കോഴിക്കോട്- കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ അധിക്ഷേപപരവും ഭീഷണി നിറഞ്ഞതുമായ ഫേസ് ബുക്ക് കമന്റിട്ടയാള്‍ക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. മര്‍കസ് ലോ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ അഡ്വ. സി അബ്ദുല്‍ സമദാണ് പരാതി നല്‍കിയത്.
കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനും കലാപം സൃഷ്ട്ടിക്കുവാനുമുള്ള ഗൂഡാലോചനയുടെ ഫലമാണ് ഈ പോസ്‌റ്റെന്ന് സംശയിക്കുന്നതായും പ്രകോപനപരമായ പോസ്റ്റിട്ടയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം, ഐ,ടി നിയമം എന്നിവ പ്രകാരം കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

മീഡിയ വണ്‍ ചാനലിന്റെ വാര്‍ത്താ ലിങ്കിന് താഴെ ഷനോജ് സി എന്നയാളാണ് പാക് തീവ്രവാദിയെന്ന് അധിക്ഷേപിച്ച് കമന്റിട്ടത്. ആര്‍.എസ്.എസുകാരനായ ഇയാള്‍ കല്യാശ്ശേരി സ്വദേശിയാണ്. രാജ്യത്തിനെതിരേ രംഗത്തു വന്നാല്‍ വധിക്കുമെന്ന ഭീഷണിയും കമന്റിലുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തതിനാണ് കാന്തപുരത്തിനെതിരായ കൊലവിളി.






