Sorry, you need to enable JavaScript to visit this website.

നടൻ ജയറാമിന്റെ പെരുമ്പാവൂരിലെ ഫാം മാതൃകാ ഫാമാക്കും

നടൻ ജയറാം പെരുമ്പാവൂരിലെ തന്റെ പശുവളർത്തൽ കേന്ദ്രത്തിൽ
  • ജയറാം കേരള ഫീഡ്‌സ് ബ്രാൻഡ് അംബാസഡർ

കൊച്ചി- യുവജനങ്ങളെ കാലി വളർത്തലിലേക്ക് ആകർഷിക്കാനും ക്ഷീര മേഖലയിലെ സംരംഭകത്വം വളർത്താനും ലക്ഷ്യമിട്ട് സംസ്ഥാന പൊതുമേഖലാ കാലിത്തീറ്റ ഉൽപാദകരായ കേരള ഫീഡ്‌സ് പ്രശസ്ത ചലച്ചിത്രതാരം ജയറാമിനെ ബ്രാൻഡ് അംബാസഡറാക്കാൻ തീരുമാനിച്ചു. പെരുമ്പാവൂർ തോട്ടുവയിലുള്ള ജയറാമിന്റെ ഡയറി ഫാം കേരള ഫീഡ്‌സിന്റെ മാതൃക ഫാമായി മാറ്റുമെന്നും ജയറാമിൻന്റെ സാന്നിധ്യത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ കേരള ഫീഡ്‌സ് ചെയർമാൻ കെ എസ് ഇന്ദുശേഖരൻ നായരും എം.ഡി ഡോ. ബി ശ്രീകുമാറും അറിയിച്ചു. ഇതോടൊപ്പം കാലിവളർത്തലിന് കേരള ഫീഡ്‌സ് പ്രത്യേക പദ്ധതികളും നടപ്പാക്കും. 


പത്മശ്രീ ജയറാമിന്റെ അധികമാരും അറിയാത്ത താൽപര്യങ്ങളിലൊന്നാണ് പശു വളർത്തലെന്ന് ഡോ. ശ്രീകുമാർ പറഞ്ഞു. സിനിമക്കു പുറമെ ചെണ്ടയിലും ആന പരിപാലനത്തിലും അദ്ദേഹത്തിനുള്ള കമ്പം പ്രസിദ്ധമാണ്. എന്നാൽ അദ്ദേഹം പശു പരിപാലനത്തിലും ഏറെ ശ്രദ്ധ വെക്കുന്നു. അത്യാധുനിക രീതികൾ അവലംബിച്ചിട്ടുള്ള ഈ ഫാം മറ്റ് സംരംഭകർക്ക് മുന്നിൽ കേരള ഫീഡ്‌സ് മാതൃകയാക്കി അവതരിപ്പിക്കാൻ വേണ്ടിയാണ് ജയറാമിനെ കേരള ഫീഡ്‌സിന്റെ ബ്രാൻഡ് അംബാസഡറാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. 
വ്യക്തിപരമായ ശ്രദ്ധയില്ലെങ്കിൽ പശു വളർത്തൽ ലാഭകരമായി മുന്നോട്ടു പോകാനാകില്ലെന്നതാണ് ചെറുപ്പക്കാർക്ക് നൽകാനുള്ള പ്രധാന ഉപദേശമെന്ന് ജയറാം പറഞ്ഞു. നേരിട്ടാണ് താൻ പശുവിനെ വാങ്ങാൻ പോകുന്നത്. കർണാടകയിലെ കൃഷ്ണഗിരിയിൽനിന്നാണ് കൂടുതലായും പശുക്കിടാങ്ങളെ വാങ്ങുന്നത്. തൊഴുത്തിലെ വൃത്തി ഏറെ പ്രധാനമാണ്.

 

മാലിന്യ നിർമാർജനത്തിനുൾപ്പെടെയുള്ള സംവിധാനവും ഫാം തുടങ്ങുമ്പോൾ തന്നെ ഏർപ്പെടുത്താൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെട്ടിയിട്ട് വളർത്താതെ അഴിച്ചു വിടുകയെന്നത് മികച്ച പരിപാലന മാർഗമാണ്. കേരള ഫീഡ്‌സിന്റെ കാലിത്തീറ്റ ഉപയോഗിച്ചു തുടങ്ങിയതിനു ശേഷം പശുക്കളുടെ പ്രത്യുൽ്പാദന ശേഷി 90 ശതമാനമെത്തിയിട്ടുണ്ടെന്ന് ജയറാം സാക്ഷ്യപ്പെടുത്തി.
പെരുമ്പാവൂരിലെ തോട്ടുവയിലുള്ള ജയറാമിന്റെ ആനന്ദ് ഫാംസിൽ 70 ഓളം പശുക്കളാണുള്ളത്. മുത്തശ്ശി ആനന്ദവല്ലിയമ്മാളുടെ സ്മരണാർഥമാണ് ഈ പേര് നൽകിയത്. പ്രതിദിനം ഫാമിൽ ഉൽപാദിപ്പിക്കുന്ന 300 ഓളം ലിറ്റർ പാൽ ആവശ്യക്കാർക്ക് നേരിട്ടും സമീപത്തുള്ള പാൽ സൊസൈറ്റിയിലുമാണ് നൽകുന്നതെന്ന് ജയറാം പറഞ്ഞു. 


20 മുതൽ 30 ശതമാനം വരെ ലാഭം തരുന്നതാണ് പശുവളർത്തലെന്ന് ഡോ. ശ്രീകുമാർ പറഞ്ഞു. ഈ രംഗത്തേക്ക് യുവാക്കൾ കൂടുതലായി കടന്നു വരണം. നവ സംരംഭങ്ങൾക്ക് എല്ലാ വിധ പ്രോത്സാഹനവും കേരള ഫീഡ്‌സിന്റെ സംരംഭക സെൽ വഴി നൽകും. പശുവിന്റെ ഇനവും പാലുൽപാദനവും അടിസ്ഥാനമാക്കി വൈവിധ്യമാർന്ന കാലിത്തീറ്റ കേരള ഫീഡ്‌സ് ഉൽപാദിപ്പിക്കുന്നുണ്ട്.
 

Latest News