Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്റ്റൈൽ മന്നന്റെ മലക്കം മറിച്ചിൽ 

കേരളത്തെ പോലെയല്ല തമിഴ്‌നാട്. സിനിമാ താരങ്ങൾ ജനമനസ്സുകളെ സ്വാധീനിച്ച സംസ്ഥാനമാണത്. എം.ജി.ആറും ജയലളിതയും മുഖ്യമന്ത്രിമാരായി ഭരിച്ച നാട്. എം. കരുണാനിധിക്കുമുണ്ട് സിനിമാ ബന്ധം. ഇവരൊന്നുമില്ലാത്ത തെരഞ്ഞെടുപ്പിലേക്കാണ് അയൽ സംസ്ഥാനം നീങ്ങുന്നത്. തമിഴിലെ പ്രമുഖ നടന്മാരായ രജനീകാന്ത്, കമൽഹാസൻ, വിജയ് എന്നിവർക്ക് ദക്ഷിണേന്ത്യയിലെങ്ങും ഫാൻസുണ്ട്. കമൽഹാസൻ ബഹുമുഖ പ്രതിഭയാണെങ്കിൽ ന്യായമുള്ള ഓട്ടോക്കാരനായി ഹൃദയങ്ങൾ കീഴടക്കിയ താരമാണ് രജനീകാന്ത്. തമിഴിന്റെ മെഗാ സ്റ്റാർ രജനി പടങ്ങളിൽ മിന്നിമായുന്ന റോളാണെങ്കിൽ പോലും ഒപ്പം അഭിനയിക്കാനുള്ള മത്സരത്തിലാണ് താര റാണിമാർ. റാങ്കിംഗിൽ ഈ രണ്ട് താരങ്ങളേക്കാൾ അൽപം മുകളിലാണ് വിജയിയുടെ സ്ഥാനം. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഹിറ്റാവുന്നുവെന്നത് മാത്രമല്ല കാര്യം. യുവനടന്റെ നിലപാടുകൾ തമിഴ് ജനതക്ക് ഏറെ ഇഷ്ടമാണ്.

 

അടുത്ത കാലം വരെ ബി.ജെ.പിയുടെ വലിയ പ്രതീക്ഷയായിരുന്നു രജനീകാന്ത്. പോസിറ്റീവ് എനർജിയൊന്നും പകർന്നു കിട്ടിയതായി അറിയില്ലെങ്കിലും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ പിണക്കാത്ത ലൈനായിരുന്നു അദ്ദേഹത്തിന്റേത്. ദൽഹി കലാപത്തിന് ശേഷം അദ്ദേഹത്തിന്റേതായി കേട്ട പ്രസ്താവനകളിൽ മാറ്റം പ്രകടമാണ്. ഇന്റലിജൻസ് വീഴ്ചയിൽ പറഞ്ഞു തുടങ്ങിയ സ്റ്റൈൽ മന്നൻ ആഭ്യന്തര മന്ത്രാലയത്തിന്റെ പരാജയമാണെന്ന് വരെ കുറ്റപ്പെടുത്തി. 
ആത്മീയ രാഷ്ട്രീയവുമായി പോയാൽ പണി പാളുമെന്ന് തിരിച്ചറിഞ്ഞതാണെന്ന് നിരീക്ഷിക്കുന്നവരുണ്ട്.  ബി.ജെ.പിയുമായി ചേർന്ന് തമിഴക ഭരണം പിടിക്കാൻ ശ്രമിച്ചിരുന്ന രജനീകാന്ത് തിരിച്ചടി മുന്നിൽ കണ്ടാണ് നിലപാട് മാറ്റിയത്. ദൽഹി കലാപം മാത്രമല്ല, തമിഴകത്ത് ശക്തിപ്പെടുന്ന സി.എ.എക്ക് എതിരായ സമരങ്ങളുമാണ് നിലപാട് മാറ്റത്തിന് രജനിയെ പ്രേരിപ്പിച്ചത്. രാജ്യത്തിന്റെ സമാധാനം നിലനിർത്താൻ എന്തു പങ്കു വഹിക്കാനും താൻ തയാറാണെന്നാണ് രജനി ഇപ്പോൾ പറയുന്നത്. 


ഒരു രാജ്യത്തിന്റെ പ്രധാന ലക്ഷ്യം സ്‌നേഹം, ഐക്യം, സമാധാനം എന്നിവ ആയിരിക്കണമെന്ന മുസ്‌ലിം സംഘടനാ നേതാക്കളുടെ അഭിപ്രായത്തോടും രജനി യോജിപ്പ് പ്രകടിപ്പിച്ചു.  കലാപം അടിച്ചമർത്തണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രജനി നീക്കങ്ങൾ നടത്തിയത്.
ഇതിൽ പ്രധാനം മുസ്‌ലിം  സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ച തന്നെയാണ്. ദൽഹി കലാപത്തിന്റെ ഉത്തരവാദിത്തം  കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണെന്ന്  രജനി തുറന്നടിച്ചിരുന്നു. മുസ്‌ലിം  സമുദായത്തിന്റെ വികാരം ഉൾക്കൊള്ളുന്നുവെന്നാണ് സമുദായ നേതാക്കളെ അദ്ദേഹം അറിയിച്ചത്.
സൂപ്പർ താരങ്ങളായ രജനീകാന്തും കമൽ ഹാസനും ഒരുമിച്ചു നിന്നാൽ ചിത്രം മാറുമെന്നതിൽ സംശയമില്ല. 2021 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുവരും സഖ്യം രൂപീകരിക്കും എന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുമുണ്ട്. 


