Sorry, you need to enable JavaScript to visit this website.

വംശീയ കലാപത്തിന്റെ വാൾകീഴിൽ ഇന്ത്യ

വംശീയ ഹത്യയാണ് മൂന്നു ദിവസമായി രാജ്യ തലസ്ഥാനമായ ദൽഹിയിൽ നടക്കുന്നതെന്ന് പകൽ വെളിച്ചം പോലെ ലോകം കണ്ടുകഴിഞ്ഞു. വംശഹത്യയോട് പ്രതിബദ്ധതയുള്ള സർക്കാറാണ് ഇന്ത്യ ഭരിക്കുന്നതെന്നും.  ദൽഹി കലാപവുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്ത ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് മുരളീധറിനെ ബുധനാഴ്ച പാതിരാത്രിയിൽ സ്ഥലംമാറ്റിയ കേന്ദ്ര സർക്കാർ ഉത്തരവു കൂടി വന്നതോടെ. 
ജസ്റ്റിസ് മുരളീധർ അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് ദൽഹി പോലീസിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കേസ് കേൾക്കുന്നതിനിടെ രണ്ട് കാര്യങ്ങൾ തറപ്പിച്ചു പറഞ്ഞിരുന്നു: ദൽഹിയിൽ 1984 ആവർത്തിക്കാൻ അനുവദിക്കില്ല. കലാപത്തിന് ആഹ്വാനം ചെയ്ത നേതാക്കൾക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ 24 മണിക്കൂറിനകം തീരുമാനം അറിയിക്കണം.   


1984 ഒക്‌ടോബർ 31 ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് ദൽഹിയെ വിഴുങ്ങിയ വംശീയ കലാപത്തിൽ ഔദ്യോഗിക കണക്കനുസരിച്ച് 3325 പേരെങ്കിലും കൊല്ലപ്പെട്ടിരുന്നു. അന്ന് വംശീയ കൊലക്ക് ഇരയാക്കിയത് സിക്കുകാരെയായിരുന്നെങ്കിൽ ഇപ്പോൾ കോപ്പുകൂട്ടിയിരിക്കുന്നത് മുസ്‌ലിംകൾക്കെതിരായ വംശീയ കലാപത്തിനാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് കോടതി ഖണ്ഡിതമായി ഇത് പറഞ്ഞത്. ചൊവ്വാഴ്ച അർധരാത്രി മറ്റൊരു ഹരജി കേട്ട ജസ്റ്റിസ് മുരളീധർ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അടിയന്തരമായി പോസ്റ്റ്‌മോർട്ടം നടത്താൻ ആശുപത്രികൾക്ക് നിർദേശം നൽകിയിരുന്നു. സെഡ് കാറ്റഗറി സുരക്ഷയുള്ള പ്രമുഖ വ്യക്തികൾ കലാപം നിയന്ത്രിക്കാൻ രംഗത്തിറങ്ങണമെന്നും നിർദേശിച്ചിരുന്നു.
കേസെടുക്കാൻ പറ്റിയ സമയമല്ലെന്ന സോളിസ്റ്റർ ജനറൽ മേത്തയുടെ ആവശ്യം അംഗീകരിച്ച് വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേലും ജസ്റ്റിസ് സി ഹരിശങ്കറും ഉൾപ്പെട്ട ബെഞ്ച് കേസ് ഒന്നര മാസത്തേക്ക് നീട്ടിവെച്ചു. വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്ര മന്ത്രിയടക്കമുള്ള ബി.ജെ.പി നേതാക്കൾക്കു വേണ്ടി കക്ഷി ചേരാൻ കേന്ദ്ര സർക്കാറിന് ഹൈക്കോടതി അനുവാദം നൽകുകയും ചെയ്തു. സന്ദേശം വളരെ വ്യക്തമാണ്. 


