Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഓഹരി കമ്പോളങ്ങൾ കൊറോണ ഭീതിയിൽ

ആഗോള ഓഹരി കമ്പോളങ്ങൾ കൊറോണ ഭീതിയിൽ ആടി ഉലയുന്നു. യുഎസ്, യൂറോപ്യൻ, ഏഷ്യൻ ഇൻഡക്‌സുകൾ രക്ഷകനെ തേടുകയാണെങ്കിലും ചൈനയിലെ സ്ഥിതിഗതികളിൽ അയവ് കണ്ടാൽ മാത്രമേ ഏഷ്യൻ ഓഹരി സൂചികകൾക്ക് മികവിന് അവസരം ലഭ്യമാവൂ. പ്രമുഖ ഇൻഡക്‌സുകളിൽ ഈ വാരം വീണ്ടും ചാഞ്ചാട്ടം പ്രതീക്ഷിക്കാം.
മുൻനിര ഓഹരികളിലെ വിൽപന സമ്മർദം ഇന്നും തുടരാമെങ്കിലും അധികം വൈകാതെ ഒരു പുൾ ബാക്ക് റാലി പ്രതീക്ഷിക്കാം. ബോംബെ സെൻസെക്‌സ് 2873 പോയന്റ് ഇടിഞ്ഞപ്പോൾ നിഫ്റ്റി 879 പോയന്റ് പ്രതിവാര നഷ്ടത്തിലാണ്. ഒരു ദശകത്തിനിടയിൽ ആദ്യമായി ഇന്ത്യൻ മാർക്കറ്റ് ഏഴ് ശതമാനത്തിൽ അധികം പ്രതിവാര തകർച്ചയെ അഭിമുഖീകരിച്ചു.  
വിദേശ ഫണ്ടുകൾ പോയ വാരം 11,368.7 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഗോള സാമ്പത്തിക മേഖലയിലെ ചലനങ്ങൾ കണക്കിലെടുത്താൽ വിദേശ ഓപറേറ്റർമാരുടെ വിൽപന തുടരാൻ ഇടയുണ്ട്.
ഫോറെക്‌സ് മാർക്കറ്റിൽ ഡോളർ തിളങ്ങി. രൂപ ആറ് മാസത്തിനിടയിലെ കനത്ത ഇടിവിനെ അഭിമുഖീകരിച്ചു. 71.86 ൽ നിന്ന് രൂപ തളരുമെന്ന് മുൻവാരം നൽകിയ സൂചനകൾ ശരിവെച്ച് വിനിമയ നിരക്ക് 72.56 വരെ ഇടിഞ്ഞ ശേഷം വാരാന്ത്യം 72.22 ലാണ്. രൂപ ഈ വാരം 70.78-72.89 റേഞ്ചിൽ നീങ്ങാം.   


മുൻനിരയിലെ പത്ത് കമ്പനികളുടെ വിപണി മൂല്യത്തിൽ മൂന്നര ലക്ഷം കോടി രൂപയുടെ ഇടിവ് സംഭവിച്ചു. ആർഐഎൽ, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്യുഎൽ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, എസ്ബിഐ എന്നിവയുടെ വിപണി മൂല്യം കുറഞ്ഞു.
വിപണിയുടെ സാങ്കേതിക വശങ്ങൾ എല്ലാം തകർത്താണ് പോയ വാരം ഇന്ത്യൻ മാർക്കറ്റ് സഞ്ചരിച്ചത്. ബോംബെ സെൻസെക്‌സ് 41,170 ൽ നിന്ന് 41,037 ലേക്ക് ഇടിഞ്ഞാണ് വ്യാപാരം തുടങ്ങിയത്, പിന്നീട് ഒരിക്കൽ പോലും ആ റേഞ്ചിലേക്ക് അടുക്കാൻ സൂചികക്കായില്ല. അതിശക്തമായ വിൽപന സമ്മർദത്തിൽ ബോംബെ സൂചികക്ക് 40,000 ലെയും പിന്നീട് 39,000 പോയന്റിലെയും നിർണായക താങ്ങും നഷ്ടമായി. വാരാന്ത്യം സെൻസെക്‌സ് 38,297 പോയന്റിലാണ്. ഈ വാരം ആദ്യ താങ്ങ് 37,335 പോയന്റിലാണ്. മുന്നേറാൻ ശ്രമിച്ചാൽ 40,143 ൽ പ്രതിരോധമുണ്ട്. 


