Sorry, you need to enable JavaScript to visit this website.

കൊറോണയും പ്രവാസികളും

കൊറോണ വൈറസ് (കോവിഡ്19) വ്യാപനം ലോകത്തെയാകെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. ദിവസം കഴിയുന്തോറും എല്ലാ മേഖലകളിലും നഷ്ടക്കണക്കുകൾ കൂടുകയാണ്. 2003 ലെ സാർസ് ഭീഷണക്കും 2008 ലെ ലോക സാമ്പത്തിക പ്രതിസന്ധിക്കും ശേഷം ലോകം ഇത്രയേറെ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമാണ്. മരണ സംഖ്യ ഇതുവരെ 3222 കടന്നു. രോഗം ബാധിച്ചവരുടെ എണ്ണമാകട്ടെ 94,343 കടന്നിരിക്കുന്നു. ഇതിൽ 39,291 പേർ രോഗം ഗുരുതരമായി ബാധിച്ചവരാണ്. 76 രാജ്യങ്ങളെ ഇതിനകം വൈറസ് ബാധിച്ചു കഴിഞ്ഞു. രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയിൽ രോഗബാധയിൽ നേരിയ കുറവ് അനുഭവപ്പെടാൻ തുടങ്ങിയെങ്കിലും മറ്റിടങ്ങളിൽ അതിവേഗമാണ് വ്യാപിക്കുന്നത്. ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും കൊറോണ സ്ഥിരീകരിച്ചതോടെ ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി പൗരന്മാരുള്ള ഇന്ത്യയെയാവും പ്രതിസന്ധി കൂടുതൽ അലട്ടുക. 


രോഗ വ്യാപനം തുടരുകയും നിയന്ത്രണം ഇതുവരേക്കും സാധ്യമാവുകയും ചെയ്യാത്തിടത്തോളം കാലം ലോക സാമ്പത്തിക രംഗം അതിഗുരുതര പ്രതിസന്ധിയെയാവും വരും ദിവസങ്ങളിൽ അഭിമുഖീകരിക്കുക. വ്യോമയാന രംഗം നടപ്പു വർഷം 4.8 ശതമാനം വളർച്ചയാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇപ്പോഴത്തെ പ്രതിസന്ധി കണക്കിലെടുക്കുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ 4.1 ശതമാനം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈയിനത്തിൽ 29.3 ബില്യൺ ഡോളർ വരുമാനക്കുറവുണ്ടായേക്കാമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. വിവിധ രാജ്യങ്ങളിലെ നൂറുകണക്കിനു സർവീസുകൾ ഇതിനകം റദ്ദാക്കിയിട്ടുണ്ട്.  വിനോദ സഞ്ചാര മേഖല പാടെ തകർന്നിരിക്കുകയാണ്. ഒഴിച്ചുകൂടാനാവാത്തത് ഒഴികെ ആരും യാത്രക്കു തയാറാവുന്നില്ല. ഹോട്ടൽ മേഖലയുടെ സ്ഥിതി അതിദയനീമാണ്. സ്‌റ്റോക്ക് മാർക്കറ്റുകൾ കൂപ്പുകുത്തി. എണ്ണ വ്യാപാര മേഖലയിലെ സ്ഥിതിയും ശോചനീയമാണ്. അങ്ങനെ എല്ലാ രംഗത്തും പ്രതിസന്ധിയുടെ ആഴം കൂടുകയാണ്. വരും ദിവസങ്ങളിലായിരിക്കും ഇതിന്റെ പ്രതിഫലനം കൂടുതൽ അനുഭവപ്പെടുക. 


