Sorry, you need to enable JavaScript to visit this website.

താനേ ചോരുന്ന ഫോണും പാർട്ടികളും

ചരിത്രത്തിൽ ഒരിടത്തും കേട്ടുകേൾവിയോ വട്ടെഴുത്തോ, കോപ്പിയടിയോ പോലും ഇല്ലാത്ത സംഭവമാണ്, വിദ്യാർഥി സംഘടനാ പ്രവർത്തനം കലാലയത്തിൽ പാടില്ല എന്നുള്ള ഹൈക്കോടതി വിധി. മുമ്പും ഈ കടുംകൈ പ്രവർത്തിച്ചിട്ടുണ്ട്. സ്വകാര്യ മനേജ്‌മെന്റുകൾ എന്ന ബൂർഷ്വാസി അപേക്ഷിച്ച പാടെ, കോടതി കനിഞ്ഞു! പണ്ടു പണ്ട്, ആന്റണിയെന്നും തങ്കച്ചനെന്നും പേരുള്ള നേതാവ്. ഭരണത്തിൽ വെറുതെയിരിക്കുന്ന കാലത്താണ് സ്വകാര്യ മാനേജ്‌മെന്റും അധ്യാപകരും ചേർന്നു മറ്റൊരു പണി പറ്റിച്ചത്. അതോടെ സർക്കാർ പ്രതിനിധിയുടെ മേൽനോട്ടത്തിൽ തന്നെ സ്വകാര്യ മുതലാളിക്ക് നിയമനത്തിന് ലക്ഷങ്ങൾ വാങ്ങാനുള്ള സ്വാതന്ത്ര്യം ലഭിച്ചു. വാധ്യാന്മാർക്ക് സർക്കാർ  കലാലയങ്ങളിലേതു പോലെ തന്നെ സ്‌കെയിലും ബാറ്റയും പേനയും പെൻസിലുമെല്ലാം തരപ്പെട്ടു. 
പിള്ളേർ മാത്രം അന്നുമിന്നും തഥൈവ. ഇനി ദുരിതകാലമാണ്. സമരത്തിന്റെ ആവേശോജ്വലമായ പ്ലക്കാർഡുകൾ ഏന്തിയിരുന്ന കുമാരകരാംഗുലികളിൽ നാലും അഞ്ചും കിലോ ഭാരമുള്ള പുസ്തകങ്ങൾ ചുമക്കണം. ട്രാൻസ്‌പോർട്ട് ബസിനെയും പോലീസുകാരെയും കല്ലെറിഞ്ഞു ശീലിച്ച കൈകൾ കൊണ്ട് ക്ലാസ് മുറിയിലെ നോട്ടുകൾ കുറിച്ചെടുക്കണം. സർക്കാറിനെയും ഗുരുനാഥന്മാരെയും കുറിച്ചു കൊടുങ്ങല്ലൂർ ഭരണിപ്പാട്ടു പാടി നടന്ന നാവുകൾ ഇനി പാഠഭാഗങ്ങൾ ഉച്ചരിക്കണം. 
വിദ്യാർഥി ലോകത്തിന്റെ നേരെ മുകളിൽ കാർമേഘങ്ങൾ മൂടുന്നുവെന്നു സാരം. ലേശം വിദ്യാർഥി പരിസ്ഥിതി സൗഹൃദം പുലർത്തിയിരുന്നത് കോട്ടയത്തെ എം.ജി യൂനിവേഴ്‌സിറ്റിയായിരുന്നു. 
ഹൃദയ സ്പന്ദനം പരസ്പരം അറിഞ്ഞു പേരുമാറിയിരുന്ന മറ്റൊരു സർവകലാശാലയെ കാണണമെങ്കിൽ കേരളം വിട്ടുപോകണം. ഓരോ കുഴിമടിയന്റെയും സമരം സഖാവിന്റെയും കണ്ണീരൊപ്പാൻ സദാ തയാറായി നിന്നു വൈസ് ചാൻസലറും കൂട്ടരും. പുറത്തു സമരം, അകത്തു മാർക്കുദാനം! ഇനിയിപ്പോൾ, അധ്യയനം മുടങ്ങുകയാണെങ്കിൽ പോലീസ് സംരക്ഷണം വരെ ആകാമെന്നായി കോടതി വിധി. വിധി പഠിച്ച് അപ്പീൽ പോകാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി എണ്ണയും കുഴമ്പുമൊക്കെ തേച്ച് തയാറെടുക്കുകയാണ്. പരീക്ഷാ പേപ്പർ പോലീസുകാർ തന്നെ വിതരണം ചെയ്യുകയും മാർക്കിടുകയും ചെയ്യുന്ന ഒരു പുത്തൻ കലാലയ സംസ്‌കാരത്തെയാണ് കേരളം ഉറ്റുനോക്കുന്നത്. കോട്ടയത്തെ യൂനിവേഴ്‌സിറ്റി ഗാന്ധിജിയുടെ പേരിലായതു നന്നായി. സഹനം അവിടെ നിന്നു തുടങ്ങാം.