984 ലെ സിക്ക് വിരുദ്ധ കലാപത്തിനും ഇപ്പോഴത്തെ  കലാപത്തിനും ആസൂത്രണവും പ്രേരണയും നൽകിയത് ഭരണകക്ഷി നേതാക്കളാണ്. അതൊഴിച്ചാൽ രണ്ടും തമ്മിൽ ഏറെ വ്യത്യാസമുണ്ട്. ഇന്ദിരാഗാന്ധി വധം  വലിയൊരളവിൽ കേന്ദ്ര സർക്കാറിനെ തന്നെ നിശ്ചലമാക്കിയിരുന്നു. അതിനിടക്കാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ദിരാഗാന്ധിയുടെ  അന്ത്യദർശനം നടന്നുകൊണ്ടിരിക്കേ കണ്ണിനു കണ്ണ്, ചോരക്കു ചോര' എന്ന   മുദ്രാവാക്യം അനുയായികളെക്കൊണ്ട് വിളിപ്പിച്ചത്. അതൊരു വംശീയ കലാപ തീക്കാറ്റായി ദൽഹിയിലെ സിക്കുുകാർക്കു നേരെ വ്യാപിച്ചു. വഴിയിൽ കണ്ട സിക്കുകാരെ കൊന്നൊടുക്കിയും അവരുടെ വീടുകളും ആരാധനാലയങ്ങളും വാഹനങ്ങളും  വ്യാപാര സ്ഥാപനങ്ങളും തെരഞ്ഞുപിടിച്ചാക്രമിച്ച്  ചുടലക്കളമാക്കിയതും തടയാൻ പോലീസ് രംഗത്തുണ്ടായിരുന്നില്ല. ദൽഹിയിൽനിന്ന് കലാപം സമീപ സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിക്കുകയായിരുന്നു. 
മറിച്ച്,  യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് യുദ്ധസമാനമായ സുരക്ഷിതത്വ ജാഗ്രത ദൽഹിയിൽ ഏർപ്പെടുത്തിയിരുന്നു.  ഞായറാഴ്ച ഉത്തരപൂർവ ദൽഹിയിലാണ് വംശീയ കലാപം ഉണ്ടായത്.  ആദ്യം പൗരത്വ നിയമ വിരുദ്ധ സമരക്കാരും കപിൽ മിശ്രയുടെ നേതൃത്വത്തിലുള്ള പൗരത്വ നിയമ അനുകൂലികളും തമ്മിൽ ഏറ്റുമുട്ടലായി തുടങ്ങി. പിന്നീട് ഉത്തര-പൂർവ ദൽഹിയിലാകെ വംശീയ കലാപമായി വ്യാപിച്ചു. 


ഞായറാഴ്ചയാണ് രാഷ്ട്രപിതാവ് അന്തിയുറങ്ങുന്ന രാജ്ഘട്ടിനു അതിരിട്ടൊഴുകുന്ന യമുനാ നദിക്കപ്പുറത്തെ ഉത്തര-പൂർവ ദൽഹിയിൽ സംഘർഷവും തുടർന്ന് കലാപവും പൊട്ടിപ്പുറപ്പെട്ടത്. 
ഉത്തര-പൂർവ ദൽഹിയിലെ ജാഫറാബാദിൽ ഒരു ദിവസം മുമ്പു തുടങ്ങിയ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിനെതിരെ രംഗത്തു വന്ന ബി.ജെ.പി നേതാവ് കപിൽ മിശ്രയാണ് സംഘർഷത്തിനും കലാപത്തിനും തുടക്കമിട്ടത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാഫറാബാദിലും അടുത്തുള്ള ചാന്ദ്ബാദിലും നടക്കുന്ന കുത്തിയിരിപ്പു സമരം പോലീസ് ഒഴിപ്പിക്കണം. ട്രംപ് ഇന്ത്യയിലുള്ള മൂന്നു ദിവസം വരെ ക്ഷമിക്കും- ജാഫറാബാദിൽ പൗരത്വ ഭേദഗതി നിയമത്തിനനുകൂലമായ പൊതുയോഗത്തിൽ വടക്കുകിഴക്കൻ ദൽഹി പോലീസ് കമ്മീഷണർ വേദ്പ്രകാശ് സൂര്യയുടെ സാന്നിധ്യത്തിലായിരുന്നു കപിൽ മിശ്രയുടെ മുന്നറിയിപ്പ്.  അതിന്റെ വീഡിയോയാണ് ഹൈക്കോടതിയിൽ തുഷാർ മേത്തയേയും ദൽഹി പോലീസ് ഉപമേധാവിയെയും ജസ്റ്റിസ് മുരളീധർ കേൾപ്പിച്ചത്. 


