റിയാദ് - പൈലറ്റില്ലാ വിമാന (ഡ്രോൺ) നിർമാണ വ്യവസായത്തിന് സൗദിയിൽ തുടക്കം. സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആന്റ് ടെക്‌നോളജി സോൺസ് ഡയറക്ടർ ജനറൽ എൻജിനീയർ ഖാലിദ് അൽസാലിം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വ്യാവസായിക നിക്ഷേപത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു. വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിലും വ്യവസായ ശാക്തീകരണത്തിനുള്ള തന്ത്രം മെച്ചപ്പെടുത്തുന്നതിലും കൂടുതൽ ഫലപ്രദമായ സംഭാവനകൾ നൽകാനാണ് സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആന്റ് ടെക്‌നോളജി സോൺസ് ശ്രമിക്കുന്നതെന്നും എൻജിനീയർ ഖാലിദ് അൽസാലിം പറഞ്ഞു.
ഡ്രോൺ നിർമാണ കേന്ദ്രം സ്ഥാപിക്കുന്നതിന് റിയാദ് സെക്കന്റ് ഇൻഡസ്ട്രിയൽ സിറ്റിയിൽ ഇൻട്ര ഡിഫൻസ് ടെക്‌നോളജീസിന് സ്ഥലം വാടകക്ക് നൽകുന്നതിന് സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആന്റ് ടെക്‌നോളജി സോൺസ് കരാർ ഒപ്പുവെച്ചിട്ടുണ്ട്. സൈനിക വ്യവസായങ്ങൾക്ക് അനുബന്ധ സേവനങ്ങൾ ആവശ്യമാണ്. ഇത് ടെലികോം, ഐ.ടി മേഖലയുടെ വികസനത്തിനും സഹായിക്കും. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്ക് സംഭാവന ചെയ്യുന്ന സൗദി വിദഗ്ധരെ വാർത്തെടുക്കുന്നതിന് ഇതെല്ലാം സഹായകമാകും. സൈനിക വ്യവസായങ്ങൾക്ക് സൗദിയിൽ ഏറെ ആവശ്യമുണ്ട്. 2030 ഓടെ സൈനിക മേഖലയിൽ വിനിയോഗിക്കുന്ന പണത്തിന്റെ 50 ശതമാനത്തിലധികം രാജ്യത്തിനകത്തു തന്നെ ചെലവഴിക്കാനാണ് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നത്. ആഗോള തലത്തിൽ ഏറ്റവും പുരോഗതി കൈവരിച്ച സൈനിക വ്യവസായ മേഖലയിൽ പ്രവേശിക്കുന്നതിന് സൗദി അറേബ്യക്ക് അതിയായ ആഗ്രഹമുള്ളതായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും എൻജിനീയർ ഖാലിദ് അൽസാലിം പറഞ്ഞു.