ജിസിസി പൗരന്മാർക്ക് മക്ക, മദീന സന്ദർശനത്തിന് താല്‍ക്കാലിക വിലക്ക്

റിയാദ്- കൊറോണ വൈറസ് തടയാന്‍ സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമായി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) പൗരന്മാർ മക്കയിലും മദീനയിലും പ്രവേശിക്കുന്നത് താല്‍ക്കാലികമായി തടഞ്ഞു.

വിദേശ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി  റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. ചില ജിസിസി രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ആരോഗ്യ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് നേരത്തെ എല്ലാ വിദേശ രാജ്യക്കാർക്കും ഏർപ്പെടുത്തിയ  ഉംറ വിലക്കിനുപുറമെ പുതിയ നടപടി കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. കുവൈത്ത്, ബഹ്റൈന്‍ രാജ്യങ്ങളില്‍ കൂടുതല്‍ കൊറോണ ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിലവില്‍ സൗദിയിലുള്ള ജി.സി.സി പൗരന്മാർക്ക് അവർ തുടർച്ചയായി 14 ദിവസം ഇവിടെ തന്നെയുള്ളവരാണെങ്കില്‍ കൊറോണ ലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ ഹജ് ഉംറ മന്ത്രാലയത്തിന്‍റെ വെബ് സൈറ്റ് വഴി അപേക്ഷിച്ച് ഉംറക്കും മദീന സിയാറത്തിനുമുള്ള അനുമതി തേടാം.

കൊറോണ വ്യാപനം സംബന്ധിച്ച കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമാണെങ്കില്‍ മുന്‍കരുതല്‍ നടപടികള്‍ പരിശോധിക്കുമെന്നും ആവശ്യമാണെങ്കില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Latest News