അമ്പത്തിയാറ് ദിവസമായി ഷഹീൻ ബാഗ് അടക്കം യമുനാ നദിക്ക് ഇക്കരെയുള്ള പ്രദേശങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി നടന്നുവരുന്ന സമരത്തിലല്ല സംഘർഷവും ഏറ്റുമുട്ടലുമുണ്ടായത്. പ്രസംഗം കഴിഞ്ഞതോടെ ജാഫറാബാദിലും ചാന്ദ്ബാദിലും നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ കല്ലേറും ഏറ്റുമുട്ടലുമുണ്ടായി. തന്റെ മുന്നറിയിപ്പിലെ മൂന്നു ദിവസത്തെ ഇടവേളക്കു കാക്കാതെ കപിൽ മിശ്ര   കലാപത്തിന് തുടക്കമിട്ടു. ആഗ്രയിൽനിന്ന് ട്രംപും പരിവാരങ്ങളും വന്നിറങ്ങിയപ്പോൾ  ചാന്ദ്ബാദിൽനിന്ന് ആകാശത്ത് പരന്നുനിറഞ്ഞ കറുത്ത പുകയാണ് ദൽഹിയിൽ അവരെ വരവേറ്റത്. മുസ്‌ലിം വ്യാപാരികൾ ഭൂരിപക്ഷമുള്ള ടയർ മാർക്കറ്റിന് കലാപകാരികൾ തീവെക്കുകയായിരുന്നു.  അവിടത്തെ പ്രധാന സ്വകാര്യ ആശുപത്രിയിലേക്ക് ജയ് ശ്രീരാം വിളിച്ച്  ഇരച്ചുകയറി എല്ലാം അടിച്ചുതകർത്തു നശിപ്പിച്ചു. കുട്ടികളും സ്ത്രീകളുമടക്കമുള്ള രോഗികളും ജീവനക്കാരുമൊക്കെ പിൻവശത്തു കൂടി ഓടി രക്ഷപ്പെട്ടു. വഴിയോരങ്ങളിൽ നിർത്തിയിട്ട വാഹനങ്ങൾ തീവെച്ച് നശിപ്പിച്ചു. 


സീലാംപുർ, മൗസ്പുർ, കാർഡാംപുരി, ബാർബാർപുർ, ഗോഗുൽപുരി, ശിവപുരി തുടങ്ങിയ പ്രദേശങ്ങളിലേക്ക് വംശീയ കലാപം വ്യാപിച്ചു.  
ഇതെല്ലാം ചെയ്തത് പ്രദേശവാസികളല്ലെന്നും ബി.ജെ.പി ഭരിക്കുന്ന യു.പിയിൽനിന്നും ഹരിയാനയിൽനിന്നും വരുത്തിയ ക്രിമിനൽ സംഘങ്ങളും കപിൽ മിശ്രയുടെ അനുയായികളുമാണെന്നും ആക്രമത്തിനിരയായവർ വിവിധ മാധ്യമ പ്രവർത്തകരോട് പറയുന്നുണ്ട്.  മാധ്യമ പ്രവർത്തകരെ തന്നെ വളഞ്ഞുവെക്കുകയും ഫോണും ക്യാമറകളും പിടിച്ചെടുത്ത് തെളിവുകൾ നശിപ്പിക്കുകയും ചെയ്തു. ഹിന്ദുക്കളാണെന്നതിനുള്ള തെളിവുകൾ കാണിച്ചതിനു ശേഷമേ ജീവൻ രക്ഷിക്കാനായുള്ളൂ എന്ന് വനിതകളടക്കമുള്ള മാധ്യമ പ്രവർത്തകർ വെളിപ്പെടുത്തുന്നുണ്ട്.  
കലാപം തുടങ്ങി 68 മണിക്കൂറുകൾക്കു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി സമാധാന അഭ്യർത്ഥന പുറപ്പെടുവിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആവശ്യപ്പെട്ടതിനു പിറകെ.  ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോൾ അർധരാത്രി  പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ  ചെയ്ത രാജീവ്ഗാന്ധി അമ്മയുടെ മൃതദേഹത്തിനരികിൽനിന്ന് പോയത് ദൽഹിയിലെ കലാപബാധിത പ്രദേശങ്ങളിൽ സമാധാന ദൗത്യവുമായാണ്. ഇത്തവണ കലാപം നടക്കുമ്പോൾ ഹൈദരാബാദ് ഹൗസിലും രാഷ്ട്രപതി ഭവനിലും ട്രംപുമൊത്ത് വിരുന്നു സൽക്കാരത്തിലായിരുന്നു  ഭരണാധികാരികൾ.


