ബക്രീദിന് പശുവിനെ ബലിയറുക്കുന്നത് തടയാന്‍ നീക്കവുമായി ആര്‍ എസ് എസ്

ന്യൂദല്‍ഹി- രണ്ടാഴ്ചയ്ക്കു ശേഷം വരാനിരിക്കുന്ന ഈദുല്‍ അദ്ഹയോടനുബന്ധിച്ചുള്ള ബലി കര്‍മ്മത്തിന് പശുക്കളെ ഉപയോഗിക്കുന്നത് തടയാന്‍ രാജ്യവ്യാപക പ്രചാരണം നടത്താന്‍ ആര്‍ എസ് എസ് തീരുമാനം. ആര്‍ എസ് എസ് നേതൃത്വം നല്‍കുന്ന മുസ്ലിം സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ചിനെ മുന്‍ നിര്‍ത്തിയാണ് ഈ പ്രാചരണം നടത്തുക. പ്രധാനമായും ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചാണ് നീക്കം. ഇതിനു മുന്നോടിയായി മുസ്ലിം രാഷ്ട്രീയ മഞ്ച് ചൊവ്വാഴ്ച മുസ്ലിം പണ്ഡിതരുടെ ഒരു യോഗം ദല്‍ഹിയില്‍ വിളിച്ചു ചേര്‍ക്കുന്നുണ്ട്. ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുതിര്‍ന്ന ആര്‍ എസ് എസ് നേതാവ് ഇന്ദ്രേശ് കുമാറും യോഗത്തില്‍ പങ്കെടുക്കും. 

പശുക്കളെ ബലിയറുക്കുന്നതിനെതിരെ ഈ യോഗത്തില്‍ പ്രമേയം പാസാക്കും. 'ദുയൂബന്ദ് ദാറുല്‍ ഉലൂം പണ്ഡിതന്മാരുടെ ഫത് വയെ അടിസ്ഥാനമാക്കിയാണ് പശുവിനെ ബലിയറുക്കരുതെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഹിന്ദു വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി കൊണ്ട് പശുവിനെ ബലിയറുക്കുന്നത് ഇസ്ലാമില്‍ അനുദവനീയമാണോ എന്ന ഞങ്ങളുടെ ചോദ്യത്തിന് അല്ലെന്നായിരുന്നു ദാറുല്‍ ഉലൂം നല്‍കിയ മറുപടി,' മഞ്ചിന്റെ ദേശീയ കണ്‍വീനല്‍ മുഹമ്മദ് അഫ്‌സല്‍ പറയുന്നു.

നേരത്തെ റമദാനിലെ ഇഫ്താര്‍ പാര്‍ട്ടികളില്‍ ബീഫ് വിളമ്പുന്നതിന് പകരം പശുവിന്റെ പാല്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ടും മുസ്ലിം പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘ പരിവാര്‍ സംഘടന പ്രചാരണം നടത്തിയിരുന്നു. ഇന്ത്യയില്‍ വിവിധയിടങ്ങളിലായി ഇവര്‍ പശുപ്പാല്‍ വിളമ്പി ആയിരത്തോളം ഇഫ്താര്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച നടക്കുന്ന യോഗത്തിന് ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ നിന്ന് നൂറിലേറെ ഉലമകള്‍ പങ്കെടുക്കുമെന്ന് ഇവര്‍ പറയുന്നു. 

Latest News