ദല്‍ഹി സംഘര്‍ഷം; പോലിസ് ദേശീയഗാനം നിര്‍ബന്ധിച്ച് പാടിപ്പിച്ച് മര്‍ദ്ദിച്ച യുവാവ് മരിച്ചു


ദല്‍ഹി- കലാപത്തിനിടെ പരിക്കേറ്റ നിലത്ത് വീണുകിടക്കുന്നവരെ കൊണ്ട് പോലിസ് ദേശീയഗാനം നിര്‍ബന്ധിപ്പിച്ച് പാടിച്ചത് വിവാദമായിരുന്നു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റിരുന്ന ഈ അഞ്ച് പേരില്‍ ഒരാള്‍ മരിച്ചു. ദല്‍ഹിയിലെ കര്‍ദാംപുരി നിവാസി ഫൈസാന്‍  (23) ആണ് മരിച്ചത്. പരിക്കേറ്റ് ജിബിടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഫൈസാനാണ് മരിച്ചത്. ഫൈസാന്‍ അടക്കമുള്ളവരെ പരിക്കേറ്റ അവസ്ഥയിലും കസ്റ്റഡിയിലെടുത്ത് പോലിസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് കുടുംബം ആരോപിച്ചു.

ഇരുമ്പ് വടികള്‍ ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്.ഇതേതുടര്‍ന്ന് ഫൈസാന്റെ കാലുകള്‍ ഒടിഞ്ഞുപോയതായും മര്‍ദ്ദനമേറ്റ് ശരീരം മുഴുവന്‍ നീലിച്ചതായും ഫൈസാന്റെ മാതൃസഹോദരന്‍ പറഞ്ഞു. യുവാവിന്റെ തലയിലും ആന്തരിക അവയവങ്ങളിലും പരിക്കുകളുണ്ടായിരുന്നുവെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ഫൈസാന്‍ പൗരത്വവിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുത്തിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
 

Latest News