Sorry, you need to enable JavaScript to visit this website.

സ്തുതിപാഠകരുടെ പ്രസംഗ പാടവം

എതിർപ്പിന്റെ മുന്നിൽ ചൂളിപ്പോകാത്തതാണ് പിണറായി വിജയന്റെ സ്വഭാവം. ബൂർഷ്വാ വിനയം ലേശമില്ലാതെ അതദ്ദേഹം അവകാശപ്പെടുകയും ചെയ്യും. തണ്ടുതപ്പിത്തരം കൊണ്ടല്ല, അവസരം നോക്കിയും നോക്കാതെയും അപ്പപ്പോൾ തോന്നുന്നത് തുറന്നടിക്കാനുള്ള വാസന കാരണം. ഉറയൂരിയ വാളുമായി കാത്തുനിൽക്കുന്നവരുടെ നടുവിലൂടെ നടന്നുപോയ സംഭവമല്ല ഇവിടെ പരാമർശ വിഷയം. ഏതാനും മാസം മുമ്പ് നടന്ന കൊല്ലത്തെ ഒരു പൊതുയോഗം ഓർക്കുക. 
പ്രധാനമന്ത്രിയാണ് രക്ഷാപുരുഷനായി നിലപാടുതറയിൽ. അദ്ദേഹത്തിന് വായ്ത്താരിയിടാൻ എത്തിയ ജനതതിക്ക് ഭജന പാടാനും കാഹളം മുഴക്കാനും വീര്യം ഒട്ടും കുറവല്ല. എന്നു തന്നെയല്ല, തങ്ങൾക്ക് അനുകൂലമായ തട്ടകത്തിൽ വിജയനെ കൂവി കെട്ടുകെട്ടിക്കാൻ ആയെങ്കിലാകട്ടെ എന്ന മട്ടിലായിരുന്നു യുവജനത്തിന്റെ വരവും. 
പ്രധാനമന്ത്രി ആസനസ്ഥനായപ്പോൾ അധ്യക്ഷന്റെ വേഷത്തിൽ പ്രസംഗിക്കാൻ തുടങ്ങിയ മുഖ്യമന്ത്രിക്കു നേരെ വാക്പാമ്പുകൾ ഊളിയിട്ടു വന്നു. പ്രധാനമന്ത്രിയെ സാക്ഷി നിർത്തിക്കൊണ്ട് സദസ്സിൽനിന്ന് ശരണവും ചരണവും ഉയർന്നപ്പോൾ വിജയൻ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് അത്ഭുതവും ആശങ്കയുമായിരുന്നു. 


