Sorry, you need to enable JavaScript to visit this website.

നീതിപീഠവും മോഡിയുടെ ചൊൽപടിയിൽ  

നാൽപതിലധികം മനുഷ്യ ജീവനുകൾ അപഹരിച്ച ദൽഹിയിലെ വർഗീയ കലാപത്തിനു പിന്നിലെ ആസൂത്രിത ഗൂഢാലോചന മറച്ചുവെക്കാനും കൊലപാതകങ്ങൾക്കും കൊള്ളിവെപ്പുകൾക്കും ഉത്തരവാദികളായവരെ നിയമത്തിന്റെ പിടിയിൽ നിന്ന് സംരക്ഷിക്കാനും മോഡി സർക്കാർ വാശിയോടെ രംഗത്ത് ഇറങ്ങിയിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതു ഞെട്ടിക്കുന്നതാണ്.
കലാപത്തിന് തുറന്ന ആഹ്വാനം ചെയ്ത ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ഖണ്ഡിതമായി നിർദേശിച്ച ദൽഹി ഹൈക്കോടതി ബെഞ്ചിലെ ജസ്റ്റിസ് എസ്. മുരളീധറിനെ അർധരാത്രി പഞ്ചാബ് - ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി. 


സ്വതന്ത്രവും നിർഭയവുമായി നീതി നടപ്പാക്കാൻ തികഞ്ഞ പ്രതിബദ്ധതയോടെ പ്രവർത്തിച്ചുവന്ന ന്യായാധിപനെയാണ് വൈര്യനിര്യാതന ബുദ്ധിയോടെ സ്ഥലം മാറ്റിയിരിക്കുന്നത്. ആ സ്ഥലംമാറ്റം പതിവു നടപടിക്രമമാണെന്ന വാദം അംഗീകരിക്കാൻ മാത്രം വിഡ്ഢികളാണ് ജനങ്ങളെന്ന ധാരണ മോഡി സർക്കാറിന്റെ സ്വേഛാധിപത്യ പ്രവണതയെയും ജനവികാരത്തോടുള്ള തികഞ്ഞ അവഗണനയുമാണ് തുറന്നുകാട്ടുന്നത്.


350 പേരുടെ മരണത്തിനിടയാക്കിയ മീററ്റ് വർഗീയ കലാപത്തിനെ തുടർന്ന് 42 മുസ്‌ലിം യുവാക്കളെ വെടിവെച്ചു കൊന്ന കേസിൽ ഉത്തർപ്രദേശിലെ കുപ്രസിദ്ധ പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റബുലറി (പി.എ.സി) യിലെ 16 ജവാന്മാരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത് ജസ്റ്റിസ് മുരളീധർ ആയിരുന്നു. 1964 ലെ സിക്ക് വിരുദ്ധ കലാപ കേസിൽ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജീവപര്യന്തം തടവു വിധിച്ചതും അദ്ദേഹമായിരുന്നു. രണ്ട് തവണ അദ്ദേഹത്തെ സ്ഥലംമാറ്റാൻ ശ്രമമുണ്ടായിട്ടും സുപ്രീം കോടതി കൊളീജിയം അംഗങ്ങൾ അടക്കം ന്യായാധിപ സമൂഹത്തിന്റെയും ബാർ കൗൺസിലിന്റെയും എതിർപ്പിനെ തുടർന്ന് നടപടി ഒഴിവാക്കുകയായിരുന്നു. 


ഇപ്പോൾ വടക്കു കിഴക്കൻ ദൽഹിയിലെ വർഗീയ കലാപത്തെ തുടർന്ന് ദൽഹി പോലീസിനെതിരെ, സോളിസിറ്റർ ജനറലിന്റെ എതിർപ്പ് വകവെക്കാതെ കൈക്കൊണ്ട കർക്കശ നിലപാടാണ് സ്ഥലംമാറ്റത്തിലേക്ക് നയിച്ചത്. 
ന്യായാധിപരെ സ്ഥലം മാറ്റരുതെന്ന് ആരും പറയില്ല. എന്നാൽ അത് ഭരണകൂട താൽപര്യത്തിന് അനുസരിച്ച് പ്രവർത്തിക്കാത്തതിന്റെ പേരിലാണെങ്കിൽ രാജ്യത്തിന്റെ നീതിന്യായ നിർവഹണത്തിന്റെ അവസ്ഥയും ഗതിയും എന്തെന്നു തിരിച്ചറിയാൻ മറ്റു മാർഗങ്ങൾ ആരായേണ്ടതില്ല.


