Sorry, you need to enable JavaScript to visit this website.

ബിജെപിക്കാര്‍ക്കെതിരെ കേസെടുക്കാന്‍ എന്താണ്  തടസ്സം; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂദല്‍ഹി- കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഡല്‍ഹിയെ കലാപത്തിലേക്ക് നയിക്കാന്‍ കാരണമായ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ ഇതുവരെ കേസെടുക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചിരിക്കുന്നത്.
കേസ് അനന്തമായി നീട്ടിവെച്ച ഡല്‍ഹി ഹൈക്കോടതിയുടെ നടപടിയെയും സുപ്രീം കോടതി വിമര്‍ശിച്ചു. കലാപം സംബന്ധിച്ച ഹര്‍ജി വെള്ളിയാഴ്ച പരിഗണനയ്ക്ക് എടുക്കണമെന്നും അടിയന്തരമായി തീര്‍പ്പുണ്ടാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം, നേതാക്കള്‍ക്കെതിരെ കേസെടുക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും നിലവിലെ സാഹചര്യത്തില്‍ കേസെടുക്കുന്നത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ ഈ നിലപാട് സുപ്രീംകോടതി തള്ളുകയാണ് ചെയ്തത്.
ബിജെപി നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് വ്യക്തമാണ്. കാരണം ഇത്തരക്കാരെ അറസ്റ്റ് ചെയ്യുന്നതിന് പകരം ബിജെപി സര്‍ക്കാര്‍ അവരുടെ സുരക്ഷ കൂട്ടുകയാണ് ചെയ്തത്. കപില്‍ മിശ്രക്കാണ് വൈ കാറ്റഗറി സുരക്ഷ നല്‍കിയത്. തനിക്ക് സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടികാണിച്ച് അദ്ദേഹം നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഈ നടപടി.
പൗരത്വ നിയമഭേദഗതിക്കെതിരെ ഷഹീന്‍ ബാഗ് അടക്കമുള്ളയിടങ്ങളില്‍ പ്രതിഷേധം നടത്തുന്നവരെ ഒഴിപ്പിച്ചില്ലങ്കില്‍ അവരെ ഒഴിപ്പിക്കാന്‍ തെരുവിലിറങ്ങും എന്നാണ് കപില്‍ മിശ്രയുടെ ഭീഷണി. ഡല്‍ഹി പൊലീസിനോടായിരുന്നു അദ്ദേഹം ഇത്തരത്തില്‍ ഭീഷണി മുഴക്കിയത്. ഇതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ കലാപം ഉണ്ടായത്.
കപില്‍ മിശ്രയ്‌ക്കൊപ്പം ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂര്‍, അഭയ് വര്‍മ്മ, പര്‍വേഷ് വര്‍മ്മ എന്നിവരാണ് വിവധ തരത്തിലുള്ള വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയത്.

Latest News