കണ്ണൂര്‍- ലോട്ടറി ടിക്കറ്റുകളും 850 രൂപയും മോഷ്ടിക്കപ്പെട്ടതായി പരാതി നല്‍കിയതിനു പിന്നാലെ ലോട്ടറി വില്‍പ്പനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂത്തുപറമ്പില്‍ ലോട്ടറി കച്ചവടം നടത്തിയിരുന്ന മാങ്ങാട്ടിടം ദേശബന്ധുവിനു സമീപം ആമ്പിലാട്ടെ മലര്‍വാടിയില്‍ യു.സതീശനാണ്(59) മരിച്ചത്. മോഷണത്തിനിരയായ ശേഷം പുറത്തുപോകാതെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു സതീശന്‍.
കഴിഞ്ഞ 26ന് പുലര്‍ച്ചെ വാനിലെത്തിയ സംഘമാണ് സതീശനെ ആക്രമിച്ച് ലോട്ടറി ടിക്കറ്റും 850 രൂപയും തട്ടിയെടുത്തത്. തുടര്‍ന്ന് കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. അഞ്ച് വര്‍ഷം മുന്‍പ് ശരീരം തളര്‍ന്നതിനു ശേഷമാണു സതീശന്‍ ലോട്ടറി വില്‍പനയിലേക്കു തിരിഞ്ഞത്. അതുവരെ സഹോദരന്‍ സന്തോഷിന്റെ കാനത്തുംചിറയിലെ മരമില്ലിലായിരുന്നു ജോലി. മുച്ചക്ര സ്‌കൂട്ടര്‍ ലഭിച്ചതോടെ നാല് വര്‍ഷത്തോളമായി പുലര്‍ച്ചെ നാലരയോടെ വീട്ടില്‍ നിന്നിറങ്ങി കൂത്തുപറമ്പിലെത്തി ടിക്കറ്റ് വില്‍പന നടത്തുമായിരുന്നു.
പുലര്‍ച്ചെയുള്ള യാത്രയ്ക്കിടെ എലിപ്പറ്റച്ചിറയില്‍ എസ്ബിഐക്കു സമീപം ആക്രമണമുണ്ടായതായാണു സതീശന്‍ പരാതിയില്‍ പറയുന്നത്. ലോട്ടറി ടിക്കറ്റ് ആവശ്യപ്പെട്ടു തൊട്ടരികെ വാഹനം നിര്‍ത്തിയ സംഘം മുഖത്ത് മുളക് സ്പ്രേ അടിച്ച് ബാഗ് തട്ടിയെടുത്തു. ബോധം നഷ്ടമായ സതീശനെ അതുവഴി വന്ന ഓട്ടോ ഡ്രൈവറാണ് ആശുപത്രിയിലെത്തിച്ചത്. അതിനു ശേഷം കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സതീശന്‍ വീട്ടില്‍ നിന്നു പുറത്തുപോയത്. കാനത്തുംചിറയിലെ മരമില്ലിനു സമീപമാണ് തൂങ്ങിമരിച്ചത്.