കോവിഡ് 19  പ്രതിസന്ധി ഗൾഫ് മേഖലയിലെ പ്രവാസികളെ വറചട്ടിയിൽനിന്ന് എരിചട്ടിയിലേക്ക് എടുത്ത് എറിയപ്പെട്ടതു പോലെയാക്കിയിരിക്കുകയാണ്. തൊഴിൽ നഷ്ടവും വ്യാപാര രംഗത്തെ മാന്ദ്യവും വർധിച്ച ചെലവുകളുമെല്ലാം ഗൾഫിൽ കഴിയുന്നവരുടെ സ്ഥിതി ദയനീയമാക്കിയിരുന്നു. ഇതോടൊപ്പം കൊറോണ കൂടിയായപ്പോൾ പ്രതിസന്ധിയുടെയും പ്രായസങ്ങളുടെയും ആഴം വർധിച്ചു. വിമാന യാത്രകൾക്ക് നിയന്ത്രണം വന്നതോടെ ബിസിനസ് ആവശ്യാർഥം യാത്ര ചെയ്തിരുന്നവരും അവധിക്കാല യാത്രികരുമെല്ലാം യാത്ര പരമാവധി ഒഴിവാക്കാൻ നിർബന്ധിതരായിരിക്കുകയാണ്. ഇതിനിടെ വിമാന കമ്പനികൾ പലതും സർവീസുകൾ വെട്ടിക്കുറച്ചതും സർവീസുകൾ നിർത്തിവെച്ചതും ഭീമമായ നഷ്ടമാണ് പലർക്കും ഉണ്ടാക്കിയിരിക്കുന്നത്. 
മാർച്ചിൽ പരീക്ഷകളെല്ലാം അവസാനിക്കുന്നതോടെ ഒട്ടേറെ കുടുംബങ്ങൾ വിസിറ്റിംഗ് വിസയിലും മറ്റും ഗൾഫിലേക്ക് എത്തേണ്ടതാണ്. അതുപോലെ പരീക്ഷ കഴിഞ്ഞ് ഉപരിപഠനത്തിനും മറ്റുമായി നാട്ടിലേക്കും പോകാനൊരുങ്ങിയിരുന്നവർ ആയിരങ്ങളാണ്. പരീക്ഷ കഴിഞ്ഞ് കുടുംബങ്ങളെ കൊണ്ടുവരാനായി ടിക്കറ്റെടുത്തും താമസിക്കാൻ ഫഌറ്റുകളെടുത്തും കാത്തിരുന്ന പ്രവാസികൾക്ക് സാമ്പത്തിക നഷ്ടം മാത്രമല്ല, മാസനസിക പരിമുറുക്കവും ഉണ്ടായിരിക്കുകയാണ്. 
ഇവിടെ ഇപ്പോൾ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന, തുടർപഠനം ലക്ഷ്യമിട്ട് നാട്ടിൽ പ്രവേശന പരീക്ഷയും മറ്റും എഴുതാൻ ആഗ്രഹിക്കുന്ന കുട്ടികളെ എങ്ങനെ നാട്ടിലയക്കുമെന്നറിയാതെ ഇവിടെ കഴിയുന്നവരും വിഷമിക്കുന്നു. 


സൗദി അറേബ്യയിൽ ഉംറ, ടൂറിസ്റ്റ് വിസകളുടെ നിരോധനത്തോടെ ഈ മേഖല അതിഗുരുതര പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. അവധിക്കാലത്ത് ഉംറ നിർവഹിക്കാനും സൗദി അറേബ്യ സന്ദർശിക്കാനും കാത്തിരുന്നത് ആയിരങ്ങളായിരുന്നു. ഇവരുടെയല്ലാം യാത്ര മുടങ്ങി. അവധിക്കാലം അവസാനിക്കുന്നതിനു മുൻപ് ഇനി സന്ദർശനം സാധ്യമാകുമോ എന്ന കാര്യം തന്നെ സംശയത്തിലാണ്. അതുപോലെ മറ്റു ഗൾഫ് രാജ്യങ്ങളിലേക്കു പോകുന്നതിനും ആയിരങ്ങളാണ് തയാറെടുപ്പുകൾ നടത്തി വിമാന ടിക്കറ്റെടുമെടുത്ത് കാത്തിരുന്നത്. 
ഇവരിൽ പലരും യാത്ര റദ്ദാക്കാൻ നിർബന്ധിതരായിരിക്കുന്നു. കുവൈത്ത് കടുത്ത നിയന്ത്രണമാണ് കൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യയിൽനിന്ന് ഇനി കുവൈത്തിലെത്തുന്നതിനു കൊറോണ വൈറസ് ബാധിതരല്ലെന്നു തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കുവൈത്ത് എംബസിയിൽനിന്നു സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ കുവൈത്തിലേക്കുള്ള യാത്ര സാധ്യമാവൂ. അവധി ചെലഴിക്കാൻ പോയവർക്കു പോലും മടങ്ങണമെങ്കിൽ ഇതു വേണ്ടിവരും. ഇതുമൂലം ഉണ്ടാകാവുന്ന പ്രതിസന്ധി ചില്ലറയല്ല. 