കൂവാൻ കാത്തിരിക്കുന്ന ജനസംഘത്തിനു മുന്നിൽ നാവടക്കി, നാണം മറച്ച് അടുത്ത യോഗ നടപടിയിലേക്ക് കടക്കുമോ? അതോ കൂവുന്ന കൂട്ടത്തെ വേദിയിൽ നിലയുറപ്പിച്ചുകൊണ്ടു തന്നെ ഒറ്റക്ക് നേരിട്ട് യോഗം തന്റെ ചൊൽപടിക്ക് കൊണ്ടുപോകുമോ? വിജയന് ശങ്കയേതുമുണ്ടായില്ല. ചില യോഗ മര്യാദകൾ അദ്ദേഹം ജനക്കൂട്ടത്തെ പഠിപ്പിച്ചു.  അവർ സവിനയം അത് പഠിച്ചതു പോലെ തോന്നി. കൂവാൻ കാത്തിരിക്കുന്ന ജനത്തെ നിലയ്ക്ക് നിർത്താമെങ്കിൽ, അരങ്ങിൽ അഴിഞ്ഞാടുന്നവരെ ഒതുക്കാൻ വിജയനു  വേറെ പരിശീലനം വേണോ? യൂനിവേഴ്‌സിറ്റി കോളേജിലോ മറ്റോ ആയിരുന്നു യോഗം. വിഷയം അനിവാര്യമായും വിദ്യാഭ്യാസം.  സഖാവിന്റെ വേഷവും സ്തുതിപാഠകയുടെ ഭാഷയുമുള്ള ഒരാൾ സ്വാഗത പ്രസംഗവുമായി കത്തിക്കയറി. 
അത്യുക്തിയുടെയും അരോചകമായ വാഴ്ത്തിന്റെയും വേലിയേറ്റമുണ്ടായി. നാൽപതു മിനിട്ടായപ്പോൾ സ്വതവേ ക്ഷമ നന്നെ കുറവായ പിണറായി വിജയൻ എഴുന്നേറ്റ്  ഇടപെട്ടു. സ്വാഗതം നിർത്തിച്ചു. അദ്ദേഹത്തിനു വേറെ ജോലിയുണ്ടായിരുന്നു.  അദ്ദേഹത്തിന് വൈകാൻ അദ്ദേഹം മുഖ്യമന്ത്രിയാണല്ലോ. അദ്ദേഹത്തിനു വേണ്ടി യോഗം ഒരുക്കുന്നവർ വൈകിക്കൂടാ. എന്തുകൊണ്ട് എല്ലാ അസുരന്മാരും സുരന്മാരും ഇപ്പോഴും വൈകിയെത്തുന്നുവെന്ന് ഞാൻ സുരേന്ദ്രനോട് ചോദിക്കുകയുണ്ടായി. പതിവുള്ള കർക്കശത്വം കളഞ്ഞ് അദ്ദേഹം പറഞ്ഞു: നേരത്തെയെത്തിയാൽ  നടത്തിപ്പുകാരെ തിരഞ്ഞുപോകേണ്ടി വരും. 


അദ്ദേഹം പക്ഷേ അവരെ ശകാരിച്ചില്ല. വിജയനാകട്ടെ, പരസ്യമായിത്തന്നെ അവരെ ചാടിച്ചു. നാൽപത് മിനിട്ട് നീണ്ടുപോകുന്ന സ്തുതി എത്ര ആവർജകമായാലും സത്യസന്ധമാവില്ലെന്ന് എല്ലാവർക്കുമറിയാം.  ക്ഷമ കെട്ടവർ അത് കേൾക്കുമ്പോൾ അക്ഷമരാവുകയും ചെയ്യും, വിജയനെപ്പോലെ. പിന്നെ എന്തിന് സ്വാഗത പ്രസംഗമെന്ന പൊള്ളയായ ഈ ചടങ്ങ് കൊണ്ടാടുന്നു? പതിവായ ചടങ്ങായതുകൊണ്ട് ഒഴിവാക്കാൻ ആരും ധൈര്യപ്പെടുന്നില്ല. പ്രസംഗിക്കാൻ നിയോഗം ഉണ്ടാകുന്നവരോ, കിട്ടിയ അവസരം ആഘോഷിക്കുകയും ചെയ്യുന്നു.  
പ്രസംഗത്തിന്റെ അവസരത്തിനു വേണ്ടി ഉണ്ടാക്കിയതാണോ സ്വാഗതം എന്ന പദം, അതോ പദത്തിന് ചേർന്ന ഒരു ചടങ്ങ് ഒരുക്കിയതോ? ഭാഷാപണ്ഡിതന്മാർക്ക് നല്ല വിഷയമാകും തർക്കിക്കാൻ. കാതോർത്തിരുന്നാൽ അറിയാം, സ്വാഗതം എന്നൊരു വാക്കേ മലയാളത്തിൽ ഉണ്ടായിരുന്നില്ല, നൂറു നൂറ്റമ്പതു കൊല്ലം മുമ്പ്. അതിഥി ഇറങ്ങിയാൽ നമ്മൾ ഉള്ളു തുറന്നു പറയും: വരൂ. അല്ലെങ്കിൽ വന്നാട്ടെ. സംസ്‌കൃതം കലർത്തിയ സ്വാഗതം, പ്രസംഗിക്കാൻ കാത്തിരിക്കുന്ന ഒരു പണ്ഡിതൻ വിളക്കിയുണ്ടാക്കിയതാകും.   വെറും സ്വാഗതം ആരും ഗൗനിക്കില്ലെന്നു ചിലർ കരുതിയപ്പോൾ സുസ്വാഗതം എന്ന അത്യുക്തി പിറന്നു. അത്യുക്തി അവിശ്വാസം വളർത്തുകയേ ചെയ്യുള്ളൂ എന്ന് പദസ്രഷ്ടാക്കൾ ഓർത്തില്ല. 


