ബംഗലൂരു- കര്‍ണാടകയില്‍ തെരഞ്ഞെടുപ്പു നടന്നാല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് സര്‍വെ. 2018-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സി ഫോര്‍ നടത്തിയ പ്രീ പോള്‍ സര്‍വേയില്‍ സീറ്റുകള്‍ മെച്ചപ്പെടുത്തി ബിജെപി രണ്ടാം സ്ഥാനത്തെത്തുമെന്നും പറയുന്നു. ജൂലൈ 19 മുതല്‍ ഓഗസ്റ്റ് 10 വരെ നടത്തിയ സര്‍വേ ഫലം കോണ്‍ഗ്രസിന് 120 മുതല്‍ 132 സീറ്റുകളെ വരെ ലഭിക്കുമെന്ന് പ്രവചിക്കുന്നു.
ബിജെപിക്ക് 60-72 സീറ്റുകളും പ്രാദേശിക കക്ഷിയായ ജെഡിഎസിന് 24-30 സീറ്റുകളുമാണ് സര്‍വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 43 ശതമാനവും ബിജെപിക്ക് 32 ശതമാനവും ജെഡിഎസിന് 17 ശതമാനവും വോട്ട് ഓഹരി ലഭിക്കുമെന്നും സര്‍വെ പറയുന്നു.
കര്‍ണാടകയിലെ 165 നിയമസഭാ മണ്ഡലങ്ങളില്‍ 24,679 പേരാണ് ഈ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തത്. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലി ഉപയോഗിച്ചാണ് സര്‍വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായം രേഖപ്പെടുത്തിയത്. 340 നഗര പ്രദേശങ്ങളും 550 ഗ്രാമപ്രദേശങ്ങളും ഈ സര്‍വേയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രി സിദ്ധാരാമയ്യ മുന്‍കൈയെടുത്ത് ആരംഭിച്ച് അന്ന ഭാഗ്യ പദ്ധതി വോട്ടര്‍മാരില്‍ ഭൂരിപക്ഷത്തിന്റേയും പ്രശംസ പിടിച്ചു പറ്റി. ഉച്ചഭക്ഷണ പദ്ധതിയാണ് രണ്ടാമത്തെ ഏറ്റവും ജനപ്രിയ പദ്ധതി. കുടിവെള്ള ദൗര്‍ലഭ്യത, മോശം റോഡുകള്‍, മാലിന്യ് സംസ്കരണ സംവിധാനങ്ങളുടെ കുറവ്, തൊഴിലില്ലായ്മ തുടങ്ങിയവയാണ് പ്രധാന പ്രശ്നങ്ങളായി വോട്ടര്‍മാരില്‍ ഭൂരിപക്ഷവും ചൂണ്ടിക്കാട്ടിയത്.






