ന്യൂദല്‍ഹി- പൗരത്വ ഭേദഗതി നിമയത്തെ (സി.എ.എ) ചോദ്യം ചെയ്ത് സുപ്രീം കോടതി മുമ്പാകെയുള്ള കേസില്‍ ഐക്യരാഷ്ട്ര സംഘടന കക്ഷി ചേരുന്നു. നരേന്ദ്ര മോഡി സര്‍ക്കാര്‍ പാസാക്കിയ നിയമത്തിനെതിരെ യു.എന്നിന്റെ ഭാഗത്തുനിന്നുള്ള സുപ്രധാന നീക്കമാണിത്. കേസില്‍ കക്ഷി ചേരാന്‍ യു.എന്‍ മനുഷ്യാവകാശ കമ്മീഷണറാണ് അപേക്ഷ നല്‍കിയത്.
യു.എന്‍ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ മിഷേല്‍ ബാഷ്‌ലെറ്റ് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ച കാര്യം ജനീവയിലുള്ള യുഎന്‍ മനുഷ്യാകവാശ കമ്മീഷണറുടെ ഓഫിസ് ഇന്ത്യന്‍ പ്രതിനിധിയെ അറിയിച്ചു.
പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയതിനു പിന്നാലെ ശക്തമായ വിമര്‍ശനവുമായി യു.എന്‍ രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമം അടിസ്ഥാനപരമായി വിവേചനമുണ്ടാക്കുന്നതാണെന്നും ഇതര രാജ്യങ്ങളില്‍ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങളെ സ്വീകരിക്കുകയാണ് ലക്ഷ്യമെങ്കില്‍ മുസ്ലിംകളെ ഒഴിവാക്കുന്നതിനോട് യോജിക്കാനാവില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ചിലി മുന്‍ പ്രസിഡന്റാണ് നിലവില്‍ യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബാഷ്‌ലെറ്റ്
ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഒരു സ്ഥാപനം സുപ്രീം കോടതിയെ സമീപിച്ചത് നരേന്ദ്ര മോഡി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ 140 ഓളം ഹരജികളാണ് സുപ്രീം കോടതിയിലുള്ളത്. കേസില്‍ വിശദീകരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നാലാഴ്ച സമയം അനുവദിച്ചിരുന്നു.
പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദേശകക്ഷികള്‍ ഇടപെടുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പ്രതികരിച്ചു. യു.എന്‍ മനുഷ്യാവകാശ ഹൈകമ്മീഷണറുടെ ഓഫീസ് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയതായി അവരുടെ ഓഫിസ് ജനീവയിലുള്ള ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയെ അറിയിച്ചുട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയവും നിയമങ്ങളുണ്ടാക്കാനുള്ള പാര്‍ലമെന്റിന്റെ പരമാധികാരവുമായി ബന്ധപ്പെട്ടതുമാണ്. ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോടതിയെ സമീപിക്കാന്‍ ഒരു വിദേശ കക്ഷിക്കും അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു.
സി.എ.എ ഭരണഘടനാപരമായി നിലനില്‍ക്കുന്നതും ഭരണഘടനാ മൂല്യങ്ങളുടെ എല്ലാ വ്യവസ്ഥകളും പാലിക്കുന്നതുമാണെന്നും പ്രസ്താവനയില്‍ അവകാശപ്പെട്ടു.