Sorry, you need to enable JavaScript to visit this website.

മകളുടെ പിറന്നാൾ മസ്ജിദിൽ; സായൂജ്യമടഞ്ഞ് നാരായണനും കുടുംബവും

നാരായണൻ-പ്രിയ ദമ്പതികളുടെ മകൾ നിഖിതയുടെ പിറന്നാൾ ചിയ്യാനൂർ മസ്ജിദിൽ ആഘോഷിച്ചപ്പോൾ.

ചങ്ങരംകുളം- മലപ്പുറത്ത് സാഹോദര്യത്തിനും സൗഹാർദത്തിനും മറ്റൊരു മാതൃക സൃഷ്ടിച്ച് ചിയ്യാനൂർ സ്വദേശിയായ നാരായണന്റെ കുടുംബം. 
ചങ്ങരംകുളം ചിയ്യാനൂർ കൈപ്ര വളപ്പിൽ നാരായണൻ-പ്രിയ ദമ്പതികളാണ് തങ്ങളുടെ കൺമണിയുടെ പിറന്നാളാഘോഷം വീടിനടുത്തുള്ള ജുമാമസ്ജിദിൽ മദ്രസാ വിദ്യാർഥികൾക്കും അധ്യാപകർക്കും ഭക്ഷണം വിളമ്പി ആഘോഷമാക്കിയത്. 


ഇന്നലെ രാവിലെ ചിയ്യാനൂർ ജുമാമസ്ജിദ് ജീവനക്കാർക്കും മദ്രസയിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും നാരായണനും കുടുംബവും സുഹൃത്തുക്കളും ചേർന്ന് ഭക്ഷണം ഒരുക്കുകയായിരുന്നു. തുടർന്ന് ജാതി മത ഭേദമന്യേ നാട്ടിലെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മദ്രസയിൽ വെച്ച് തന്നെ ഭക്ഷണം നൽകി. ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന നാരായണന്റെ മകൾ നിഖിതക്ക് മസ്ജിദ് ഭാരവാഹികൾ ഉപഹാരം നൽകി. ബന്ധങ്ങളെ ദൃഢമാക്കി നാട്ടിലെ സൗഹാർദങ്ങൾ നിലനിർത്താനാണ് ഇത്തരമൊരു പിറന്നാളാഘോഷം ഒരുക്കാൻ കാരണമായതെന്ന് നാരായണൻ പറഞ്ഞു. വി.എ നിസാർ, സുധീർ ചെമ്പേത്ത്, ബിജു നെല്ലിക്കൽ, വി.പി.രാജേഷ്, വെളുത്തേടത്ത് വളപ്പിൽ മയമുണ്ണി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

 

Latest News