അഫ്ഗാനില്‍നിന്ന് യു.എസ് സൈനിക പിന്മാറ്റം 14 മാസത്തിനകം പൂര്‍ത്തിയാക്കും
വാഷിംഗ്ടണ്‍- താലിബാന്‍ വാഗ്ദാനങ്ങള്‍ പാലിച്ചാല്‍ അഫ്ഗാനിസ്ഥാനിലുള്ള യു.എസ്, നാറ്റോ സൈനികരെ 14 മാസത്തിനകം പൂര്‍ണമായും പിന്‍വലിക്കും. താലിബാനുമായി ദോഹയില്‍ ഒപ്പുവെച്ച കരാറിനു മുന്നോടിയായി അമേരിക്കയും അഫ്ഗാനിസ്ഥാനും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് സേനാ പിന്മാറ്റത്തിന്റെ സമയം പ്രഖ്യാപിച്ചിരിക്കുന്നത്. അഫ്ഗാനില്‍ അവശേഷിക്കുന്ന യു.എസ് സൈനികരെ 14 മാസത്തിനകം പിന്‍വലിക്കും. എന്നാല്‍ യു.എസ്-താലിബാന്‍ കരാറിലെ വാഗ്ദാനങ്ങള്‍ താലിബാന്‍ പാലിക്കുമെന്ന നിബന്ധന ഇതിനു ബാധകമാണെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു. കരാര്‍ ഒപ്പിട്ട് 135 ദിവസം പൂര്‍ത്തിയാകുമ്പോഴേക്കും അമേരിക്ക അഫ്ഗാനിലുള്ള സൈനികരുടെ എണ്ണം 8600 ആയി ചുരുക്കും. സമാധാന കരാറിനു തുടര്‍ച്ചയായി അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ നടത്തുന്ന ചര്‍ച്ചക്ക് അമേരിക്ക മേല്‍നോട്ടം വഹിക്കും. കരാര്‍ അംഗീകരിക്കാന്‍ യു.എന്‍ രക്ഷാസമിതിയോട് അമേരിക്ക അഭ്യര്‍ഥിക്കും.
അഫ്ഗാനില്‍ രണ്ട് ദശാബ്ദം പിന്നിട്ട സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടാണ് യു.എസ്-താലിബാന്‍ കരാര്‍. അമേരിക്ക തുടരുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തില്‍ ആയിരങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്. സമാധാന ചര്‍ച്ച എവിടെയെത്തിയെന്നറിയാന്‍ എല്ലാ ദിവസവും റേഡിയോ കേള്‍ക്കുമെന്ന് താലിബാനും സുരക്ഷാ സൈനികരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു കാലു നഷ്ടപ്പെട്ട ഇസ്മത്ത് എന്ന 24 കാരന്‍ പറഞ്ഞു. ഹെല്‍മണ്ട് പ്രവശ്യയില്‍ താമസിക്കുന്ന ഇസ്മത്തിന് ആറുവര്‍ഷം മുമ്പ് പിതാവിനേയും പത്ത് വയസ്സുകാരനായ സഹോദരനേയും യുദ്ധത്തില്‍ നഷ്ടമായി. ഭര്‍ത്താവിനേയും മൂന്ന് മക്കളേയും നഷ്ടപ്പെട്ട ഗസ്‌നി പ്രവിശ്യയിലെ സര്‍മിന എന്ന 27 കാരിയും സമാധാനത്തിനുവേണ്ടി കൊതിയോടെ കാത്തിരിക്കയാണെന്ന് പ്രതികരിച്ചു.നംഗര്‍ഹാര്‍ പ്രവിശ്യയിലെ വഹീദ എന്ന 19 കാരിക്ക് 12 കുടുംബാംഗങ്ങളെയാണ് യുദ്ധത്തില്‍ നഷ്ടമായത്. സമാധാന കരാറിന് തനിക്ക് യാതൊന്നും തിരിച്ചുനല്‍കാനാവില്ലെങ്കിലും മറ്റുള്ളവര്‍ക്ക് ഇനി ആരേയും നഷ്ടപ്പെടില്ലല്ലോ എന്നായിരുന്നു അവളുടെ പ്രതികരണം.
ഇത് സമാധാന കരാറല്ലെന്നും പിന്‍വാങ്ങല്‍ കരാറാണെന്നുമാണ് അഫ്ഗാനിസ്ഥാന്‍ അനലിസ്റ്റ് നെറ്റ് വര്‍ക്ക് കോ ഡയരക്ടര്‍ കേറ്റ് ക്ലാര്‍ക്കിന്റെ അഭിപ്രായം. പ്രതീക്ഷകളും ഭീതിയും നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ യു.എസ് സൈന്യത്തിന്റെ പിന്മാറ്റം മാത്രമാണ് പറയുന്നത്. പിന്നീട് എന്താണ് സംഭവിക്കുകയെന്നു കണ്ടറിയണം- കേറ്റ് ക്ലാര്‍ക്ക് പറഞ്ഞു.
അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രമുഹൂര്‍ത്തമാണെന്നും ശോഭനമായ ഭാവിയാണ് മുന്നില്‍ കാണുന്നതെന്നും അഫ്ഗാനൊടൊപ്പം എല്ലായ്‌പ്പോഴും നിലകൊള്ളുമെന്നും കാബൂളിലെ യു.എസ് എംബസി പ്രതികരിച്ചു. അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് ഒരുമിച്ച് നില്‍ക്കാനും രാഷ്ട്രത്തെ നയിക്കാനുമുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്ന് നാറ്റോ സീനിയര്‍ സിവിലിയന്‍ പ്രതിനിധി നിക്കോളാസ് കായ് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ സ്ഥിരതയും സമാധാനവും പുലരുമെന്ന് പാക്കിസ്ഥാന്‍ വിദേശ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.