ദല്‍ഹിയില്‍ വീണ്ടും കലാപമെന്ന വാര്‍ത്ത തള്ളി പോലീസ്

ന്യൂദല്‍ഹി- ദല്‍ഹിയില്‍ വീണ്ടും കലാപമെന്ന ഊഹാപോഹങ്ങള്‍ തള്ളിക്കളയണമെന്ന് ദല്‍ഹി പോലീസ്. പടിഞ്ഞാറന്‍ ദല്‍ഹിയും വടക്കുകിഴക്കന്‍ ദല്‍ഹിയും ശാന്തമാണെന്നും സംഘര്‍ഷങ്ങളൊന്നുമില്ലെന്നും പോലീസ് ട്വിറ്ററില്‍ അറിയിച്ചു.
കലാപത്തില്‍ മരിച്ചവരുടെ മൂന്നു മൃതദേഹങ്ങള്‍കൂടി ഇന്ന് കണ്ടെത്തിയിരുന്നു. കൂടാതെ രണ്ട് ജാമിയ വിദ്യാര്‍ഥികളുടെ മൃതദേഹവും കണ്ടെത്തി. ഇതിന് കലാപവുമായി ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ പലേടത്തും ചെറിയ തോതില്‍ അക്രമങ്ങള്‍ നടക്കുന്നതായി ദല്‍ഹി നിവാസികള്‍ സാമൂഹിക മാധ്യമങ്ങളില്‍കൂടി അറിയിച്ചിരുന്നു.
ഇതാണ് പോലീസ് തള്ളിക്കളയുന്നത്. അഭ്യൂഹങ്ങളില്‍ വീഴരുതെന്നും ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പോലീസ് അഭ്യര്‍ഥിച്ചു.
കലാപം വീണ്ടും തുടങ്ങിയതായി ചില മേഖലകളില്‍നിന്ന് പരിഭ്രാന്തമായ സന്ദേശങ്ങള്‍ കിട്ടിയതിനെത്തുടര്‍ന്നാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം വാര്‍ത്തകള്‍ക്ക് ഒരു സ്ഥിരീകരണവുമില്ലെന്നും ഊഹാപോഹങ്ങള്‍ക്ക് ചെവി കൊടുക്കരുതെന്നും പോലീസ് ആവശ്യപ്പെട്ടു. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ക്കശ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

 

Latest News