നാടകവണ്ടിക്ക് പിഴ; പ്രതിഷേധവുമായി പുരോഗമന കലാസാഹിത്യ സംഘം

ആലുവ- ചാവക്കാട് നാടകം അവതരിപ്പിക്കാന്‍ പുറപ്പെട്ട ആലുവ അശ്വതി തിയറ്റേഴ്‌സിന്റെ നാടകവണ്ടിക്ക് 24000 രൂപ പിഴ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയില്‍ പുരോഗമന കലാസാഹിത്യ സംഘം ശക്തിയായി പ്രതിഷേധിച്ചു. വാഹനത്തില്‍ വെച്ച ബോര്‍ഡിന്റെ വലിപ്പം അല്‍പം കൂടിപ്പോയതിനാണ് ഇത്രയും വലിയ പിഴ ചുമത്തിയത്. ഉദ്യോഗസ്ഥരുടെ നടപടി നിയമാനുസൃതമാണോ എന്ന് പരിശോധിക്കണമെന്ന് ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ ആവശ്യപ്പെട്ടു.

നടപടി നിയമാനുസൃതമാണെങ്കില്‍ തന്നെ വകുപ്പ് മേധാവികളും സര്‍ക്കാരും ഇടപെട്ട് ചുമത്തിയ പിഴ ഒഴിവാക്കാന്‍ തയ്യാറാവണം. എത്രയോ വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും സര്‍ക്കാര്‍ പ്രത്യേക പരിഗണനയും ഇളവുകളും നല്‍കുന്നുണ്ട്. സമൂഹത്തിന്റെ നന്മക്കും പുരോഗതിക്കും വേണ്ടി നിലകൊള്ളുന്നവരാണ് കേരളത്തിലെ നാടക കലാകാരന്മാരും കലാകാരികളും. ത്യാഗപൂര്‍ണ്ണമായ ജീവിതമാണ് അവരുടേത്. നാടകസംഘങ്ങള്‍ പണം വാരിക്കൂട്ടുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്നതല്ല. തീര്‍ച്ചയായും അവര്‍ സര്‍ക്കാരിന്റെ ആദരവും സഹായവും പരിഗണനയും അര്‍ഹിക്കുന്നു.

നാടകപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണ് സംസ്ഥാനത്തുള്ളതെന്ന് കഴിഞ്ഞ ബജറ്റ് പോലും വ്യക്തമാക്കിയിട്ടുള്ളതാണ്. ആലുവ അശ്വതി തിയറ്റേഴ്‌സിന്റെ മേല്‍ ചാര്‍ജ് ചെയ്ത കുറ്റം ഒഴിവാക്കി ഈടാക്കിയ പിഴത്തുക തിരിച്ചു നല്‍കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

Latest News