നിഫ്റ്റി സൂചികക്ക് അതിന്റെ 20 ആഴ്ചകളിലെ ശരാശരിയായ 12,004 ലെ താങ്ങ് നഷ്ടപ്പെട്ടാൽ വൻ തകർച്ചയിലേക്ക് നീങ്ങുമെന്ന കാര്യം മുൻവാരം വ്യക്തമാക്കിയത് ശരിവെക്കുന്ന പ്രകടനമാണ് കഴിഞ്ഞ ദിവസങ്ങളിൽ നിക്ഷേപകർ ദർശിച്ചത്. സൂചിക 12,080 ൽ നിന്ന് 11,175 പോയന്റ് വരെ ഇടിഞ്ഞ ശേഷം 11,201 ലാണ് ക്ലോസിങിൽ. ഇന്ന് നിഫ്റ്റിക്ക് 11,113-11,045 ലും സപ്പോർട്ടുണ്ട്. ഈ റേഞ്ചിൽ ഷോട്ട് കവറിങിന് നീക്കം നടന്നാൽ 11,330 ലേക്കും അവിടെ നിന്ന് 11,459 ലേക്കും തിരിച്ചുവരവ് നടത്താനാവും. അതേ സമയം ഈ വാരം ആദ്യ താങ്ങ് 10,913 പോയന്റിലാണ്, ഇത് നഷ്ടപ്പെട്ടാൽ 10,625 വരെ തളരാം. വിപണിക്ക് 11,750 ലും 12,299 ലും പ്രതിരോധമുണ്ട്.


ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ കൂടുതൽ പരുങ്ങലിലേക്ക് നീങ്ങുന്നു. എം സി എക്‌സിൽ ക്രൂഡ് ഓയിൽ 3856 രൂപയിൽ നിന്ന് ഉയരാനാവാതെ 3227 ലേക്ക് ഇടിഞ്ഞു. എണ്ണ വിപണിയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഒപെക് ഈ വാരം വിയന്നയിൽ യോഗം ചേരും. ഉൽപാദനം കുറക്കണമെന്ന നിലപടിലാണ് സൗദി അറേബ്യ. ഈ വർഷം എണ്ണ വില 27 ശതമാനം ഇടിഞ്ഞു. സൗദി പ്രതിദിന ഉൽപാദനത്തിൽ ഒരു ലക്ഷം ബാരലിന്റെ കുറവ് വരുത്താനാണ് ഉദേശിക്കുന്നത്. ന്യൂയോർക്കിൽ പോയ വാരം എണ്ണ വില 16 ശതമാനം ഇടിഞ്ഞു. 2008 ഡിസംബറിന് ശേഷം ഇത്ര ശക്തമായ വില തകർച്ച ആദ്യമാണ്. 


കൊറോണ വൈറസ് പ്രശ്‌നത്തിൽ ലോക ആരോഗ്യ സംഘടന ആഗോള അപകട സാധ്യത 'ഉയർന്ന' തിൽ നിന്ന് 'വളരെ ഉയർന്ന'തിലേക്ക് പരിഷ്‌കരിച്ചതോടെ സ്ഥിഗതികൾ ആകെ കലങ്ങി മറിഞ്ഞു. ഇതിനിടയിൽ സാമ്പത്തിക മേഖലക്ക് ഊർജം പകരാൻ വേണ്ടിവന്നാൽ പലിശ നിരക്കുകളിൽ കുറവ് വരുത്താൻ തയാറെന്ന് യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രസ്തവനയും നിക്ഷേപ മേഖലയിലെ പിരിമുറുക്കം ശക്തമാക്കി.

 

Latest News