കേരള പോലീസിലെ രണ്ട് ഉന്നതര്‍ രണ്ട് കോടി രൂപ തട്ടിയെന്ന് രവി പൂജാരി

ബംഗളൂരു- കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വെളിപ്പെടുത്തലുമായി അധോലോക കുറ്റവാളി രവി പൂജാരി. ഇടനിലക്കാരായി നിന്നുകൊണ്ട് കേരള പോലീസിലെ രണ്ട് ഉന്നതര്‍ രണ്ട് കോടി രൂപ തട്ടിയതായാണ് രവി പൂജാര അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. ഇതില്‍ ഒരു ഐ.പി.എസ്. റാങ്കിലുള്ള ഉദ്യോഗസ്ഥനും ഉള്‍പ്പെടും.

പത്ത് വര്‍ഷം മുമ്പ് നടന്ന സംഭവമാണ് രവി പൂജാരി അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ വെളിപ്പെടുത്തിയിരിക്കുന്നത്.  കള്ളപ്പണ ആരോപണം നേരിട്ട ഒരു വ്യവസായ ഗ്രൂപ്പില്‍ നിന്നാണ് രവി പൂജാരി പണം ആവശ്യപ്പെട്ടത്.

രണ്ടരക്കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ ഇടനിലക്കാരായി നിന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ തട്ടിയത്. തനിക്ക് അമ്പത് ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നും ബാക്കി രണ്ട് കോടി രൂപ പോലീസ് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തുവെന്നും രവി പൂജാരി ബംഗളൂരു പോലീസിനോടും ക്രൈം ബ്രാഞ്ചിനോടും വെളിപ്പെടുത്തി.
പോലീസ് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങളും ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്.

 

Latest News