****                              ****                  ****

പോലീസ് വകുപ്പിലെ അഴിമതികൾ പുറത്തു കൊണ്ടുവന്ന ശേഷം തന്റെ ഫോൺ ചോർത്തുന്നുവെന്ന് ചെന്നിത്തലജി ആരോപിച്ചത് കാര്യമായാണോ, അതോ, ഉച്ചയൂണിനു ശേഷമുള്ള 'നേരംപോക്കാ'യിട്ടാണോ എന്നാണ് സംശയം. വെടിയുണ്ട, വാൻ, ഹെലികോപ്റ്റർ തുടങ്ങി 150 ടൺ റേഷനരി കാണാതായതു വരെ, പ്രതിപക്ഷ നേതാവിന്റെ ഡയറിയിലുണ്ട്. കാലകാലങ്ങളിൽ എന്നല്ല, 'ദിവസേന മൂന്നു നേരം' മുടങ്ങാതെ ഇവയിൽ ഏതെങ്കിലുമെന്ന് പരസ്യ പ്രസ്താവന വഴി സേവിച്ചാൽ മാത്രമേ, പ്രതിപക്ഷത്തിന്റെ ആരോഗ്യം നിലനിർത്താൻ കഴിയൂ. 
ജരാനര ബാധിച്ചതിനാൽ പണ്ടത്തെപ്പോലെ ഊർജ്വസ്വലമല്ല ഒരു കക്ഷിയും. യുവനേതാവ് ലിജു അടുത്തിരുന്ന്, മറന്നുപോകാൻ സാധ്യതയുള്ളവ ചെവിയിൽ ഓതിക്കെടുക്കുന്നതിനാലാണ് ഇത്രയെങ്കിലും 'ആക്ടീവ്' ആയി ചാനൽ പ്രേക്ഷകർക്ക് അനുഭവപ്പെടുന്നത്. 
തന്റെ ഇടത്തെ പുരികം തുടിച്ചതിനാലാണോ എന്നറിയില്ല, വലംകൈയായ വി.എസ്. ശിവകുമാറിനെ ഒറ്റപ്പെടുത്തി വേട്ടയാടാൻ വിജിലൻസ് ശ്രമിക്കുന്ന വിവരവും രമേശ്ജിക്ക് കിട്ടി. നേർച്ചക്കെന്നവണ്ണം ഒന്നു പ്രതിഷേധിക്കുകയും ചെയ്തു. എന്നാൽ ഇതിലേറെ വിസ്മയകരം, അദ്ദേഹത്തിന്റെ ഫോൺ പോലീസ് ചോർത്തുന്നുവെന്ന പ്രസ്താവന തന്നെയാണ്. ഖദർധാരികളായ ഓരോരുത്തരുടെയും പണി അതാണെന്നിരിക്കേ, പോലീസ് എന്തിന് ഈ വിധം സമയം ചെലവാക്കുന്നുവെന്നാണ് കേട്ടവർ കേട്ടവർ മൂക്കത്തു വിരൽവെച്ചു ചോദിച്ചത്. ഒരു മാസം മുമ്പാണ് കെ.പി.സി.സിക്കകത്തെ ഒരു രഹസ്യ യോഗം ചോർന്ന് പെരുവഴിയിലായത്. മുല്ലപ്പള്ളി അതിൽ അനുഭവിച്ച മനോവേദന മാധ്യമങ്ങൾ പരസ്യപ്പെടുത്തിയതുമാണ്. ഇനി അക്കാര്യത്തിലും പോലീസ് ചോർത്തി എന്ന് പുതിയ ആരോപണമുണ്ടാകുമോ എന്ന ഭയത്തിലാണ് കേരളാ പോലീസ് മൊത്തം കഴിഞ്ഞുപോരുന്നത്. സമസ്ത മേഖലയിലും ഇടതു സർക്കാർ പരാജയമാണെന്ന് ശാസ്ത്രകാരനായ മുല്ലപ്പള്ളി കണ്ടെത്തിയിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളൂ. 'സ്വന്തം കണ്ണിലെ കോലെടുത്തു കളഞ്ഞിട്ടു പോരേ, അന്യന്റെ കണ്ണിലെ കരട് അന്വേഷിക്കാൻ' എന്നൊരു ചൊല്ലുണ്ട്. അത് ചോദിക്കാൻ തക്കവണ്ണം എൽ.ഡി.എഫ് കൺവീനർക്കു പ്രായപൂർത്തി ആയിട്ടില്ലെന്നു തോന്നുന്നു. ആകെ തമാശ തന്നെ!