മിക്ക പ്രസംഗകരും മികച്ച കേൾവിക്കാരല്ലെന്ന് സ്വാഗതം അരുളുന്നവരും ഓർക്കാറില്ല.  സ്വന്തം പ്രസംഗത്തിന് മുമ്പോ പിമ്പോ പൊട്ടുന്ന വാക്പ്രളയത്തിൽ മുഖ്യ പ്രസംഗകർക്ക് താൽപര്യം ഉണ്ടാവാറില്ല. അധികാരത്തിൽനിന്ന് ചിരിക്കാൻ വക കണ്ടെത്തിയ ഇ.കെ. നായനാർ ഒരിക്കൽ ഒരു യോഗത്തിൽ ക്ഷുഭിതനായി. ചീഫ് സെക്രട്ടറി മോഹൻ കുമാറിന്റേതായിരുന്നു സ്വാഗത പ്രസംഗത്തിനുള്ള ഊഴം. വേദിയിലുള്ള വി.ഐ.പിമാരുടെ പേരെടുത്ത് പറയാൻ തുടങ്ങിയപ്പോൾ മുഖ്യമന്ത്രി അസ്വസ്ഥനായി. മോഹൻ കുമാറിന്റെ വാങ്മയം നിർത്തിച്ചു.  വി.ഐ.പിമാർക്കിടയിൽ പക്ഷഭേദം കാട്ടിയതിന്റെ പേരിൽ ചിഫ് സെക്രട്ടറിക്കെതിരെ നടപടി എടുക്കാൻ നിർദേശം വരാഞ്ഞത് അദ്ദേഹത്തിന്റെ മുജ്ജന്മ സുകൃതം കൊണ്ടു മാത്രം. 
യോഗ നടപടികളിൽ ആദ്യത്തേതും അവസാനത്തേതും പലപ്പോഴും അത് നിർവഹിക്കുന്നവരിൽ പോലും അവിശ്വാസം ജനിപ്പിക്കും.  അത് നേരത്തെ കണ്ടുകൊണ്ടു തന്നെയാവും, അവർ സ്വാഗതത്തെ വേണ്ട പോലെ വിശേഷിപ്പിക്കും. സ്വാഗത പ്രസംഗത്തിൽ മുഴങ്ങിക്കേൾക്കുന്ന ഒരു വാക്കാകും 'ഉപചാരപൂർവം' അല്ലെങ്കിൽ 'ഔപചാരികം'. 'ഔപചാരികമായി സ്വാഗതം പറയുന്നു' എന്ന് വെളിവാക്കിയാൽ തീർത്തും ആത്മാർത്ഥമായല്ലെന്നല്ലേ ധ്വനി?  യോഗാവസാനത്തിലെത്തുമ്പോഴേക്കും എല്ലാവരും ഏറെക്കുറെ തളർന്നിരിക്കും. നന്ദി ആരോടു ചൊല്ലേണ്ടൂ എന്ന സമസ്യ എല്ലാവരെയും അഭിമുഖീകരിക്കും. അത്രയും നീണ്ട ചടങ്ങിൽ അടങ്ങിയൊതുങ്ങിയിരുന്നതിനോ നന്ദി? വ്യാജമോ നന്ദി? അത്തരം ചോദ്യങ്ങളൊന്നും ഉയരാൻ അനുവദിക്കാതെ നന്ദിയോട് മാത്രം ചേർത്തു കാണാറുള്ള ഒരു വാക്ക് തട്ടി മൂളിക്കും: അകൈതവം. അകൈതവമായ നന്ദിയാണ് എല്ലാവരും പ്രകാശിപ്പിക്കുക. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, മലയാളത്തിൽ 'അകൈതവമായ' ഒന്നേയുള്ളൂ, നന്ദി!


