഗവ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് അറിയുന്നതിന് 937 എന്ന നമ്പറില്‍ ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും വേണം.
നിലവില്‍ ഇറാനിലുള്ള സൗദി പൗരന്മാര്‍ രാജ്യത്ത് തിരിച്ചെത്തിയാലുടന്‍ അക്കാര്യം ബന്ധപ്പെട്ട വകുപ്പുകള്‍ക്കു മുന്നില്‍ വെളിപ്പെടുത്തണം. ഇറാന്‍ സന്ദര്‍ശിച്ച കാര്യം 48 മണിക്കൂറിനകം ബന്ധപ്പെട്ട വകുപ്പുകള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുന്നതിന് സ്വമേധയാ മുന്നോട്ടുവരുന്നവരെ പാസ്‌പോര്‍ട്ട് നിയമം അനുസരിച്ച ശിക്ഷാ നടപടികളില്‍നിന്ന് ഒഴിവാക്കും.
ഇറാന്‍ സന്ദര്‍ശിച്ച സൗദി പൗരന്മാരുടെ ആരോഗ്യ സുരക്ഷയുടെ കാര്യത്തില്‍ രാജ്യത്തിന് അതീവ ഉല്‍ക്കണ്‍ഠയുണ്ട്. രോഗം പടര്‍ന്നുപിടിച്ച രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരുടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഗവണ്‍മെന്റ് ആഗ്രഹിക്കുന്നു. ഇതുകൊണ്ടാണ് ശിക്ഷാ നടപടികള്‍ കൂടാതെ, ഇറാന്‍ സന്ദര്‍ശിച്ച കാര്യം സ്വമേധയാ വെളിപ്പെടുത്തുന്നതിന് സൗദി പൗരന്മാര്‍ക്ക് അവസരമൊരുക്കുന്നത്. സൗദി പൗരന്മാര്‍ ആരും തന്നെ ഇറാന്‍ സന്ദര്‍ശിക്കരുത്. ഇനി മുതല്‍ വിലക്ക് ലംഘിച്ച് ഇറാന്‍ സന്ദര്‍ശിക്കുന്നവര്‍ക്കെതിരെ ഏറ്റവും കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കി.
നിയമം ലംഘിച്ച് ഫെബ്രുവരി ഒന്നു മുതല്‍ ഇറാന്‍ സന്ദര്‍ശിച്ച സൗദി പൗരന്മാരുടെ വിവരങ്ങള്‍ ഇറാന്‍ വെളിപ്പെടുത്തണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. ഇറാന്‍ സന്ദര്‍ശിച്ച സൗദി പൗരന്മാരെ കുറിച്ച വിവരങ്ങള്‍ ഇറാന്‍ അധികൃതര്‍ അറിയിക്കാത്തതിനാല്‍, ഇറാനില്‍ കഴിഞ്ഞ കാലത്ത് രോഗം പടര്‍ന്നുപിടിച്ച എല്ലാവരുടെയും പൂര്‍ണ ഉത്തരവാദിത്തം ഇറാനായിരിക്കും. രഹസ്യമായി ഇറാന്‍ സന്ദര്‍ശിക്കുന്ന സൗദി പൗരന്മാരുടെ വിവരങ്ങള്‍ ഇറാന്‍ മൂടിവെക്കുന്നതും നിയമ വിരുദ്ധമായി ഇറാന്‍ സന്ദര്‍ശിക്കുന്നതിന് സൗദി പൗരന്മാരെ അനുവദിക്കുന്നതും സൗദിയില്‍ മാത്രമല്ല, ലോകത്തെങ്ങും പൊതുജന സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് വിദേശ യാത്രാ വിലക്കും പതിനായിരം റിയാല്‍ പിഴയുമാണ് പാസ്‌പോര്‍ട്ട് നിയമം വ്യവസ്ഥ ചെയ്യുന്ന ശിക്ഷ. സൗദിയില്‍ കഴിയുന്ന വിദേശികള്‍ ഇറാന്‍ സന്ദര്‍ശിക്കുന്നതും വിലക്കിയിട്ടുണ്ട്. ഇത് ലംഘിച്ച് ഇറാന്‍ സന്ദര്‍ശിക്കുന്നവരെ രാജ്യത്തേക്ക് മടങ്ങാന്‍ അനുവദിക്കില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. സൗദി അറേബ്യയും ബഹ്‌റൈനും കുവൈത്തും ഖത്തറും അടക്കം മേഖലയിലെ പത്തിലേറെ രാജ്യങ്ങളില്‍ കൊറോണ വൈറസ് എത്തിയത് ഇറാനില്‍ നിന്നാണ്.