സ്ത്രീധനത്തിന്റെ പേരില്‍ പീഡനം; ഫഌപ്കാര്‍ട്ട്  സഹസ്ഥാപകനെതിരെ പരാതിയുമായി ഭാര്യ

ബംഗളൂരു- സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചുവെന്നാരോപിച്ച് ഫഌപ്കാര്‍ട്ടിന്റെ സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാലിയുടെ ഭാര്യ രംഗത്ത്. ബംഗളൂരു കൊറമംഗല പൊലീസ് സ്‌റ്റേഷനിലാണ് സച്ചിനെതിരെ ഭാര്യ പരാതി നല്‍കിയിരിക്കുന്നത്. ഇയാളുടെ വീട്ടുകാരും തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നാണ് വിവരം.
ഭാര്യാസഹോദരിയേയും സച്ചിന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നുണ്ട്. സച്ചിന്‍ ബന്‍സാലി, പിതാവ് സാത് പ്രകാശ് ബന്‍സാലി, സഹോദരന്‍ നിതിന്‍ ബന്‍സാലി, അമ്മ കിരണ്‍ ബന്‍സാലി എന്നിവര്‍ക്കെതിരെയാണ് പരാതി.
2008 ഏപ്രിലിലാണ് ഇവരുടെ വിവാഹം നടന്നത്. 50 ലക്ഷം രൂപയാണ് ഭാര്യയുടെ വീട്ടുകാര്‍ വിവാഹത്തിന് വേണ്ടി ചെലവാക്കിയത്. എന്നാല്‍ കാറിന് പകരമായി പതിനൊന്ന് ലക്ഷം രൂപ സച്ചിന്‍ ആവശ്യപ്പെട്ടുവെന്നാണ് യുവതി പറയുന്നത്. തന്റെ പേരിലുള്ള സ്വത്തുക്കള്‍ സച്ചിന്റെ പേരിലാക്കാന്‍ സച്ചിന്റെ മാതാപിതാക്കള്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്നും വഴങ്ങാതെ വന്നതോടെ അവര്‍ വളരെ മോശമായി പെരുമാറിയെന്നും പരാതിയില്‍ ആരോപിക്കുന്നു.സ്ത്രീധനം ആവശ്യപ്പെട്ട് സച്ചിന്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നെന്നും യുവതി ആരോപിക്കുന്നുണ്ട്. അതേസമയം യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വിശദമാക്കി.

Latest News