ട്രംപ് മടങ്ങിപ്പോയിട്ടും കലാപം തുടരുന്ന പ്രദേശങ്ങളിലേക്ക് മോഡിയോ അമിത് ഷായോ പോയില്ല. നിശ്ശബ്ദത പുലർത്തിയ ലെഫ്റ്റനന്റ് ഗവർണറും പട്ടാളത്തെ അയക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്ന മുഖ്യമന്ത്രി കെജ് രിവാളും പുറത്തിറങ്ങിയില്ല. എത്തിയത്  ടി.വി ക്യാമറകളുടെ അകമ്പടിയിൽ ദേശീയ സുരക്ഷാ ഉപദേശകൻ അജിത് ഡോവലാണ്. അമിത് ഷായുടെ പരാജയം തുറന്നുകാട്ടുന്നതായി മുൻ ഇന്റലിജന്റ്‌സ് മേധാവിയുടെ പ്രകടനം. പ്രത്യേകിച്ചും സുപ്രീം കോടതിയും ഹൈക്കോടതിയും കലാപം തടയുന്നതിൽ ദൽഹി പോലീസിനെ രൂക്ഷമായി വിമർശിച്ചപ്പോൾ. പ്രധാനമന്ത്രിയും അമിത് ഷായും തമ്മിലുള്ള അകൽച്ചയുടെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടതുണ്ട്.  ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇത്തരമൊരു ദൗത്യം നിർവഹിച്ചത് ആദ്യമാണ്.


കപിൽ മിശ്രയുടെ വിവാദ പ്രസംഗത്തിനു പിന്നാലെ ഞായറാഴ്ച മൂന്നു മണിക്കു തന്നെ ഇന്റലിജന്റ്‌സ് ബ്യൂറോ, സ്‌പെഷ്യൽ ബ്രാഞ്ച് തുടങ്ങിയ അന്വേഷണ ഏജൻസികൾ ഉത്തര-പൂർവ ദൽഹിയിൽ സംഘർഷം പൊട്ടിപ്പുറപ്പെടുമെന്ന് ആറു തവണ ഉന്നത പോലീസ് മേധാവികൾക്കു മുന്നറിയിപ്പു നൽകിയിരുന്നു. കലാപം വിലയിരുത്താൻ നിരവധി തവണ അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. എന്നിട്ടും നടപടിയുണ്ടായില്ല.  വേണ്ടതിലേറെ പോലീസ് ദൽഹിയിലുണ്ടായിരുന്നിട്ടും. 


സഹായം തേടി കലാപബാധിത പ്രദേശങ്ങളിൽനിന്ന് തിങ്കളാഴ്ച  3300 അടിയന്തര സന്ദേശങ്ങൾ  ദൽഹി പോലീസ് കൺട്രോൾ റൂമിൽ എത്തി. ചൊവ്വാഴ്ച എണ്ണായിരത്തോളവും.  പോലീസ് ചെന്നില്ല. മാനസിക വളർച്ചയില്ലാത്ത  ഒരു മുസ്‌ലിം  യുവാവും കുട്ടികളുടെ വിശപ്പടക്കാൻ ആഹാര സാധനങ്ങൾ തേടിപ്പോയ ഒരു മുസ്‌ലിം പിതാവുമടക്കം ഏറെപ്പേർ വഴിയിൽ വെടിയേറ്റു വീണുകിടന്നു. ഇവരുടെ മൃതദേഹം പോലും ആശുപത്രികളിലെത്തിക്കാൻ പോലീസ് വാഹനങ്ങളോ ആംബുലൻസോ ലഭ്യമായില്ല.  ഒടുവിൽ ജസ്റ്റിസ് മുരളീധർ ഇടപെട്ടാണ് പോസ്റ്റുമോർട്ടം നടന്നത്.
ഉത്തര-പൂർവ ദൽഹിയിലെ ത്രിലോക്പുരി പോലുള്ള പ്രദേശങ്ങളിൽ നൂറുകണക്കായ വീടുകളിൽ സിക്ക് കുടുംബങ്ങളെ കൂട്ടക്കൊല ചെയ്തതായിരുന്നു 1984 ലെ ദൽഹി കലാപത്തിന്റെ ഹൃദയഭേദകമായ ദൃശ്യം. 
ജീവനോടെ തീവെച്ചും മുഖത്ത് വാളുകൊണ്ട് വെട്ടിയും ഗദ കൊണ്ടും വടികൾ കൊണ്ടും അടിച്ചും വെടിവെച്ചുമാണ് ഇത്തവണ വർഗീയ ശക്തികൾ കലാപത്തിൽ ആഹ്ലാദം കൊണ്ടത്. അന്ന് ഗുരുദ്വാരകളാണ് ആക്രമിച്ചതെങ്കിൽ ഇത്തവണ പള്ളികൾക്ക് തീവെച്ചും ദർഗകൾ തകർത്തും അവയ്ക്കു മേൽ കാവിക്കൊടി ഉയർത്തിയുമായിരുന്നു വിനോദം.