ജസ്റ്റിസ് മുരളീധറിന്റെ രായ്ക്കുരാമാനമുള്ള സ്ഥലംമാറ്റം നീതിനിർവഹണം തടസ്സപ്പെടുത്താനും സത്യത്തിന്റെ മുഖം മറയ്ക്കാനും മോഡി സർക്കാർ നടത്തുന്ന കുത്സിത ശ്രമങ്ങളെയാണ് തുറന്നുകാട്ടുന്നത്. 
വടക്കുകിഴക്കൻ ദൽഹിയിലെ വർഗീയ കലാപം മോഡി ഭരണകൂടത്തിന്റെയും ബി.ജെ.പി ഉന്നത നേതൃത്വത്തിന്റെയും അറിവോടെയും ഒത്താശയോടെയുമാണ് അരങ്ങേറിയതെന്നതിന് കൂടുതൽ തെളിവുകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ദൽഹി തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ച എട്ട് നിയോജക മണ്ഡലങ്ങളിൽ ആറെണ്ണമായിരുന്നു കലാപത്തിന്റെ പ്രഭവകേന്ദ്രം. 
ആ നിയോജക മണ്ഡലങ്ങളാകട്ടെ, ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിനോട് ചേർന്നുകിടക്കുന്നവയാണ്. ആ മണ്ഡലങ്ങളിൽ ചുറ്റപ്പെട്ട, എ.എ.പി പ്രതിനിധാനം ചെയ്യുന്ന മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലാണ് അക്രമങ്ങളും കൊള്ളിവെപ്പും കൊലപാതകങ്ങളും അരങ്ങേറിയത്. പൗരത്വ ഭേദഗതി നിയമ വിരുദ്ധ സമരത്തിന് എതിരെ അക്രമത്തിന് ആഹ്വാനം ചെയ്തതും അയൽസംസ്ഥാനങ്ങളിൽ നിന്നുള്ളവരടക്കം സായുധ ഗുണ്ടകളെ ഇളക്കിവിട്ടതും ബി.ജെ.പി നേതാക്കളാണ്. അവർക്കെതിരെ കേസെടുത്താൽ ഗൂഢാലോചനയുടെ ചിത്രം പുറത്തു വരുമെന്നതുകൊണ്ടാണ് ജസ്റ്റിസ് മുരളീധറിനെ സത്വരം സ്ഥലം മാറ്റിയത്. അതിന്റെ പരിണത ഫലം ഉടൻ തന്നെ വ്യക്തമായി.


ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാൻ ദൽഹി പോലീസിന് നാലാഴ്ച സമയം അനുവദിച്ചിരിക്കുന്നു! പോലീസിനെയും നീതിപീഠത്തെയും നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടി പരസ്യമായി ദുരുപയോഗം ചെയ്യാൻ തങ്ങൾക്ക് തെല്ലും മടിയില്ലെന്ന് മോഡി ഭരണകൂടം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. നിയമ വാഴ്ചക്കും ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും മോഡി ഭരണകൂടം മറ്റൊരു കനത്ത പ്രഹരം കൂടി ഏൽപിച്ചിരിക്കുന്നു. 
നീതിന്യായ സംവിധാനത്തെ വരുതിയിലാക്കിയ മോഡി ഭരണകൂടം വടക്കുകിഴക്കൻ ദൽഹിയിലെ വർഗീയ കലാപത്തിന്റെയും കൊലപാതകങ്ങളുടെയും യഥാർത്ഥ ചിത്രം പുറത്തു വരാൻ ഒരിക്കലും അനുവദിക്കുമെന്നു കരുതാനാവില്ല. 


അങ്ങനെ വന്നാൽ ഭരണകൂടം തന്നെയായിരിക്കും പ്രതിസ്ഥാനത്ത്. സംഭവത്തെപ്പറ്റി സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം, അമിത് ഷായുടെ രാജി എന്നീ ആവശ്യങ്ങൾ മോഡി ഭരണത്തിൽ തെല്ലും ചലനം സൃഷ്ടിക്കില്ല. 
ജനകീയ സമരങ്ങൾ കരുത്തോടെ മുന്നോട്ടു കൊണ്ടുപോവുക മാത്രമാണ് ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവശേഷിക്കുന്ന ഏക മാർഗം.

Latest News