****                         ****                    ****

 

അമ്പലപ്പുഴ പാൽപായസത്തോളം മധുരവും രുചിയും വേറെ ഒരു പായസത്തിനുമില്ല എന്നാണ് പഴമൊഴി. എന്നാൽ രാഷ്ട്രീയം നേരേമറിച്ചും! കാഞ്ഞിരക്കുരുവിന്റെ ടേസ്റ്റാണ് മൊത്തം ആലപ്പുഴ ജില്ലയിൽ. തോമസ് ഐസക് എന്ന ലോക സാമ്പത്തിക വിദഗ്ധനെതിരെ കടപ്പുറത്തെ ഒരു ആഞ്ചലോസ് കൊളുത്തിവിട്ട വാണം തിരികെ പതിച്ചപ്പോൾ കിടുങ്ങിയതു സി.പി.ഐ എന്ന അഖിലേന്ത്യാ മിനി പാർട്ടിയാണ്. പണ്ട് നിക്കറിട്ടും മീൻപിടിച്ചും നടന്ന ആ പയ്യൻ (വി.എസ്. അച്യുതാനന്ദൻ സഖാവിന്റേതാണ് പ്രയോഗം, അത്ര നിസ്സാരമല്ല)     മാർക്‌സിസ്റ്റ് പാർട്ടിയിൽനിന്നു നിഷ്‌കരുണം പുറത്താക്കപ്പെട്ടു. അത്തരം അനാഥരെ ഏറ്റെടുക്കാൻ 'അമ്മത്തൊട്ടിലു'മായി കാത്തിരുന്ന സി.പി.ഐ പയ്യൻ സഖാവിനെ ഉടനെ കൈക്കലാക്കി. കുഞ്ഞുന്നാളിലെ വേദന മറക്കാൻ കഴിയുമോ? മത്സ്യ മേഖലയിൽ അയലയും മത്തിയും വാങ്ങാൻ പോലും ധനകാര്യ മന്ത്രി സി.പി.ഐക്കു പണം നൽകുന്നില്ല. വിഷുവിനോ, ഓണത്തിനോ, ക്രിസ്മസിനോ, റമദാനിനോ പോലും! ആഞ്ചലോസിനു രമേശ്ജി പിന്തുണ പ്രഖ്യാപിച്ചു. 
കാനം സഖാവ് അതു വെട്ടി. പയ്യൻ പണ്ടത്തെപ്പോലെ അബദ്ധത്തിൽ ചാടണ്ട! ഇപ്പോഴിതാ, കാനത്തെ തന്നെ പുറത്താക്കണമെന്ന് അമ്പലപ്പുഴയിലെ സ്വന്തം പാർട്ടിക്കാർ? പണ്ടേ ദുർബല, പോരാഞ്ഞിട്ടു ഗർഭിണിയും എന്ന പോലെയുള്ള അവസ്ഥയാണ് സി.പി.ഐക്ക്. എന്നിട്ടും മൂന്നു മണ്ഡലക്കാരെ പുറത്താക്കി. ഇനി പാർട്ടിയിൽ ആരെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നു കണക്കെടുക്കാനാണ് സ്റ്റേറ്റ് കമ്മിറ്റി തീരുമാനം. അമ്പലപ്പുഴയിലും സി. ദിവാകരൻ 'വിഭാഗീയ വിത്ത്' എറിഞ്ഞിട്ടുണ്ടോ, ഉണ്ടെങ്കിൽ മുളയിലേ നുള്ളണം. അടുത്ത കൊല്ലം ആരൊക്കെ പാർട്ടിയിൽ അവശേഷിക്കുമെന്നതു വേറെ കാര്യം. എന്തായാലും കാനം ഉണ്ടാകും.

****                        ****                         **** 
കെ. സുരേന്ദ്രനെ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റായി പ്രഖ്യാപിച്ചതു നന്നായി. മറ്റു പലരും അതോടെ രാഷ്ട്രീയം മതിയാക്കി വീട്ടിലിരിപ്പുമായി. അത്രയും സമാധാനം പുലരും. 'ജ്ഞാനപ്പാന' അവാർഡ് പ്രഭാവർമക്കു പ്രഖ്യാപിച്ചതു പോലെയുള്ള ഒരു ലക്ഷണക്കേട് 'സുരേന്ദ്ര നിയമന'ത്തിലും കാണുന്നുണ്ട്. പുസ്തകം പഠിക്കാതെ ആളെ നോക്കി പുരസ്‌കാരം പ്രഖ്യാപിക്കുന്നതിലും ഗ്രൂപ്പിസം കാണാതെ പാർട്ടി പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നതിലും വല്ലാത്ത ഒരു സാമ്യമുണ്ട്!

Latest News