കമൽഹാസൻ തന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യം 2018 ൽ ആരംഭിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിച്ച പാർട്ടി രണ്ട് ശതമാനം വോട്ടുകൾ നേടിയെങ്കിലും സീറ്റുകളിൽ ഒന്നും വിജയിച്ചില്ല. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ പാർട്ടി. 
കരുണാനിധിയും ജയലളിതയുമില്ലാതെ തമിഴ്‌നാട് രാഷ്ട്രീയം നേതൃശൂന്യത നേരിട്ടു വരികയാണ് കുറച്ചു കാലമായി. ഇവരെ രണ്ടു പേരെയും പോലെയോ അതിൽ കൂടുതലോ ജനസ്വാധീനമുള്ള താരങ്ങളാണ് കമൽഹാസനും രജനീകാന്തും. വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള താരങ്ങൾ. കലാ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകൾ. സൂപ്പർ താരങ്ങളായ രജനീകാന്തും കമൽ ഹാസനും വരുമോ എന്ന ചൂടുപിടിച്ച ചർച്ചയിലാണ് തമിഴകം. 
അണ്ണാ ഡിഎംകെയും ഡിഎംകെയുമാണ് തമിഴ്‌നാട്ടിലെ പ്രധാന കക്ഷികൾ. രണ്ട് കൂട്ടരെയും വെല്ലുവിളിച്ച് രജനീകാന്തും കമൽ ഹാസനും ഒരുമിച്ച് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയാലെന്താവും? 


രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഇതുവരെ രജനി തയാറായിട്ടില്ല. പകരം മക്കൾ മൻട്രം എന്ന പേരിൽ ആരാധകരുടെ ഒരു കൂട്ടായ്മയുണ്ടാക്കി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കമലും രജനീകാന്തും ഒരുമിക്കുകയാണെങ്കിൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കും. അത്ഭുതങ്ങൾ പലതും സംഭവിക്കാം എന്നാണ് ഇരു താരങ്ങളും നൽകുന്ന സൂചന. 
ഈ രണ്ട് സൂപ്പർ സ്റ്റാറുകളും തമിഴകത്തിന്റെ ഹൃദയം കീഴടക്കിയവരാണ്. ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ കോടികൾ കൊയ്തവർ. ഖജനാവിലെ പണം കൈയിട്ട് വാരി ജീവിക്കേണ്ട കാര്യം രണ്ടു പേർക്കുമില്ല. ഇവർക്കൊപ്പം ദളപതി വിജയ് കൂടി ചേർന്നാൽ സംഗതി പൊടിപൊടിക്കും. 
രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ അടുത്തിടെ പറഞ്ഞത് തമിഴകത്ത് വിജയ് നിർണായകമാകുമെന്നാണ്. ദളപതി വിജയ്‌യെ പിണക്കുന്നവർക്ക്, വലിയ നഷ്ടമായി 2021 മാറുമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദളപതിയുടെ ജനകീയ സ്വീകാര്യത അതിശയിപ്പിക്കുന്നതാണെന്നാണ്  പ്രശാന്തിന്റെ വിലയിരുത്തൽ. 


ആദായ നികുതി വകുപ്പിന്റെ റെയ്ഡും ബി.ജെ.പി ഉപരോധവും ദളപതിയുടെ സ്വീകാര്യത  വർധിപ്പിക്കുകയാണ് ചെയ്തത്. റെയ്ഡിനും ബി.ജെ.പി ഉപരോധത്തിനും എതിരെ ഡി.എം.കെ രംഗത്തു വരാതിരുന്നതും തന്ത്രപരമാണ്. വിജയ് സ്വീകരിക്കാനിടയുള്ള രാഷ്ട്രീയ നിലപാടിലുള്ള അവ്യക്തതയായിരുന്നു ഇതിനു കാരണം. ജനരോഷം കേന്ദ്രത്തിന് എതിരായപ്പോൾ പതുക്കെ ഡി.എം.കെ നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ട്. രാജ്യസഭയിൽ ഡി.എം.കെ അംഗം ദയാനിധിമാരൻ വിഷയം ഉന്നയിച്ചത് ഇതോടെയാണ്. നിലവിൽ തമിഴകത്ത് ഏറ്റവും കൂടുതൽ ഫാൻസ്  ദളപതിക്കാണ്. പുതുതലമുറയിൽ വിജയ് ചെലുത്തിയ സ്വാധീനമാണ് ഇതിന് പ്രധാന കാരണം. ബി.ജെ.പിയും കേന്ദ്ര സർക്കാറും വേട്ടയാടിയതോടെ ന്യൂനപക്ഷ പിന്തുണയും അദ്ദേഹത്തിന് വർധിച്ചു.  സി.എ.എ വിരുദ്ധ പോരാട്ടത്തിൽ മുന്നിലുള്ള ഡി.എം.കെയെ ആശങ്കപ്പെടുത്തുന്ന പിന്തുണയാണിത്. വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ ആഗ്രഹിക്കുന്നത്. വിജയ് ഫാൻസ് രാഷ്ട്രീയ പാർട്ടിയായി മാറിയാൽ അത് നിലവിലെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കും.


