ഇന്ത്യയില്‍ തൊഴിലില്ലായ്മ കുതിക്കുന്നു, 7.78 ശതമാനം

ന്യൂദല്‍ഹി-  രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 4 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 7.78 ശതമാനമാണ് ഫെബ്രുവരിയിലെ തൊഴിലില്ലായ്മ നിരക്ക്. ജനുവരിയില്‍ ഇത് 7.16 ശതമാനമായിരുന്നു. സമ്പദ് വ്യവസ്ഥയിലെ മാന്ദ്യത്തിന്റെ ആഘാതമാണ് ഇത് വ്യക്തമാക്കുന്നത്. ആഗോളതലത്തില്‍ വ്യാപിക്കുന്ന കൊറോണ വൈറസ് ഇന്ത്യയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2019ലെ അവസാന മൂന്ന് മാസങ്ങള്‍ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു രാജ്യത്തെ വളര്‍ച്ചാ നിരക്ക്. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മാ നിരക്ക് ഫെബ്രുവരിയില്‍ 7.37 ശതമാനമായി ഉയര്‍ന്നതായും റിപ്പോര്‍ട്ടിലുണ്ട്.  കഴിഞ്ഞ മാസം ഇത് 5.97 ശതമാനമായിരുന്നു. നഗരപ്രദേശങ്ങളില്‍ ഇത് 9.70 ശതമാനത്തില്‍ നിന്ന് 8.65 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. കൊറോണ വൈറസ് രാജ്യത്തെ കയറ്റുമതിയിലും വിതരണ ശൃംഖലയിലും ഏല്‍പിച്ച ആഘാതത്തിനിടയിലാണ് തൊഴിലില്ലായ്മ നിരക്കിനെ കുറിച്ചുള്ള ആശങ്കാജനകമായ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. 

Latest News