ജിദ്ദ- വാഹനാപകടത്തില്‍ മരിച്ച ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളിലെ അധ്യാപക ദമ്പതികളായ സയ്യിദ് ഖമറുല്‍ ഹസന് (59), ഫൗസിയ ഇഖ്തിദാര്‍ (49) എന്നിവരുടെ മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ജിദ്ദ വുറൂദ് മസ്ജിദ് റഹ്മ ഖബറിസ്ഥാനില്‍ ഖബറടക്കി.
ബുറൈമാനിലെ മഖ്സല സുനിയയില് പൊതു ദര്‍ശനത്തിനുവെച്ച മൃതദേഹം കാണാന്‍ സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികളും സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധികളുമടക്കം ഒട്ടേറെപേര്‍ എത്തിയിരുന്നു. വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായാണ് സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകര്‍ക്ക് യാത്രാമൊഴി നല്‍കിയത്.
അപകടവിവരം അറിഞ്ഞ് ദല്ഹിയില്നിന്നുമെത്തിയ മക്കളായ ഫൈസുല്‍ ഹസനും (കാണ്‍പൂര്‍ ഐ.ഐ.ടി), സെയ്ദ് ഫാരിസുല്‍ ഹസനും (ദല്‍ഹി ജാമിഅ മില്ലിയ) ഖബറടക്ക ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
ഇവരെ ആശ്വസിപ്പിക്കുന്നതിനും സഹായിക്കുന്നതിനുമായി സ്കൂള്‍ അധ്യാപകരും ബന്ധുക്കളും രംഗത്തുണ്ടായിരുന്നു. അപകട വിവരം അറിഞ്ഞ് ജിദ്ദയില്‍ എത്തിയിരുന്ന ഫൗസിയയുടെ സഹോദരന് അര്‍ഷദ് അടക്കമുള്ള ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ജിദ്ദ-മക്ക എക്സ്പ്രസ് ഹൈവേയിലുണ്ടായ അപകടത്തിലാണ് ഇരുവരും മരിച്ചത്. അപകട സ്ഥലത്തുവെച്ചുതന്നെ ഫൗസിയ മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ അല്‍ജിദാനി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഖമറുല്‍ ഹസന് ശനിയാഴ്ച വെകുന്നേരമാണ് മരിച്ചത്.
ഇരുപതിലെറെ വര്‍ഷമായി ജിദ്ദ ഇന്ത്യന്‍ സ്കൂള്‍ ജീവനക്കാരായ ഖമറുല്‍ ഹസന് കായിക അധ്യാപകനും ഫൗസിയ ഇഖ്തിദാര്‍ ഇംഗ്ലീഷ് അധ്യാപികയുമായിരുന്നു. ഇരുവരോടുമുള്ള അനുശോചനാര്‍ഥം സ്കൂളിന് അവധി നല്‍കിയിരുന്നു. ഉത്തര്‍പ്രദേശിലെ ബിജ്നൂര്‍ ജില്ലയില്‍ സെധാര സ്വദേശിയാണ് ഖമറുല്‍ ഹസന്.