ഇതിന്റെ ചുവടു പിടിച്ച് മറ്റ് ഗൾഫ് രാജ്യങ്ങളും ഇത്തരം നീക്കങ്ങൾ നടത്തിക്കൂടായ്കയില്ല. കാരണം ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നതും നിയന്ത്രണ വിധേയമെങ്കിലും ഗൾഫിലെ രോഗബാധിതരുടെ എണ്ണത്തിലുണ്ടായ വർധനയും ഇത്തരം നിയന്ത്രണങ്ങൾ കർശനമാക്കാൻ എല്ലാ രാജ്യങ്ങളെയും പ്രേരിപ്പിച്ചേക്കാം. 
കേരളത്തിന്റെ സാമ്പത്തിക രംഗം ഗൾഫിനെ ആശ്രയിച്ചു കഴിയുന്നതിനാൽ ഇന്ത്യയിൽ മറ്റേതൊരു സംസ്ഥാനത്തേക്കാളും ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുക കേരളത്തെയാവും. ഉംറ തീർഥാടനം മുടങ്ങിയ ഒറ്റ കാരണം കൊണ്ടു തന്നെ നൂറകണക്കിനു മലയാളികൾക്കാണ് തൊഴിൽ നഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടുള്ളത്. നാട്ടിലെ ഏജൻസികൾ മാത്രമല്ല, തീർഥാടകരെ ആശ്രയിച്ച് മക്കയിലും മദീനയിലും ഇടപാടുകൾ നടത്തിയിരുന്നവരെല്ലാം ഇപ്പോൾ തൊഴിൽ രഹിതരാണ്. 


ഏപ്പോഴും തിരക്കനുഭവപ്പെടുന്ന മക്കയും മദീനയും ആളൊഴിഞ്ഞ നിലയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.  നിരോധനം വരുന്നതിനു മുൻപുള്ള ഉംറ തീർഥാടകർ കൂടി പുണ്യകേന്ദ്രങ്ങൾ വിടുന്നതോടെ തീർഥാടകരെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ഹോട്ടൽ, ട്രാൻസ്‌പോർട്ടിംഗ്, എയർലൈൻസ് രംഗങ്ങൾക്കു പുറമെ വ്യാപാര സ്ഥാപനങ്ങളും ശൂന്യാവസ്ഥയിലേക്ക് മാറുന്നിടത്തേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ലോകത്തെയൊന്നാകെ ഞെട്ടിവിറപ്പിച്ചു മുന്നേറുന്ന കൊറോണക്ക് ഉടനടി ശമനം ഉണ്ടായില്ലെങ്കിൽ വൻ പ്രതിസന്ധിയെയാവും ലോകമൊന്നാകെയുള്ള ജനങ്ങൾ,  പ്രത്യേകിച്ച് പ്രവാസികൾ നേരിടുക. പ്രതിസന്ധികൾക്കും പ്രയാസങ്ങൾക്കുമിടയിലും രോഗബാധ ഉണ്ടാവാതിരിക്കാനുള്ള മുൻകരുതലുകളുടെ കാര്യത്തിൽ പ്രവാസികളായ നാം വിട്ടുവീഴ്ച കാണിക്കരുത്. 

Latest News