കണ്ണൂർ- സംസ്ഥാനത്ത് ആദ്യമായി ലൈറ്റ് സേഫ് കോംപോസിറ്റ് എൽ.പി.ജി സിലിണ്ടറുകളുമായി തളിപ്പറമ്പിലെ സ്വകാര്യകമ്പനിയായ മലബാർ ഫ്യുവൽ കോർപറേഷൻ. മാർച്ച് ഏഴിനു തളിപ്പറമ്പ് എളംബേരം പാറയിലെ മലബാർ ഗ്യാസ് സെന്ററിൽ മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യുമെന്നു ബന്ധപ്പെട്ടവർ വർത്താസമ്മേളനത്തിൽ അറിയിച്ചു.
നിലവിലെ മെറ്റൽ സിലിണ്ടറുകളിൽനിന്നു വ്യത്യസ്തമായി ഭാരക്കുറവ്, പ്രായഭേദമന്യേ ഉപയോഗിക്കാൻ എളുപ്പം, ലീക്കോ, തുരുമ്പോ ഉണ്ടാവില്ല, സിലിണ്ടറിലെ ഗ്യാസ് ലെവൽ പുറമെ കാണാനും അതിനാൽ റീഫിൽ ചെയ്യാനുള്ള സമയം അറിയുവാനും സാധിക്കും, സാങ്കേതികമായി മികച്ചതും അതോടൊപ്പം അപകടസാധ്യത കുറവുമാണ് ഇത്തരം സിലിണ്ടറുകളുടെ ഉപയോഗത്തിലൂടെ കമ്പനി അവകാശപ്പെടുന്നത്. അഞ്ച്, 12, 17, 21 കിലോ ഗ്യാസ് സിലിണ്ടറുകൾ യഥാക്രമം 350, 820, 1250, 1450 രൂപക്കാണ് നൽകി വരുന്നത്. പത്തു കിലോമീറ്റർ ചുറ്റളവിൽ സിലിണ്ടറുകൾ എത്തിക്കുന്നതിന് 20 മുതൽ 30 രൂപ വരെയാണ് സർവീസ് ചാർജീടാക്കുന്നത്. ഓരോ കിലോ സിലിണ്ടറിനും ഡെപ്പോസിറ്റ് തുക നൽകണം. അഞ്ചു കിലോയുടെ സിലിണ്ടറിനു 2200 രൂപയും 21 കിലോയ്ക്ക് 3400 രൂപയുമാണ് ഡെപ്പോസിറ്റ് തുക. മാനേജിംഗ് ഡയറക്ടർ കെ.കെ സലീം, എം. മുസ്തഫ, മാനേജർ പി.എൻ.ഷൈജു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.