35 വർഷം മുമ്പത്തെ ദൽഹിയിലെയും പരിസരങ്ങളിലെയും  വംശീയാക്രമണത്തിനു പിന്നിൽ അധികാരത്തിന്റെ കാണാമറയത്തു നിന്ന സ്തുതിപാഠകരും പൈശാചിക മനസ്സുള്ള ഒരു കൂട്ടം രാഷ്ട്രീയ നേതാക്കളുമായിരുന്നു ആസൂത്രകർ.  ഒരു മുൻ മാതൃകയില്ലാതെ ഇന്ദിരാഗാന്ധിയുടെ വധത്തിൽനിന്നുയർന്ന ദുഃഖവും നഷ്ടബോധവും വിദ്വേഷത്തിന്റെ ഭ്രാന്താക്കി വഴിതിരിച്ചു വിടുകയായിരുന്നു.     ഏറെയും കൗമാരക്കാരുടെ ആൾക്കൂട്ടങ്ങളായിരുന്നു വടിയും വാളും കുപ്പിയിൽ പെട്രോളുമായി അയൽപക്കങ്ങളിൽ കൊലയും കൊള്ളയും തീവെപ്പും നടത്തിയത്. 
പക്ഷേ, ഇത്തവണ പുറത്തുനിന്നു വന്ന യുവാക്കളും മുതിർന്നവരുമാണ് മതസൗഹാർദത്തിൽ കഴിഞ്ഞിരുന്നവരിൽ ഒരു വിഭാഗത്തെ തെരഞ്ഞുപിടിച്ചാക്രമിച്ചത്. തോക്കേന്തിയവർ സംഘത്തെ നയിച്ചു. പോലീസ് ഇടപെടാതെ നിന്നു. 38 പേർ ഇതിനകം കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്ക് വെളിപ്പെടുത്തുന്നു. അതിൽ സിക്ക് വിരുദ്ധ കലാപത്തിൽനിന്നു തീർത്തും വ്യത്യസ്തമായി 45 ശതമാനം പേർ വെടിയേറ്റു മരണപ്പെട്ടവരാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.


എന്നു പറഞ്ഞാൽ 2002 ൽ ഗോധ്ര സംഭവത്തെ തുടർന്ന് ഗുജറാത്തിലുണ്ടായ രണ്ടായിരത്തിലേറെ മുസ്‌ലിം ന്യൂനപക്ഷങ്ങൾ കൊല്ലപ്പെട്ട വംശീയ കലാപത്തിന്റെ അതേ മാതൃകയാണ് ഇത്തവണ ദൽഹിയിൽ പ്രയോഗിച്ചത്.  ഇക്കഴിഞ്ഞ ദൽഹി തെരഞ്ഞെടുപ്പിൽ തന്നെ ഇതിനു തുടക്കം കുറിച്ചിരുന്നു.  'ഗോലി മാരോ ഗദ്ദാരോം കോ' എന്ന കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തോടെ. നിയമസഭാ തെരഞ്ഞെടുപ്പിൽ ഞരമ്പുകളിൽ ഹിന്ദുത്വ വികാരം പടർത്തി ബി.ജെ.പിക്ക് 9 ശതമാനം വോട്ട് വർഛിപ്പിച്ചത് ന്യൂനപക്ഷങ്ങൾക്കെതിരായ പ്രസംഗങ്ങളും വീഡിയോകളുമാണ്. 


2002 ൽ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിക്ക് മനുഷ്യാവകാശ ലംഘനത്തിന്റെ പേരിൽ അമേരിക്ക വിസ നിഷേധിച്ചു. 
ഇത്തവണ പതിനൊന്നു പേരെങ്കിലും കൊല്ലപ്പെട്ടപ്പോൾ അമേരിക്കക്കു മടങ്ങും മുമ്പ് പത്രസമ്മേളനം വിളിച്ച  ട്രംപിനോട് ീൽഹി കലാപത്തെക്കുറിച്ച് മാധ്യമ പ്രതിനിധികൾ ചോദിച്ചു. ഒരു മറുപടി കൊണ്ട് അതിമനോഹരമായ രണ്ടു ദിവസത്തെ ഇന്ത്യൻ യാത്ര  തകർക്കാൻ തയാറില്ലെന്നായിരുന്നു  ട്രംപിന്റെ മറുപടി. ദൽഹിക്കു മേൽ വീണ കരിനിഴൽ മൊത്തം ഇന്ത്യക്കു മേലാണെന്ന് വ്യക്തം. 

 

Latest News