റിയാദിൽ നിയമ ലംഘകർ പിടിയിൽ

റിയാദ് എക്‌സിറ്റ് 17 ൽ നിയമം ലംഘിച്ച് സ്വന്തം നിലക്ക് ബിസിനസ് സ്ഥാപനം നടത്തിയ ഏഷ്യൻ വംശജന്റെ പക്കൽ കണ്ടെത്തിയ പണം. 
റെയ്ഡിനിടെ പിടിയിലായ നിയമ ലംഘകർ 

റിയാദ് - തലസ്ഥാന നഗരിയിലെ എക്‌സിറ്റ് 17 ൽ വിവിധ വകുപ്പുകൾ സംയുക്തമായി കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിനിടെ 56 നിയമ ലംഘകർ പിടിയിലായി. ബിനാമിയായി സ്വന്തം നിലക്ക് സ്ഥാപനങ്ങൾ നടത്തിയവരും പിടിയിലായ കൂട്ടത്തിലുണ്ട്. 
നിയമ വിരുദ്ധമായി പ്രവർത്തിച്ചിരുന്ന പത്തു വ്യാപാര സ്ഥാപനങ്ങളും റെയ്ഡിനിടെ അടപ്പിച്ചു. എക്‌സിറ്റ് 17 ൽ നിയമ വിരുദ്ധരുടെ വലിയ സാന്നിധ്യമുള്ളതായി പരാതിപ്പെടുന്ന വീഡിയോ ക്ലിപ്പിംഗ് ചിത്രീകരിച്ച് സൗദി പൗരന്മാരിൽ ഒരാൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട് റിയാദ് ഗവർണറേറ്റ് ആണ് പ്രദേശത്ത് റെയ്ഡ് നടത്തി നിയമ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിന് നിർദേശം നൽകിയത്. 


തുടർന്ന് പോലീസ്, വാണിജ്യ മന്ത്രാലയം, ട്രാഫിക് പോലീസ്, ലേബർ ഓഫീസ്, നഗരസഭക്കു കീഴിലെ പരിസ്ഥിതി ആരോഗ്യ വകുപ്പ് എന്നിവ സംയുക്തമായി പ്രദേശത്ത് റെയ്ഡ് നടത്തി നിയമ ലംഘകരെ പിടികൂടുകയായിരുന്നു. ബിനാമി ബിസിനസ് സ്ഥാപനം നടത്തിയിരുന്ന അറബ് വംശജന്റെ പക്കൽ 9600 റിയാലും ഏഷ്യൻ വംശജന്റെ പക്കൽ 67,000 റിയാലും കണ്ടെത്തി. മറ്റൊരു സൗദി പൗരന്റെ പക്കൽ ഉറവിടമറിയാത്ത 2,47,000 റിയാൽ കണ്ടെത്തി.
 ഇഖാമ, തൊഴിൽ നിയമ ലംഘകരെ നാടുകടത്തുന്നതിന് ഡീപോർട്ടേഷൻ സെന്ററിന് കൈമാറി. മൂന്നു കുറ്റവാളികളെ നിയമ നടപടികൾ സ്വീകരിക്കുന്നതിന് ഫൈസലിയ പോലീസിനും കൈമാറി. 



 

Latest News