Sorry, you need to enable JavaScript to visit this website.

പുതിയ പ്രധാനമന്ത്രി ചുമതലയേറ്റു; മലേഷ്യയില്‍ ജനരോഷം

മലേഷ്യയിലെ പുതിയ പ്രധാനമന്ത്രി മുഹ് യുദ്ധീന്‍ യാസീനും പത്‌നി നൂറൈനി അബ്ദുറഹ് മാനും.

ക്വാലാലംപൂര്‍- മലേഷ്യയില്‍ മഹതീര്‍ മുഹമ്മദിന്റെ പാക്ട് ഓഫ് ഹോപ് സഖ്യം തകര്‍ന്നതിനെ തുടര്‍ന്ന് പുതിയ പ്രധാനമന്ത്രിയായി മുഹിയുദ്ധീന്‍ യാസീന്‍ അധികാരമേറ്റു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍  മഹാതീറും സഖ്യവും പരാജയപ്പെടുത്തിയ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് മുഹ്‌യുദ്ധീന്‍ യാസീന്‍ അധികാരത്തിലെത്തിയിരിക്കുന്നത്. അധികം അറിയപ്പെടാത്ത ഇദ്ദേഹം മുസ്‌ലിം ദേശീയവാദത്തിന്റെ വക്താവാണ്. അഴിമതിക്കെതിരെ രംഗത്തുവന്ന് കളങ്കിത പാര്‍ട്ടിയെ പരാജയപ്പെടുത്തിയാണ് 2018 ല്‍ മഹാതീറിന്റെ സഖ്യം അധികാരത്തിലേറിയതും മഹാതീറിനെ പ്രധാനമന്ത്രായിക്കയതും. പുതിയ നീക്കം തീര്‍ത്തും നിയമവിരുദ്ധമാണെന്ന് 94 കാരനായ മഹാതീര്‍ ആരോപിച്ചു.  സഖ്യത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി രാജി സമര്‍പ്പിച്ച അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയാകാനിരിക്കെയാണ് പുതിയ സംഭവവിവാകസങ്ങള്‍. മുസ്‌ലിം ഭൂരിപക്ഷ സഖ്യത്തിനു നേതൃത്വം നല്‍കുന്ന മുഹ് യുദ്ധീന്‍ യാസീനുമായുള്ള അധികാര പോരാട്ടത്തില്‍ മഹാതീറിന് അടിയറവ് പറയേണ്ടിവന്നു. പുതിയ പ്രധാനമന്ത്രി വംശീയ പരാമര്‍ശത്തിലൂടെ നേരത്തെ വിവാദം സൃഷ്ടിച്ചിരുന്നു.
ആവശ്യമായ ഭൂരിപക്ഷമുണ്ടെന്ന് മഹാതീറും സഖ്യവും അവകാശപ്പെടുന്നതിനിടെയാണ് അപ്രതീക്ഷിതമായി മുഹ്‌യുദ്ധീനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ക്ഷണിച്ചുകൊണ്ടുള്ള രാജാവിന്റെ തീരുമാനം. ഇതിനെതിരെ രാജ്യത്ത് രോഷം പടരുകയാണ്. മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്റെ യുനൈറ്റഡ് മലയസ് നാഷണല്‍ ഓര്‍ഗനൈസേഷനും (ഉംനോ) ഇസ്ലാമിക നിയമങ്ങള്‍ രാജ്യത്ത് കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടികളും ഉള്‍പ്പെടുന്നതാണ് പ്രധാനമന്ത്രി മുഹ് യുദ്ധീന്റെ സഖ്യം.
നിലവില്‍ വിചാരണ നേരിടുന്ന നജീബ് റസാഖും സംഘവും കോടിക്കണക്കിന് ഡോളറിന്റെ അഴിമതി നടത്തിയെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് 2018ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ റസാഖിന്റെ പാര്‍ട്ടി ഉംനോ തകര്‍ന്നടിഞ്ഞത്. ഇതേ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ഇപ്പോള്‍ ഭരണമാറ്റം. തോറ്റവര്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും വിജയിച്ചവര്‍ പ്രതിപക്ഷത്തിരിക്കുകയും ചെയ്യുന്ന സ്ഥിതി ഒരിക്കലും അംഗീകരിക്കില്ലെന്നും ഈ വഞ്ചനക്കെതിരെ പാര്‍ലമെന്റില്‍ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടുമെന്നും മഹാതീര്‍ പറഞ്ഞു. 112 എം.പിമാരുടെ പിന്തുണയുണ്ടെന്നാണ് മുഹ്‌യുദ്ധീന്‍ രാജാവിനെ അറിയിച്ചിരിക്കുന്നു. എന്നാല്‍ ഇതിനെ മഹാതീര്‍ ചോദ്യം ചെയ്യുന്നു.
പരിഷ്‌കരണ സഖ്യത്തെ പുറന്തള്ളിയതിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നോട്ട്‌മൈപിഎം എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡായി. 2018 ലെ തെരഞ്ഞെടുപ് ഫലത്തെ അട്ടിമറിക്കുന്നതാണ് പുതിയ നീക്കമെന്ന് ചൂണ്ടിക്കാട്ടി 1,30,000 പേര്‍ ഒപ്പിട്ട നിവേദനവും തയാറായിട്ടുണ്ട്.

 

 

 

Latest News