എം.എ യൂസഫലിക്ക് സൗദിയില്‍ പ്രീമിയം ഇഖാമ

ജിദ്ദ- പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി
സൗദിയില്‍ പെര്‍മനന്റ് പ്രീമിയം റസിഡന്‍സി പെര്‍മിറ്റ് (ഗ്രീന്‍ കാര്‍ഡ്) സ്വീകരിച്ചു
വിദേശികള്‍ക്ക് സ്‌പോണ്‍സറെക്കൂടാതെ സ്വന്തമായി നിക്ഷേപം നടത്താനും ബിസിനസ് നടത്താനും ഭൂമി ഇടപാടുകള്‍ നടത്താനും മറ്റുമുള്ള വന്‍ സൗകര്യങ്ങളാണ് ഇത് വഴി ലഭിക്കുക. മക്കയിലും മദീനയിലുമൊഴികെ ഭൂമി വാങ്ങാനും വില്‍ക്കാനും ഇത് വഴി സാധ്യമാകും. മക്ക, മദീന എന്നിവിടങ്ങളില്‍ ഭൂമി പാട്ടത്തിനെടുക്കാനുള്ള അവസരം ലഭിക്കുക. 
ഔദ്യോഗികമായി പ്രീമിയം ഇഖാമ ലഭിച്ചതോടെ സൗദിയില്‍ ഒരു നിക്ഷേപകനെ സംബന്ധിച്ചേടത്തോളം ഏറ്റവും നല്ല സുവര്‍ണാവസരമാണ് ലഭിച്ചതെന്ന് എം.എ യൂസഫലി അഭിപ്രായപ്പെട്ടു. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വ്യവസായികളെ സൗദിയിലേക്ക് ആകര്‍ഷിക്കുന്നതിനും ഈ സൗകര്യം പര്യാപ്തമായി. ലുലുവിനെ സംബന്ധിച്ചേടത്തോളം കാര്‍ഷിക വിളകളുടെ കയറ്റുമതി രംഗത്ത് പുതിയ അധ്യായം തുറക്കുന്നതിനും പ്രീമിയം റസിഡന്‍സി സൗകര്യം ഉപയോഗപ്പെടുത്തുമെന്ന് യൂസഫലി പറഞ്ഞു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഊര്‍ജസ്വലവും ഭാവനാ സമ്പന്നവുമായ നേതൃത്വത്തിന്‍ കീഴില്‍ നിക്ഷേപകര്‍ക്ക് ലഭിച്ച ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്താനും സൗദിയുടെ സാമ്പത്തികാഭിവൃദ്ധിയില്‍ പങ്കാളികളാകാനും ബിസിനസുകാരായ എല്ലാ ഇന്ത്യക്കാരും മറ്റ് വിദേശികളും മുന്നോട്ട് വരണമെന്നാണ് തന്റെ അഭിപ്രായം. സൗദി വിഷന്‍ 2030 - ലേക്കുള്ള പുതിയ കവാടം തുറക്കുന്നതിന്റെ സൂചകം കൂടിയാണ് പെര്‍മനന്റ് ഇഖാമയെന്ന് യൂസഫലി കൂട്ടിച്ചേര്‍ത്തു. 


 

Latest News