മക്ക- ഉംറ തീര്‍ഥാടനത്തിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെ മക്ക അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി. വാഹനങ്ങള്‍ പരിശോധിച്ച് തീര്‍ഥാടകരെ തിരിച്ചയക്കുകയാണ് ചെയ്യുന്നത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് സൗദി പൗരന്മാരും രാജ്യത്ത് കഴിയുന്ന വിദേശികളും ഉംറ നിര്‍വഹിക്കുന്നത് ആഭ്യന്തര മന്ത്രാലയം താല്‍ക്കാലികമായി വിലക്കിയത്.
വിദേശങ്ങളില്‍ നിന്നുള്ളവര്‍ ഉംറ വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്നത് ദിവസങ്ങള്‍ക്കു മുമ്പ് വിലക്കിയിരുന്നു. ഇതിനു പുറമെ വലിയ തോതില്‍ കൊറോണ പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുന്നതും നിര്‍ത്തി.
കൊറോണ പടര്‍ന്നുപിടിച്ച രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ പതിനാലു ദിവസം പിന്നിടാതെയും രോഗവിമുക്തരാണെന്ന് ഉറപ്പുവരുത്താതെയും ഗള്‍ഫ് രാജ്യങ്ങള്‍ വഴി സൗദിയില്‍ പ്രവേശിക്കുന്നതും തടഞ്ഞിട്ടുണ്ട്. കൂടാതെ സൗദി പൗരന്മാരും ഗള്‍ഫ് പൗരന്മാരും തിരിച്ചറിയല്‍ കാര്‍ഡ് മാത്രം ഉപയോഗിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനും സൗദിയില്‍ പ്രവേശിക്കുന്നതിനും താല്‍ക്കാലികമായി വിലക്കി. കൊറോണ പടര്‍ന്നുപിടിച്ച രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരാണോയെന്ന് പാസ്‌പോര്‍ട്ടുകള്‍ പരിശോധിച്ച് എളുപ്പത്തില്‍ കണ്ടെത്താനാണ് ഈ വ്യവസ്ഥ.
സൗദിയില്‍ ഇതിനകം കൊറോണബാധ സ്ഥിരീകരിച്ച സൗദി പൗരന് ഇറാനില്‍ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ബഹ്‌റൈനില്‍ നിന്ന് കിംഗ് ഫഹദ് കോസ്‌വേ വഴി സൗദിയില്‍ തിരികെ പ്രവേശിക്കുമ്പോള്‍ ഇറാന്‍ സന്ദര്‍ശിച്ച വിവരം ഇദ്ദേഹം അധികൃതര്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയിരുന്നില്ല. സൗദി പൗരന്മാര്‍ ഇറാന്‍ സന്ദര്‍ശിക്കുന്നത് വര്‍ഷങ്ങള്‍ക്കു മുമ്പ് വിലക്കിയിട്ടുണ്ട്. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്ന സൗദി പൗരന്മാര്‍ അവിടങ്ങളില്‍ നിന്നാണ് അധികൃതര്‍ അറിയാതെ ഇറാനിലേക്ക് പോകുന്നത്.
കൊറോണ വ്യാപനം തടയുന്നതിന് വിവിധ വകുപ്പുകള്‍ ഊര്‍ജിത ശ്രമങ്ങളാണ് നടത്തുന്നത്. വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും രോഗവ്യാപനം തടയുന്നതിന് എല്ലാവിധ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുന്നുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട പുതിയ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിന് രൂപീകരിച്ച പ്രത്യേക കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സൗദി പൗരന്മാരും വിദേശികളും ഉംറ നിര്‍വഹിക്കുന്നത് താല്‍ക്കാലികമായി വിലക്കിയത്. വിലക്ക് ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതമാക്കിയ സാഹചര്യം ഇല്ലാതാകുന്നതോടെ വിലക്ക് എടുത്തുകളയുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.






