മക്ക- ആഗോള വ്യാപകമായി വലിയ ഭീതി സൃഷ്ടിച്ചിരിക്കുന്ന കൊറോണ വൈറസിനെതിരായ ജാഗ്രതയുടെ ഭാഗമായി വിശുദ്ധ ഹറമിലും നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കയാണ്.
ഉംറ തീര്‍ഥാടനം വിലക്കിയ പശ്ചാത്തലത്തില്‍ തീര്‍ഥാടകര്‍ കഅ്ബ പ്രദക്ഷിണം ചെയ്യുന്ന മതാഫും സഫാ മര്‍വ കുന്നുകള്‍ക്കിടയില്‍ സഅ്യ് കര്‍മം നിര്‍വഹിക്കുന്ന മസ്അയും പൂര്‍ണമായും അടിച്ചിട്ടുണ്ട്. മക്കയില്‍ ഹറമിനു ചുറ്റും താമസിക്കുന്നവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ സാധ്യമല്ല.
ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിച്ച് കഅ്ബയുടെ മുറ്റത്ത് ശുചീകരണ, അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചു.
മതാഫ് അടക്കുന്നതും ഉംറക്ക് തടസ്സം നേരിടുന്നതും ഇതാദ്യമല്ല.
1941 ലുണ്ടായ പ്രളയത്തില്‍ മസ്ജിദുല്‍ ഹറാമില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് തവാഫ് മുടങ്ങിയിരുന്നു. ഈ സമയത്ത് 14 വയസ്സായ ഒരു ബഹ്റൈനി ബാലന് നീന്തി തവാഫ് ചെയ്തത് വാര്‍ത്തയായിരുന്നു.

1958 ല്‍ മസ്ജിദുല്‍ ഹറാമിനകത്ത് വന്‍ തീപ്പിടിത്തമുണ്ടായപ്പോഴും തവാഫ് മുടങ്ങി. തീ നിയന്ത്രണ വിധേയമാക്കാന്‍ ദിവസങ്ങളെടുത്തിരുന്നു.

1979-ല്‍ ഹജിനുശേഷം തീവ്രവാദികള്‍ മസ്ജിദുല്‍ ഹറാം കൈയടക്കി. രണ്ടാഴ്ചയോളം ആരേയും പ്രവേശിപ്പിച്ചിരുന്നില്ല. ഒടുവില്‍ സൗദി സേനകള്‍ ഇരച്ചുകയറിയാണ് തീവ്രവാദികളെ കീഴ്പ്പെടുത്തിയത്.







