പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സ്ത്രീ പറയുന്നത് പരസ്പരവിരുദ്ധം

കൊല്ലം- പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ച നോടോടി സ്ത്രീ പോലീസിനോട് പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങള്‍. സ്ത്രീക്ക് മാനസികാസ്വാസ്ഥ്യമുണ്ടോ എന്ന സംശയത്തിലാണ് പോലീസ്. കുട്ടിയുടെ അമ്മയുടെയും അധ്യാപകരുടെയും പരാതിയില്‍ കരുനാഗപ്പള്ളി പോലീസ് അന്വേഷണം തുടരുകയാണ്.

മയിലണ്ണന്‍ എന്നയാളാണു ലോറിയില്‍ കൊണ്ടു വന്നതെന്നും ഒരു കുട്ടിയെ കൊണ്ടുവന്നു തന്നാല്‍ പണം തരാമെന്ന് ഡോക്ടര്‍ പറഞ്ഞവെന്നുമാണ് സ്ത്രീ പോലീസിനോട് പറഞ്ഞത്.

ഇന്നലെയാണ് കരുനാഗപ്പള്ളി തുറയില്‍ക്കുന്ന് എസ്എന്‍യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി ജാസ്മിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.

അനുജത്തിക്ക് ബിസ്‌കറ്റ് വാങ്ങാന്‍ രാവിലെ കടയില്‍ പോയ ജാസ്മിന്റെ കൈയില്‍ നാടോടി സ്ത്രീ കയറി പിടിച്ചപ്പോള്‍ കുതറി ഓടുകയായിരുന്നു.  60 വയസ്സു തോന്നിക്കുന്ന സ്ത്രീ ലയാളവും തമിഴും ഇടകലര്‍ത്തിയാണു സംസാരിക്കുന്നത്. പേരു ജ്യോതി എന്നാണെന്നും പൊള്ളാച്ചിയാണു സ്വദേശമെന്നും പോലീസിനോട് പറഞ്ഞു.

രാവിലെ ഒമ്പത് മണിയോടെയാണ് ജാസ്മിന്‍ വീടിനടുത്തുള്ള കടയില്‍ ബിസ്‌കറ്റ് വാങ്ങാന്‍ പോയത്. പിന്നാലെ എത്തിയ സ്ത്രീ കയ്യില്‍ പിടിച്ചശേഷം എന്റെ കൂടെ വാ മോളെ എന്നു പറഞ്ഞുവെന്നാണ്  കുട്ടി പോലീസിനോട് പറഞ്ഞത്.
കുതറിയോടിയ കുട്ടി അടുത്ത വീട്ടില്‍ അഭയം തേടുകയായിരുന്നു. കടന്നുകളയാന്‍ ശ്രമിച്ച സ്ത്രീയെ നാട്ടുകാര്‍ തടഞ്ഞുവച്ചു പോലീസില്‍ ഏല്‍പിച്ചു.

 

Latest News