Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷത്തിനു നേരെ മന്ത്രി ജയരാജന്റെ  'കള്ള റാസ്‌കൽ'; സഭയിൽ പ്രക്ഷുബ്ധ രംഗങ്ങൾ 

തിരുവനന്തപുരം- മന്ത്രി ഇ.പി.ജയരാജന്റെ മോശം പദപ്രയോഗം മുഖ്യമന്ത്രിയുടെ മൈക്കിലൂടെ പ്രതിപക്ഷം കേട്ടതോടെ സഭയിൽ പ്രക്ഷുബ്ധമായ രംഗങ്ങൾ അരങ്ങേറി. 
'കള്ള റാസ്‌കൽ, പോക്രിത്തരം കാണിക്കുന്നോ, വിടുവായത്തം പറയരുത്. ഇത് കവല ചട്ടമ്പിമാരുടെ വെല്ലുവിളിയെന്ന് വിചാരിക്കരുത്...' മന്ത്രി ഇ.പി ജയരാജൻ സഭയിൽ ഇത്തരത്തിൽ പദപ്രയോഗങ്ങൾ നടത്തിയെന്ന് വി.ഡി.സതീശൻ നിയമസഭയിൽ ആരോപിച്ചു.


നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി പറയവെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ നടന്ന വാഗ്വാദത്തിനിടയിലാണ് സഭാ രേഖകളിൽ ഉൾപ്പെടുത്താൻ പറ്റാത്ത പദപ്രയോഗങ്ങൾ കടന്ന് വന്നത്. സഭാ രേഖകളിൽ ഉൾപ്പെടുത്താൻ പറ്റില്ലെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പിന്നീട് അറിയിക്കുകയും ചെയ്തു. മിനിമം അന്തസ്സു പോലും ഇല്ലാത്ത ചിലർ പ്രതിപക്ഷത്തുണ്ടെന്നും അതിനു മറുപടി പറയാൻ താനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെയാണ് മുഖ്യമന്ത്രിയുടെ മൈക്കിൽ കൂടി മന്ത്രി ജയരാജന്റെ മറുപടി പ്രതിപക്ഷം കേട്ടത്. കാസർകോട് പെരിയയിൽ രണ്ടു യുവാക്കളെ സി.പി.എം പ്രവർത്തകർ കൊല ചെയ്ത കേസ് സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിലിന്റെ നോട്ടീസാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. പ്രതികളെ രക്ഷിക്കാൻ കേസ് സി.ബി.ഐക്ക് വിടുന്നതിനെതിരെ സർക്കാർ ലക്ഷങ്ങൾ നൽകിയാണ് അഭിഭാഷകരെ കൊണ്ടുവരുന്നത്. ഇത് പാവപ്പെട്ട ജനങ്ങളുടെ നികുതിപ്പണമാണ്. യുവാക്കളുടെ മരണാനന്തര ചടങ്ങിന് ഉപയോഗിച്ച വെള്ള മുണ്ടിന്റെയും ചന്ദനത്തിരിയുടെയും നികുതി പണത്തിൽ നിന്നും ഉപയോഗിച്ച പണം വരെ അഭിഭാഷകർക്ക് നൽകിയതിലുണ്ടെന്നും ആരോപിച്ചു. ഇത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു.


മറുപടി പറഞ്ഞ മുഖ്യമന്ത്രി എന്തെങ്കിലും വിടുവായത്തം പറയരുതെന്ന് പറഞ്ഞതോടെ സഭയിൽ ബഹളമായി. ഇതോടെ ഭരണപക്ഷവും എണീറ്റു. ഭരണപക്ഷത്തെ യുവാക്കളും പ്രതിരോധിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഇരിപ്പിടം വരെയെത്തി. എടാ പോടാ വിളികളായി. വിഷയം കൈവിട്ടു പോകുമെന്ന് കണ്ടതോടെ സ്പീക്കർ ഇരിപ്പിടത്തിൽ നിന്ന് എണീറ്റ് നിന്ന് സഭയെ നിയന്ത്രിക്കേണ്ടി വന്നു.  ചെയർ എണീറ്റ് നിന്നാണ് പറയുന്നത്. നിങ്ങൾ യഥാസ്ഥാനങ്ങളിൽ പോകണം. സഭ്യേതര വാക്കുകൾ രേഖകളിൽ നിന്നു മാറ്റുമെന്നും പറഞ്ഞു. എന്നാൽ വീണ്ടും മറുപടി പറഞ്ഞ മുഖ്യമന്ത്രി വിടുവായത്തം എന്ന വാക്ക് ഇനിയും പറയും എന്ന് വ്യക്തമാക്കി. 

Latest News