Sorry, you need to enable JavaScript to visit this website.

ദുബായില്‍നിന്ന് മടങ്ങിയ ഉദ്യോഗസ്ഥന് കൊറോണ; ഐ.ടി സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍

ബംഗളൂരു-ദുബായില്‍നിന്ന് തിരിച്ചെത്തിയ ഇന്റെല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബംഗളൂരുവിലെ ഐ.ടി സ്ഥാപനങ്ങള്‍ക്ക് കര്‍ണാടക ആരോഗ്യവകുപ്പ് കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കി.

ജോലി സംബന്ധമായി ദുബായില്‍ പോയി കഴിഞ്ഞ മാസം മടങ്ങി എത്തിയ ഉദ്യോഗസ്ഥനാണ് രോഗ ബാധ സ്ഥിരീകരിച്ചത്. കൊറോണ ബാധിച്ച രാജ്യങ്ങളില്‍ പോയവര്‍ ഉടന്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ബംഗളൂരുവില്‍നിന്ന് യാത്രക്കുമുമ്പ് അനുമതി നേടിയിരിക്കണമെന്നുമാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ 14 ദിവസത്തിനിടെ ഏതെങ്കിലും കൊറോണ ബാധിച്ച രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും ബംഗളൂരുവില്‍നിന്ന് പുറത്തുപോകുന്നതിനു മുമ്പ് ആരോഗ്യ വകുപ്പില്‍ അനുമതി നേടിയിരിക്കണമെന്നുമാണ് കര്‍ണാടക ആരോഗ്യ വകുപ്പ് സെക്രട്ടറി ജാവേദ് അഖ്തര്‍ നല്‍കിയ നിര്‍ദേശങ്ങളില്‍ പറയുന്നത്.

ബംഗളൂരുവില്‍ കൊറോണ സ്ഥീരീകരിച്ച ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കയാണെന്ന് ഇന്റെല്‍ കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.

കൊറോണ ബാധിത രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാനാണ് കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചൈന, സൗത്ത് കൊറിയ,ജപ്പാന്‍, ഇറാന്‍, ഇറ്റലി, ഹോങ്കോംഗ്, മക്കാവു, വിയറ്റ്‌നാം, മലേഷ്യ, ഇന്തോനേഷ്യ, നേപ്പാള്‍, തായലന്‍ഡ്, സിംഗപ്പൂര്‍, തയ്‌വാന്‍, യു.എ.ഇ, ഖത്തര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് നേരിട്ടോ അല്ലാതെയോ ബംഗളൂരുവില്‍ എത്തുന്നവര്‍ എയര്‍പോര്‍ട്ടില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയരാകണം.

കര്‍ണാടകയില്‍ അഞ്ച് പേര്‍ കൂടി ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഇവരില്‍ മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. രണ്ടു പേരുടെ ഫലം ലഭിക്കാനുണ്ട്. കൊറോണ ബാധിത രാജ്യങ്ങളില്‍നിന്ന് തിരികെ എത്തിയ 637 യാത്രക്കാരെയാണ് ഇതുവരെ കണ്ടെത്തിയത്. ഇവരില്‍ 419 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അഞ്ച് ചൈനക്കാര്‍ രാജ്യം വിട്ടുവെന്നും അഞ്ച് പേര്‍ ആശുപത്രികളില്‍ ഐസൊലേഷനിലാണെന്നും ആരോഗ്യ പത്രക്കുറിപ്പില്‍ പറയുന്നു.

 

 

Latest News