വ്യാജ ഡോക്ടര്‍ നാണയം വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചു

അരുവിക്കര- എസ്.എ.ടി. ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധന്‍ എന്നവകാശപ്പെട്ട് ചികിത്സ നടത്തിയതിനെ തുടര്‍ന്ന് പിടിയിലായ വ്യാജ ഡോക്ടര്‍ നാണയം വിഴുങ്ങി ആത്മഹത്യയ്ക്കു ശ്രമിച്ചു.

അരുവിക്കര പോലീസ് അറസ്റ്റുചെയ്ത നാവായിക്കുളം കുന്നുവിള പുത്തന്‍വീട്ടില്‍ രാജേഷ്(30) ആണ് പോലീസ് സ്‌റ്റേഷനില്‍വെച്ച് പത്തു രൂപയുടെ നാണയം വിഴുങ്ങിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ്  കൈയിലുണ്ടായിരുന്ന നാണയം വിഴുങ്ങിയത്. ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ അന്നനാളത്തില്‍ കുടുങ്ങിക്കിടന്ന നാണയം ഡോക്ടര്‍മാര്‍ പുറത്തെടുത്തു.

ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രാജപ്പന്‍ നായരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചാണ് റിമാന്റ് ചെയ്തത്. എസ്.എ.ടി. ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധന്‍ എന്നവകാശപ്പെട്ട്  ആറുവര്‍ഷമായി ചികിത്സിക്കുന്ന ഇയാള്‍ ഒരു യുവതി നല്‍കിയ പരാതിയെത്തുടര്‍ന്ന് അറസ്റ്റിലായത്.

 

Latest News