ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി ഇനി സാംന എഡിറ്റര്‍

മുംബൈ- മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ സാംന ഗ്രൂപ്പിന്റെ പുതിയ പത്രാധിപയായി ചുമതലയേറ്റു.

ശിവസേന മുഖപത്രമായ സാംനയും ദുപാഹര്‍കാ സാംനയുമാണ് ഗ്രൂപ്പിന്റെ പ്രധാന പ്രസിദ്ധീകരണങ്ങള്‍. പുതിയ മാറ്റങ്ങള്‍ മറാത്തി പത്രത്തിന്റെ അവസാന പേജിലാണ് പ്രസിദ്ധീകരിച്ചത്.

2012 ല്‍ തീപ്പൊരി നേതാവ് ബാല്‍താക്കറെയുടെ മരണത്തിനുശേഷം ഉദ്ധവ് താക്കറെ ആയിരുന്നു സാമ്‌നയുടെ എഡിറ്റര്‍. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം പത്രാധിപ സ്ഥാനം ഒഴിഞ്ഞത്.
പാര്‍ട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് റാവത്ത് ഗ്രൂപ്പിന്റെ എക്‌സിക്യുട്ടീവ് എഡിറ്ററായിരിക്കും.

1988 ജനുവരി 23 ന് ബാല്‍താക്കറെ ആരംഭിച്ച സാംനയിലൂടെയാണ് രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ ശിവസേനയുടെ നിലപാട് അറിയിച്ചുകൊണ്ടിരുന്നത്.

 

Latest News