Sorry, you need to enable JavaScript to visit this website.

പോലീസ് മേധാവിയെ  കരുണാകരൻ ശൈലിയിൽ  സംരക്ഷിക്കുന്ന പിണറായി 

കേരളത്തിൽ കത്തി നിൽക്കുന്ന വെടിയുണ്ട-തോക്ക് വിവാദത്തിൽ മുസ്‌ലിം ലീഗ് അംഗം മഞ്ഞളാംകുഴി അലി ചോദ്യോത്തരവേളയിലുന്നയിച്ച ചോദ്യം സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഏറെ പ്രസക്തമായി.  ദൽഹി കലാപത്തിൽ ആളുകളെ കൊന്നത് വെടിവെച്ചാണെന്നിരിക്കേ  പോലീസിന്റെ വെടിയുണ്ടയും തോക്കുമൊക്കെ മോഷണം പോയി  എന്ന്  പറയുന്നതിന്റെ ഗൗരവമായിരുന്നു അംഗം എടുത്തുകാണിച്ചത്. 
കളിയും ചിരിയുമായി കൈകാര്യം ചെയ്യേണ്ട വിഷയമല്ല  ഇത്. തോക്കും ഉണ്ടയുമൊക്കെ ആരുടെ കൈയിലെത്തി എന്ന് അന്വേഷിക്കേണ്ടതുണ്ട്. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബോധ്യപ്പെടുത്താനായി പോലീസ് സേനയിലെ ഉന്നതർ തന്നെ തോക്കുകൾ മാധ്യമങ്ങൾക്ക് മുന്നിൽ  ആവേശപൂർവം പ്രദർശിപ്പിച്ചതിനെയും അലി കടന്നാക്രമിച്ചു. ഇതൊക്കെ സേനയുടെ അച്ചടക്കത്തിന് ചേർന്നതോ? ഇങ്ങനെയൊക്കെ ചെയ്യാൻ ആരെങ്കിലും പോലീസിന് അനുവാദം കൊടുത്തിരുന്നോ? ശത്രുസേനയിൽ നിന്ന് ആയുധം പിടിച്ചെടുക്കുമ്പോഴല്ലേ ഇങ്ങനെ പ്രദർശിപ്പിക്കുന്നത്? മാവോയിസ്റ്റുകളും മറ്റു തീവ്രവാദികളും സജീവമായ ഇക്കാലത്ത് പോലീസിന്റെ കൈയിലുള്ള ആയുധങ്ങൾ ഈ വിധം പ്രദർശിപ്പിക്കാമോ?  ചോദ്യോത്തര വേളയിലെ അലിയുടെ ആശങ്കകൾ അങ്ങനെ പോയി.


 മോഷണം പോയ വെടിയുണ്ട പോലീസുകാർ വിഴുങ്ങിയോ എന്ന  എൻ.എ നെല്ലിക്കുന്നിന്റെ ചോദ്യം വ്യംഗ്യാർഥത്തിലായിരുന്നോ എന്നറിയില്ല. വെടിയുണ്ട വിഷയത്തിലെ പ്രതിപക്ഷ ഇടപെടലുകളിൽ ബലഹീനത കണ്ടത് സി.പി.ഐയിലെ മുഹമ്മദ് മുഹ്‌സിൻ.  ചോദ്യോത്തര വേളക്കപ്പുറവും സഭയിലുടനീളം തോക്ക്-വെടിയുണ്ട വിവാദം  തന്നെയായിരുന്നു.
സി.എ.ജി കണ്ടെത്തിയ പോലീസിലെ അഴിമതി സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെടുന്ന  അടിയന്തര പ്രമേയ നോട്ടീസിൽ സംസാരിച്ചത് വിഷയം ആദ്യമായി പുറത്തു കൊണ്ടുവന്ന  പി.ടി. തോമസ്. രാഷ്ട്രീയ എതിരാളികൾക്കെതിരെ സി.പി.എം രീതിയിൽ പ്രതികരിക്കുന്ന  കോൺഗ്രസ് അംഗമാണ് പി.ടി. ഒന്നിനും ഒരു മയവുമുണ്ടാകില്ല. എതിർക്കുക, മുട്ടുകുത്തിക്കുക എന്ന രീതി തന്നെ.  