അകൈതവമായ നന്ദിയോടെ അവസാനിക്കുന്ന പല ചടങ്ങുകളുടെയും തുടക്കം പ്രാർത്ഥനയായിരിക്കും. സ്വാമി ചിന്മയാനന്ദൻ എഴുന്നേറ്റുനിന്നുള്ള ശബ്ദായമാനമായ പ്രാർത്ഥന നിരുത്സാഹപ്പെടുത്തിയിരുന്നു. ഇരിക്കുന്നവർ എഴുന്നേൽക്കാൻ തുടങ്ങിയാൽ അദ്ദേഹം ആംഗ്യം കാട്ടിയിരുത്തും. എനിക്ക് ഒരു യോഗം ഒരുക്കേണ്ട ചുമതലയുണ്ടായപ്പോൾ പ്രാർത്ഥനയായി ഒരു ബുദ്ധവചനം തപ്പിയെടുത്തു: സ്വന്തം മൂശയിൽ കുശവനെ പോലെ സൃഷ്ടി കർമത്തിനായി കുടുങ്ങിക്കിടക്കുന്ന ബ്രഹ്മാവിനെയും അവതാര ചക്രത്തിൽ അകപ്പെട്ടിരിക്കുന്ന വിഷ്ണുവിനെയും തലയോടുമായി പിച്ച തെണ്ടുന്ന രുദ്രനെയും അനവരതം കിഴക്കു പടിഞ്ഞാറു കറങ്ങുന്ന  സൂര്യനെയും നിയന്ത്രിക്കുന്ന കർമത്തിനു നമസ്‌കാരം. തസ്‌മൈ നമ: കർമണേ.


യോഗം തീരാനനുവദിക്കാതെ പ്രസംഗം തുടരുന്ന ചിലരെ കണ്ടിട്ടില്ലേ? ഒരു കാലത്ത് അതാവശ്യമായിരുന്നു. വിജയന്റെ മുന്നിൽ പെട്ടുപോകാത്തത് അവരുടെ ഭാഗ്യം. വായാടിത്തം നീട്ടിയാൽ കേമമായി എന്ന് ആരും കരുതേണ്ട. അമേരിക്കയിലെ ഗെറ്റിസ്ബർഗ് എന്ന ശ്മശാനത്തിൽ ഒരു സ്മാരക യോഗം നടക്കുകയായിരുന്നു. അന്നത്തെ ഒരു തീപ്പൊരി ഒരു മണിക്കൂർ നീണ്ടുപോയപ്പോൾ അവസാനത്തെ പ്രസംഗകൻ എത്തി. തന്റെ ഊഴം കാത്തിരിക്കുമ്പോൾ അദ്ദേഹം ഒരു ലക്കോട്ടിന്റെ പുറത്ത് തനിക്ക് പറയാനുള്ള  വാക്കുകൾ കുറിച്ചു. 
നാലര മിനിറ്റ് നീണ്ട ആ പ്രസംഗത്തിൽ അവതരിപ്പിക്കപ്പെട്ടതാണ് ജനാധിപത്യത്തിന്റെ നിലവിലുള്ള നിർവചനം. ജനങ്ങൾ ജനങ്ങളെ ജനങ്ങൾക്കു വേണ്ടി ഭരിക്കുന്ന സംവിധാനം. 
അറിയുമല്ലോ, അത് അബ്രഹാം ലിങ്കൺ ആയിരുന്നു. കുടിലിൽനിന്ന് കൊട്ടാരത്തിലേക്കുയരുകയും മരണ ഭയമില്ലാതെ നാടകം കാണാൻ പോവുകയും സമാധാനത്തിനു വേണ്ടി യുദ്ധം നയിക്കുകയും ലഘുത്വത്തിൽ ഗൗരവം നിറക്കുകയും ചെയ്ത അമേരിക്കൻ പ്രസിഡന്റ്, അനന്തമായ  ഉപചാരങ്ങളിൽ കുടുങ്ങിപ്പോകാതിരുന്ന നേതാവ്.   
 

Latest News