കെ.എസ്.ആർ.ടി.സി ബസുകൾ ആകാശത്ത് പാർക്ക് ചെയ്യാൻ പറ്റുമോ; -ഉദ്യോഗസ്ഥരെ പിന്തുണച്ച് സി.പി.ഐ

കൊച്ചി- തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരെ പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കെ.എസ്.ആർ.ടി.സി ബസ് ആകാശത്ത് കൊണ്ടുപോയി പാർക്ക് ചെയ്യാൻ പറ്റുമോയെന്ന് കാനം രാജേന്ദ്രൻ ചോദിച്ചു. കൊച്ചിയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നടുറോഡിൽ കെ.എസ്.ആർ.ടി.സി ബസുകൾ ഇട്ട് പ്രതിഷേധിച്ചത് അംഗീകരിക്കാൻ കഴിയുമോയെന്ന ചോദ്യത്തിനാണ് പിന്നെ ആകാശത്ത് കൊണ്ടുപോയി ഇടാൻ പറ്റുമോയെന്ന കാനം രാജേന്ദ്രന്റെ മറു ചോദ്യം.
 വണ്ടി എവിടെയെങ്കിലും പാർക്ക് ചെയ്യണ്ടേയെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുണ്ടായ പ്രശ്‌നത്തിനോട് പോലീസ് സ്വീകരിച്ച സമീപനമെന്തായിരുന്നു. ഒരു പ്രശ്‌നമുണ്ടായാൽ അത് ഒത്തുതീർക്കുകയും പരിഹാരം കാണാനുമുള്ള നടപടി വേണം. സർക്കാരിന്റെ രണ്ടു ഡിപാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ ചർച്ചയാണ് ജനങ്ങൾക്ക് ഇത്രയേറെ ദുരിതമുണ്ടാക്കിയ സാഹചര്യം സൃഷ്ടിച്ചത്. 


സംഭവത്തിനു പിന്നിലെ കാര്യങ്ങൾ സംബന്ധിച്ച് സർക്കാർ വിശദമായി അന്വേഷണം നടത്തി ആരാണ് ഉത്തരാവാദികൾ എന്ന് കണ്ടെത്തി അവർക്കെതിരെ ശക്തമായ നടപടി എടുക്കണം. ഏകപക്ഷീയമായ നടപടി പാടില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. തിരുവനന്തപരും എന്നല്ല ഒരിടത്തും ഇത്തരത്തിലുള്ള മിന്നൽ പണിമുടക്ക് പാടില്ല. ഒരു യൂനിയനും ഒദ്യോഗികമായി സമരവും മിന്നൽ പണിമുടക്കും പ്രഖ്യാപിച്ചിരുന്നില്ല. പക്ഷേ അതുണ്ടാകാനുള്ള സാഹചര്യം എങ്ങനെയുണ്ടായി എന്ന് ആലോചിക്കുകയാണ് ആദ്യം വേണ്ടതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. 


ഇന്നലെ രാവിലെ ഒമ്പതര മണിക്കാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തത്. 11.30 നാണ് പണിമുടക്ക് നടന്നത്. 9.30 മുതൽ 11.30 വരെയുള്ള രണ്ടു മണിക്കൂറിനുള്ളിൽ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം നടത്താമായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരെയാണ് അറസ്റ്റു ചെയ്തത്. അവർക്ക് പോലീസ് സ്‌റ്റേഷനിൽ നിന്നും ജാമ്യം കൊടുക്കാവുന്ന വകുപ്പുകൾ ഉപയോഗിക്കണമെന്ന് പറഞ്ഞപ്പോൾ ജാമ്യം കിട്ടാത്ത വകുപ്പുകൾ ചേർത്താണ് അവരെ അറസ്റ്റ് ചെയ്തത്. അതിലാണ് തൊഴിലാളികൾ പ്രതിഷേധിച്ചതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

Latest News