സി.എ.ജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ സർക്കാർ മൂടിവെക്കാൻ ശ്രമിക്കുന്നുവെന്നാരോപിക്കാൻ പി.ടി  അൽപം പോലും ശങ്കിച്ചു നിന്നില്ല. ഡി.ജി.പിയും കെൽട്രോണും തമ്മിൽ അവിശുദ്ധ ബന്ധമുണ്ട്.  കേരളത്തിലെ  ജനങ്ങളെ  കൊള്ളയടിക്കാൻ ഗാലക്‌സോണിനെ മറയാക്കുന്നു.  ആരാണിതിന് പിന്നിലെന്ന് മുഖ്യമന്ത്രി പറയണം. 
അല്ലെങ്കിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് പറയേണ്ടിവരും.   വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ പ്രതിപക്ഷം ഉന്നയിച്ച സി.ബി.ഐ അന്വേഷണ അവശ്യം മുഖ്യമന്ത്രി അറുത്തു മുറിച്ചു തള്ളി. വെടിയുണ്ടകൾ കാണാതായത് യു.ഡി.എഫ് കാലത്താണെന്നും അന്ന് അത് മൂടിവെച്ചെന്നുമുള്ള  ആരോപണം മുന്നോട്ട് വെച്ച മുഖ്യമന്ത്രി ഒരിഞ്ചു കീഴടങ്ങില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.   
കേസിൽ ഫലപ്രദമായ അന്വേഷണമാണ് നടക്കുന്നതെന്നും സി.എ.ജി റിപ്പോർട്ട്  ചോർന്നത് ഗൗരവതരമായാണ് അന്വേഷിക്കുന്നതെന്നും മുഖ്യമന്ത്രി ചോദ്യോത്തര വേളയിൽ  വ്യക്തമാക്കിയിരുന്നു. 


പിന്നാലെയാണ് ശൂന്യവേളയിൽ പോലീസ് അഴിമതി സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെടുന്ന  അടിയന്തര പ്രമേയവുമെത്തിയത്.   പോലീസിനെതിരായ സി.എ.ജിയുടെ കണ്ടെത്തൽ ഗൗരവതരമെന്ന് സമ്മതിച്ച മുഖ്യമന്ത്രി പക്ഷേ പോലീസ് മേധാവിയെ ഒരു  നോട്ടം കൊണ്ടു പോലും തള്ളിപ്പറയാൻ തയാറായില്ല- കൂടെ നിൽക്കുന്ന        ഉദ്യോഗസ്ഥരെ, പ്രത്യേകിച്ച് പോലീസ് തലപ്പത്തുള്ളവരെ  കൈവിടാത്ത ഭരണാധികാരിയായിരുന്ന കെ. കരുണാകരന്റെ ശൈലിയും രീതിയും. പിണറായി വിജയന് ഇരട്ടച്ചങ്ക് അല്ലെന്നും ഡി.ജി.പിയെ കാണുമ്പോൾ ചങ്കിടിപ്പാണെന്നുമൊക്കെ പ്രതിപക്ഷം ആക്ഷേപിച്ചപ്പോഴും മുഖ്യമന്ത്രി പറഞ്ഞതൊന്നും മാറ്റിപ്പറയാൻ തയാറായില്ല.  
ലാവ്‌ലിൻ പേടിയാണ് ഇതിന്റെ  പിന്നിലെന്നും പ്രതിപക്ഷം കുത്തി നോവിക്കുന്നുണ്ടായിരുന്നു.  


ലാവ്‌ലിൻ കേസിൽ ദൽഹി രാജധാനിയിലേക്കു ബെഹ്‌റ പാലത്തിലൂടെ പിണറായി സഞ്ചരിക്കുകയാണെന്ന് ആക്ഷേപിച്ച പി.ടി. തോമസും പ്രതിപക്ഷവും പോലീസ് അഴിമതിയിൽ സി.ബി.ഐ അന്വേഷണം നടത്താൻ മുഖ്യമന്ത്രിയെ ആവർത്തിച്ച് വെല്ലുവിളിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇപ്പോഴത്തെ സി.ബി.ഐ ഇഷ്ടത്തിന്റെ കാര്യമറിയാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ രാഷ്ട്രീയ കുത്തുവാക്ക്. സി.എ.ജി കണ്ടെത്തലുകളും പ്രതിപക്ഷ ആരോപണവും മുഖ്യമന്ത്രി പിണറായി വിജയൻ പൂർണമായും തള്ളി. ഡി.ജി.പി ബെഹ്‌റയെ മാറ്റേണ്ട ആവശ്യമില്ല. എന്തിനാണ് ലോക്‌നാഥ് ബെഹ്‌റയെ ആക്ഷേപിക്കുന്നത് എന്ന് ചോദിച്ച മുഖ്യമന്ത്രി സാധാരണ സംസാരിക്കുമ്പോൾ കാണിക്കേണ്ട മിനിമം മര്യാദയെങ്കിലും  വേണമെന്ന് പ്രതിപക്ഷത്തെ കടന്നാക്രമിച്ചു. ഡി.ജി.പിയെ മാറ്റണമെന്ന പ്രതിപക്ഷത്തിന്റെ  മോഹം നടക്കില്ല -മുഖ്യമന്ത്രി പോലീസ് മേധാവിക്കൊപ്പവും തന്റെ ശരിക്കൊപ്പവും  ഉറച്ചു നിന്നു.   


ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയത് ടെണ്ടർ വിളിച്ച ശേഷമാണ്. കുറഞ്ഞ തുക വാഗ്ദാനം ചെയ്ത സ്ഥാപനത്തിൽ നിന്നാണ് വാഹനം വാങ്ങിയത്. ഓപൺ ടെണ്ടർ വിളിക്കാത്തത് സുരക്ഷ മുൻനിർത്തിയാണ്. ആറ് വാഹന നിർമാതാക്കൾ താൽപര്യം കാട്ടിയിരുന്നു. കുറഞ്ഞ തുക ആയതുകൊണ്ടാണ് നിലവിലുള്ള വാഹനം വാങ്ങിയത്. ഡി.ജി.പിമാർക്ക് സ്വന്തമായി ഔദ്യോഗിക വസതി ഇല്ലായിരുന്നു. 
അതുകൊണ്ടാണ് വില്ലാ പ്രൊജക്റ്റ് നടപ്പാക്കിയത് -മുഖ്യമന്ത്രി തന്റെ നിപാടിലെ ശരി ബോധ്യപ്പെടുത്തിക്കൊണ്ടേയിരുന്നു.  എന്നാൽ കെൽട്രോണിനെ മറയാക്കി അഴിമതി നടത്തുകയാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെന്ന് പ്രതിപക്ഷം ആവർത്തിച്ച് ആരോപിച്ചു. ഗാലക്‌സോണിന് ആവശ്യത്തിന് പ്രവൃത്തി പരിചയമില്ലെന്ന ആരോപണം തള്ളിയ മുഖ്യമന്ത്രി ഗാലക്‌സോണിന്റെ പങ്കാളി കമ്പനിക്ക് മൂന്ന് വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയമുണ്ടെന്ന് വ്യക്തമാക്കി. 


ലാവ്‌ലിൻ കേസിൽ ഒന്നും ഭയക്കാനില്ല, അതിലെവിടെയാണ് പിണറായി പ്രതിയെന്നും മുഖ്യമന്ത്രി ചോദിച്ചു. എന്നാൽ വിചാരണ കൂടാതെ ആരെയും കുറ്റവിമുക്തമാക്കാനാവില്ലെന്ന സുപ്രീം കോടതി വിധി ഓർമിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. അഴിമതി കേസിൽ കീഴ്‌കോടതി വെറുതെവിട്ട ലാലു പ്രസാദിനെ സുപ്രീം കോടതി ശിക്ഷിച്ചതും ചെന്നിത്തല ഓർമിപ്പിച്ചു. ഡി.ജി.പിയും കെൽട്രോണും തമ്മിൽ അവിശുദ്ധ ബന്ധമാണ്.  ബെഹ്‌റയോട് പിണറായിക്ക് ഇത്രയും സ്‌നേഹമുണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞതെന്ന്  ചെന്നിത്തലയുടെ പരിഹാസം.
സി.എ.ജി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ  മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിരുന്നില്ല. വെടിയുണ്ട കാണാതായ സംഭവത്തിൽ മുഖ്യമന്ത്രി പ്രതിപക്ഷത്തെയാണ് കുറ്റപ്പെടുത്തുന്നത്. 2013 മുതൽ 15 വരെയുള്ള ഉദ്യോഗസ്ഥരാണ് ഇതിന് ഉത്തരവാദികൾ എന്നാണ് മുഖ്യമന്ത്രിയുടെ പ്രതിരോധം.  


യു.ഡി.എഫ് ഭരണകാലത്ത് സീൽഡ് പെട്ടികൾ തുറക്കാതെ ഉണ്ടകളിൽ കുറവില്ലെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയെന്ന് കുറ്റപ്പെടുത്തുക വഴി മുഖ്യമന്ത്രി പ്രതിപക്ഷത്തെ തിരിച്ചടിക്കുകയായിരുന്നു.  യു.ഡി.എഫ് ഭരണകാലത്ത് ഇത് മറച്ചുവെക്കാനുള്ള ശ്രമമാണ് നടന്നത്. 
ഏപ്രിൽ എട്ട് വരെ   നീണ്ടുനിൽക്കുന്ന സഭാ സമ്മേളനം ആദ്യ ദിവസം  തന്നെ പ്രക്ഷുബ്ധമായിരുന്നു. ബഹളത്തെ തുടർന്ന് ചർച്ച കൂടാതെയാണ് സഭാനടപടികൾ പൂർത്തീകരിച്ചത്. ഇന്നലെ നടുത്തള മുദ്രാവാക്യത്തിന്റെ നേതൃത്വം ഷാനിമോൾ ഉസ്മാനാണ് ഏറ്റെടുത്തത്.  

Latest News