ഡിഎംകെ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളെയാണ് ഏറെയും ആശ്രയിക്കുന്നത്. ദൽഹിയിലെ ഈ തന്ത്രങ്ങളുടെ വിജയമാണ് സ്റ്റാലിന് ആത്മവിശ്വാസം നൽകുന്നത്. കെജ്‌രിവാളിന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച പ്രശാന്ത് കിഷോറിന്റെ നിലപാടിന് ഏറെ പ്രസക്തിയുണ്ട്. 
ഡിഎംകെക്ക് തന്ത്രങ്ങളെല്ലാം ഒരുക്കുന്നത് പ്രശാന്ത് കിഷോറാണ്. വളരെ ശ്രദ്ധയോടെ നീങ്ങിയില്ലെങ്കിൽ തമിഴകം കൈവിടുമെന്നതാണ് പ്രശാന്തിന്റെ മുന്നറിയിപ്പ്. ഏറെ കെട്ടുറപ്പുള്ള കേഡർ പാർട്ടിയാണ് ഡിഎംകെ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അവർക്ക് ഏറെ നിർണായകമാണ്. ഇത്തവണ കൂടി ഭരണം കിട്ടിയില്ലെങ്കിൽ പാർട്ടി തന്നെ ഛിന്നഭിന്നമായിപ്പോകും. ഈ യാഥാർത്ഥ്യം അറിയുന്നതുകൊണ്ടാണ് സ്റ്റാലിൻ പ്രശാന്ത് കിഷോറിന്റെ സഹായം തേടിയിരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റൊഴികെ ബാക്കി മുഴുവൻ സീറ്റും തൂത്തുവാരിയത് ഡിഎംകെ സഖ്യമാണ്. ഭരണപക്ഷത്തിന് ഒരു സീറ്റ് മാത്രം ലഭിച്ചപ്പോൾ ഇടതുപക്ഷത്തിന് ലഭിച്ചതാകട്ടെ 4 സീറ്റുകളാണ്.


ഡിഎംകെ സഖ്യം ഇതുപോലെ തന്നെ മുന്നോട്ടു പോകണമെന്നതാണ് പ്രശാന്ത് കിഷോർ നൽകിയിരിക്കുന്ന ഉപദേശം. 
2014 ൽ മോഡിക്ക് വേണ്ടി പ്രവർത്തിച്ചാണ് പ്രശാന്ത് കിഷോർ തുടങ്ങിയത്. പിന്നീട് ബിഹാറിൽ ജെ.ഡി.യുവുമായും കോൺഗ്രസുമായും ചേർന്നും പ്രവർത്തിച്ചു. ജെ.ഡി.യു വൈസ് പ്രസിഡന്റായും ചുമതലയേറ്റു. പൗരത്വ വിഷയത്തിലുടക്കിയതോടെ ഈ സ്ഥാനത്ത് നിന്നും അദ്ദേഹം ഒഴിവാക്കപ്പെടുകയും ചെയ്തു. ദൽഹി തെരഞ്ഞെടുപ്പിന് മുൻപായിരുന്നു ഇത്. ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചതും പ്രശാന്ത് കിഷോറാണ്. ബംഗാളിൽ മമതക്ക് വേണ്ടിയും അദ്ദേഹം തന്നെയാണ് ഇപ്പോൾ തന്ത്രങ്ങൾ മെനയുന്നത്. ഇവിടങ്ങളിലൊന്നും ഇല്ലാത്ത രാഷ്ട്രീയ സാഹചര്യമാണ് തമിഴകത്തിപ്പോൾ നിലവിലുള്ളത്.
ഡിഎംകെയും വിജയ്‌യും ഒരു പക്ഷത്തും രജനിയും കമലും ~കൈകോർത്തു മറുപക്ഷത്തുമായാലും മത്സരം പൊടിപൊടിക്കും. ഈ മൂന്ന് ജനപ്രിയ താരങ്ങളും ഒരുമിച്ച് നിൽക്കുന്നതായിരിക്കും തമിഴ് ജനതക്ക് ഏറെ ഇഷ്ടം.  

Latest News