കൊറോണ മരണം മൂവായിരത്തിലേക്ക്; പല രാജ്യങ്ങളിലും രോഗം പടരുന്നു

കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത സ്ത്രീയെ 14 ദിവസത്തെ നിരീക്ഷണത്തിനായി ഹോട്ടലില്‍ എത്തിക്കുന്നു.

പാരീസ്- പുതിയ കൊറോണ വൈറസ് കാരണമായുള്ള മരണസംഖ്യ 3000 ലേക്ക് നീങ്ങുന്നു. 64 രാജ്യങ്ങളിലാണ് 87,565 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മരണം 2990 ആണ്. പുതുതായി 1646 കൊറോണ ബാധയാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഡിസംബറില്‍ രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയിലാണ് 79824 കൊറോണ കേസുകള്‍. ഇവരില്‍ 2870 പേരുടെ നില ഗുരുതരമാണ്. പുതുതായി 35 മരണവും 573 കൊറോണ ബാധയുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചൈനക്ക് പുറത്ത് 7741 ആണ് കൊറോണ ബാധ. 120 പേര്‍ മരിക്കുകയും ചെയ്തു. ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങള്‍ ഇവയാണ്. ദക്ഷിണ കൊറിയ (18 മരണം, 3736 രോഗബാധ), ഇറ്റലി (29 മരണം, 1128 രോഗബാധ), ഇറാന്‍ (54 മരണം 978 രോഗബാധ), ജപ്പാന്‍ (11 മരണം 239 രോഗബാധ). ജപ്പാനില്‍ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ 700 കൊറോണ ബാധിതരുണ്ട്. ദക്ഷിണ കൊറിയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാനില്‍ 385 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗൂഗിള്‍ ജീവനക്കാരില്‍ ഒരാള്‍ക്ക് പുതിയ കൊറോണ വൈറസ് കൊവിഡ്-19 ബാധിച്ചതായുള്ള റിപ്പോര്‍ട്ട്  കമ്പനി സ്ഥിരീകരിച്ചു.
കമ്പനിയുടെ സൂറിച്ച് ഓഫീസില്‍ ജോലി ചെയ്ത ശേഷമാണ് കൊറോണ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയതും പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതും.
ജീവനക്കാരന്‍ തൊട്ടുമുമ്പ് കൊറോണ ബാധിത പ്രദേശത്ത് സഞ്ചരിച്ചിട്ടുണ്ടെന്നും കമ്പനി വെളിപ്പെടുത്തി. കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ പ്രധാനപ്പെട്ട അന്താരാഷ്ട്ര സമ്മേളനം റദ്ദാക്കിയ ഗൂഗിള്‍ ദക്ഷിണ കൊറിയയിലേക്കും ജപ്പാനിലേക്കും പോകരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

 

Latest News