ചെന്നൈ- പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട് നടന്‍ രജനികാന്തുമായി ആശങ്ക പങ്കുവെച്ച് ജമാഅത്തുല്‍ ഉലമ പ്രസിഡന്റ് കെഎം ബാഖവി. രാജ്യത്ത് ദേശീയ ജനസംഖ്യാരജിസ്ട്രര്‍ നടപ്പാക്കുമ്പോള്‍ മുസ്ലിംസമുദായം നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ നേതാക്കള്‍ രജനിയെ അറിയിച്ചു. തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് രജനികാന്ത് മതസംഘടന നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.
ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച. പൗരത്വഭേദഗതി നിയമം രാജ്യത്തെ ഒരു പൗരനെയും ബാധിക്കില്ലെന്നും മുസ്ലിങ്ങളെ ബാധിക്കുമെങ്കില്‍ ആദ്യം ശബ്ദമുയര്‍ത്തുന്ന വ്യക്തി താനായിരിക്കുമെന്നും രജനികാന്ത് പറഞ്ഞു. പുറത്തുനിന്നുള്ള ആളുകളെ കുറിച്ച് അറിയാന്‍ വേണ്ടിയാണ് എന്‍പിഐര്‍. എന്‍ആര്‍സി ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്നും താരം അറിയിച്ചു. പൗരത്വഭേദഗതിക്ക് എതിരെ നടക്കുന്ന സമരങ്ങളെ തള്ളിപ്പറഞ്ഞ് നേരത്തെ താരം രംഗത്തെത്തിയിരുന്നു.