കൊറോണ ജാഗ്രത: ജി.സി.സി പൗരന്മാര്‍ക്ക് കൂടുതല്‍ നിയന്ത്രണം

റിയാദ്- കൊറോണ ബാധിച്ച രാജ്യങ്ങള്‍ സന്ദര്‍ശിച്ച ജി.സി.സി പൗരന്മാര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.

പുതിയ കൊറോണ വൈറസ് കോവിഡ്-19 ഗുരുതരമായി ബാധിച്ച രാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് താല്‍ക്കാലികമായി പ്രവേശനം വിലക്കിയതാണ് ഇവയില്‍ പ്രധാനം.

കൊറോണ ബാധിത രാജ്യത്തുനിന്ന് മടങ്ങിയ ശേഷം 14 ദിവസം പിന്നിട്ടവരെ മാത്രമേ സൗദിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുളളൂ. സന്ദര്‍ശിച്ച രാജ്യം വെളിപ്പെടുത്തുകയും വൈറസ് ബാധയുടെ ലക്ഷണങ്ങളില്ലെന്ന് ഉറപ്പാക്കുകയും വേണം. ഇതിനായി ജി.സി.സി രാഷ്ട്രങ്ങളുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കും. സൗദി അറേബ്യയില്‍നിന്ന് മറ്റു ജി.സി.സി രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കും ഇത് ബാധകമായിരിക്കും.
 
സൗദിയില്‍ ഒരു കൊറോണ രോഗബാധ മാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇറാനില്‍നിന്ന് ബഹ്‌റൈന്‍ വഴി മടങ്ങിയ ഇയാളുമായി ഇടപഴകിയ 70 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രാജ്യത്ത് 1400 ഐസൊലേഷന്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

ഗള്‍ഫില്‍ റിപ്പോര്‍ട്ട് ചെയ്ത ബഹുഭൂരിഭാഗവും ഇറാനുമായി ബന്ധപ്പെട്ടതാണ്. ഇറാന്‍ മരണസംഖ്യും രോഗബാധയും മറച്ചുവെക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

 

Latest News